March 21, 2023 Tuesday

Related news

June 15, 2022
March 26, 2022
February 21, 2022
December 1, 2021
June 22, 2021
June 13, 2021
May 15, 2021
April 20, 2021
April 17, 2021
April 4, 2021

വേട്ടക്കാർ രചിക്കുന്ന തിരക്കഥകൾ

അബ്ദുൾ ഗഫൂർ
March 14, 2020 5:15 am

ഡൽഹി കലാപത്തെ കുറിച്ച് ലോക്‌സഭ കഴിഞ്ഞ ദിവസം ചർച്ച നടത്തി. ഈ വിഷയത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷാവശ്യത്തെ തുടർന്ന് രണ്ടാഴ്ചയോളമായി ഇരുസഭകളും പ്രക്ഷുബ്ധമായിരുന്നു. ആവശ്യത്തോട് ആദ്യം മുഖം തിരിഞ്ഞുനിന്ന ബിജെപി സർക്കാർ ഇരുസഭകളും മുന്നോട്ടുകൊണ്ടുപോകാനാകാത്ത വിധം പ്രതിഷേധം ശക്തമായപ്പോൾ ഹോളി കഴിഞ്ഞ് ചർച്ചയാവാമെന്ന നിലപാടിലേയ്ക്ക് മാറി. അങ്ങനെയാണ് ബുധനാഴ്ച ലോക്‌സഭയിൽ ചർച്ചയുണ്ടായത്. ചർച്ചയ്ക്കുള്ള മറുപടിയിൽ അമിത്ഷാ നടത്തിയൊരു പരാമർശം ശ്രദ്ധേയമാണ്. ഡൽഹി കലാപത്തിൽ മരിച്ചത് 52 ഇന്ത്യക്കാരാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. കലാപങ്ങളിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും മതം തിരിച്ചുള്ള കണക്കുകൾ പരിശോധിക്കരുതെന്ന മഹത്‌വചനവും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയിൽ നിന്നുണ്ടായി. 526 പേർക്കാണ് കലാപത്തിൽ പരിക്കേറ്റത്. 142 വീടുകൾ ചാമ്പലാക്കപ്പെട്ടു. കടകളുൾപ്പെടെ 371 സ്ഥാപനങ്ങൾ തകർക്കപ്പെടുകയോ തീയിടുകയോ ചെയ്തു. ആയുധ നിയമപ്രകാരം 40 ഉൾപ്പെടെ 700 കേസുകൾ ചാർജ്ജ് ചെയ്തിട്ടുണ്ട്. 2,647 പേരെയാണ് പ്രതി ചേർത്തിട്ടുള്ളതെന്നും അമിത്ഷാ പറയുകയുണ്ടായി. മുസ്‌ലിം പള്ളികൾ തകർക്കപ്പെട്ടതിനെ കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം അത്രമേൽ “ആവേശം” കൊള്ളിക്കുന്നതായിരുന്നു. ഒരു മതത്തിന്റെയും ഒരു ആരാധനാലയവും തകർക്കപ്പെടരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട് പറച്ചിൽ. 12 പള്ളികളും ഒരു ദർഗയുമാണ് തകർപ്പെട്ടതെന്ന അനൗദ്യോഗിക കണക്ക് പിന്നീട് പുറത്തുവന്നിട്ടുണ്ട്.

ബുധനാഴ്ച ലോക്‌സഭയിൽ നിറഞ്ഞാടിയ അമിത്ഷായുടെ ശരീരഭാഷ ശ്രദ്ധിച്ചവർക്കെല്ലാം വ്യക്തമാകുന്ന ഒരുകാര്യമുണ്ട്. വേട്ടക്കാർ രചിച്ച തിരക്കഥകൾക്കനുസരിച്ച് തന്നെയാണ് അമിത്ഷായുടെ അഭിനയമെന്നതിന്റെ തെളിവായിരുന്നു ആ ഭാവഹാവാദികളും വിശദീകരണങ്ങളും എന്നതാണത്. പൗരത്വത്തിൽ മതം തിരയുന്ന നയത്തിനെതിരായിട്ട് ആയിരുന്നു രാജ്യത്ത് ഡിസംബർ മാസം മുതൽ വൻ പ്രതിഷേധം നടന്നുവരുന്നത്. രാജ്യത്തിന്റെ എല്ലാ കോണുകളിലും പൗരത്വ നിയമത്തിന്റെ പേരിൽ മതം തിരയുന്നതിനെതിരായ പ്രതിഷേധം കത്തിപ്പടർന്നു. രണ്ടും മൂന്നും മാസമായി ആ പ്രതിഷേധങ്ങൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മത — ജാതി വ്യത്യാസമില്ലാതെ നടന്നുവരുന്നുണ്ട്. സമാധാനപരമായാണ് അവ മുന്നോട്ടുപോകുന്നത്. പല സമര സ്ഥലങ്ങളിലും സർക്കാർ സ്പോൺസേർഡ് ആയും സംഘപരിവാർ സംഘടനകളുടെ പ്രകോപനത്താലും സംഘർഷ ശ്രമങ്ങളുണ്ടായി. ജാമിയയിൽ നടന്ന സമരങ്ങളെ പൊലീസ് നേരിട്ടത് എങ്ങനെയായിരുന്നുവെന്ന് രാജ്യം ദൃശ്യമാധ്യമങ്ങളിലൂടെ നേർക്കുനേർ കണ്ടതാണ്. എങ്കിലും അവയൊന്നും കലാപത്തിലേയ്ക്ക് മാറാതിരുന്നത് സമരത്തിൽ പങ്കെടുത്തവരുടെ സംയമനത്തിന്റെ ഫലമായി തന്നെയായിരുന്നു. സമരക്കാരെ വെടിവച്ചുകൊല്ലണമെന്നും പാക് പിന്തുണയോടെയാണ് സമരമെന്നും ഭീകരരുടെ ഉൽപാദനകേന്ദ്രങ്ങളും പരിശീലന കേന്ദ്രങ്ങളുമാണ് ഷഹീൻബാഗിലുൾപ്പെടെ നടക്കുന്ന സമരകേന്ദ്രങ്ങളെന്നുമുള്ള പ്രകോപന പ്രസംഗങ്ങൾ കേന്ദ്ര മന്ത്രിമാരിൽ നിന്നുവരെ ഉണ്ടായി. ഇത്തരം പ്രസംഗങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് രണ്ടുമൂന്ന് തവണ സമരക്കാർക്കുനേരെ ഏകപക്ഷീയമായ വെടിവയ്പുകൾ സംഘപരിവാർ നടത്തി. പൊലീസുകാർ നോക്കിനില്ക്കേ ആയിരുന്നു ഇവയെല്ലാം നടന്നത്.

ആദ്യമത് സമരക്കാരുടെയും പിന്നീട് മറ്റു പാർട്ടിക്കാരുടെയും തലയിൽ കെട്ടി വയ്ക്കാൻ പൊലീസിന്റെ ഭാഗത്തുനിന്നുതന്നെ ശ്രമങ്ങളുമുണ്ടായി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ ഈ സമരങ്ങളെയെല്ലാം പ്രകോപനത്തിലൂടെ സംഘർഷ കേന്ദ്രങ്ങളാക്കുന്നതിനുള്ള ശ്രമങ്ങളുമുണ്ടായി. എന്നാൽ അതിലൊന്നും വശംവദരാകാതെ രാജ്യത്താകെയുള്ള സമരങ്ങൾ സമാധാനപരമായി തുടരുകയാണുണ്ടായത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം രുചിക്കേണ്ടിയും വന്നു. അത്തരം പഴങ്കഥകൾ ആവർത്തന വിരസമാണിപ്പോൾ. പെട്ടെന്ന് എന്നുതോന്നുന്ന വിധത്തിലായിരുന്നു ഫെബ്രുവരി 23 ന് ജാഫ്രാബാദിനടുത്ത് മൗജ്‌പൂരിൽ സമരക്കാർക്കുനേരെ സംഘപരിവാർ പ്രവർത്തകരുടെ ഭാഗത്തുനിന്ന് പ്രകോപനവും തുടർന്ന് അക്രമവുമുണ്ടായത്. അതിന് കാരണമായ ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രകോപന പ്രസംഗത്തിന്റെ ദൃശ്യങ്ങൾ രാജ്യം മുഴുവൻ കണ്ടതുമാണ്. അക്രമം കലാപത്തിലേക്ക് വളർന്നപ്പോഴും അതിനെ നേരിടാൻ തയ്യാറായില്ലെന്നു മാത്രമല്ല അക്രമികൾക്കൊപ്പം ചേരുന്ന ഡൽഹി പൊലീസിനെയും നാം ചാനലുകളിൽ നേരിട്ടുകണ്ടു. മൂന്ന് ദിവസം വടക്കു കിഴക്കൻ ഡൽഹി നിന്നു കത്തുകയായിരുന്നു. പൊലീസെവിടെ, പൊലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയെവിടെ, പ്രധാനമന്ത്രി മിണ്ടാത്തതെന്ത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ബധിര കർണ്ണങ്ങളിലാണ് പതിച്ചത്. മൂന്നുദിവസത്തിന് ശേഷം അക്രമികൾ അവരുടെ ലക്ഷ്യം പൂർത്തിയാക്കിയെന്ന സന്ദേശമെത്തിയതോടെ അമിത്ഷാ ഉന്നതതല യോഗം വിളിക്കുന്നു, പൊലീസെത്തുന്നു, സൈന്യമിറങ്ങുന്നു, അക്രമികൾ മാളങ്ങളിലേയ്ക്ക് തിരിച്ചുപോകുന്നു. സ്വിച്ചിട്ടതുപോലെ എല്ലാം അവസാനിക്കുന്നു.

അതിൽ നിന്നുതന്നെ സ്വബോധമുള്ളവരെല്ലാം ഈ കലാപം ആസൂത്രണം ചെയ്യപ്പെട്ടത് ഒരു കേന്ദ്രത്തിൽ നിന്നാണെന്ന വസ്തുത മനസിലാക്കുകയും ചെയ്തു. ഗുജറാത്തിലെ വംശഹത്യ ഡൽഹിയിൽ പരീക്ഷിക്കുകയായിരുന്നുവെന്ന ആത്യന്തിക നിഗമനത്തിൽ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും മാത്രമല്ല ലോകരാജ്യങ്ങൾ വരെ എത്തിച്ചേർന്നു. ഏതൊക്കെയോ കേന്ദ്രങ്ങളിൽ നിന്ന് തയ്യാറാക്കിയ തിരക്കഥകൾക്കനുസരിച്ചുള്ള ക്രൂരതകളുടെ ആദ്യ എപ്പിസോഡാണ് അവിടെ അവസാനിച്ചത്. രണ്ടാം എപ്പിസോഡിലെ നാടകങ്ങളുടെ ഒരു ഘട്ടമാണ് കഴിഞ്ഞ ദിവസം ലോക്‌സഭയിൽ നടന്ന അമിത്ഷായുടെ പ്രസംഗത്തിലൂടെ നാം കണ്ടത്. ഡൽഹി കലാപാനന്തരം രണ്ട് മലയാളം ചാനലുകൾക്കു രണ്ടു ദിവസത്തേയ്ക്ക് വിലക്കേർപ്പെടുത്തിയ സംഭവം തങ്ങളറിയാതെയാണെന്ന് നല്ലപിള്ള ചമഞ്ഞ് ഉടൻ പിൻവലിച്ചതും തിരക്കഥയിലെ മറ്റൊരു എപ്പിസോഡാണ്. ഇപ്പോൾ ഡൽഹിയിൽ നടക്കുന്നത് അധികമൊന്നും നാമാരും അറിയുന്നില്ല. അവിടെ മരിച്ചവരുടെ മതം ഔദ്യോഗികമായി നാം ഇതുവരെ അറിഞ്ഞിട്ടില്ല. ഗുരു തേജ് ബഹാദൂർ (ജിടിബി) ആശുപത്രിയിലെ രേഖകൾ വച്ച് ചില മാധ്യമങ്ങൾ മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ മഹാഭൂരിപക്ഷവും ഒരു സമുദായത്തിൽപ്പെട്ട പേരുകളായിരുന്നു. അതുകൊണ്ടുതന്നെയാണ് മരിച്ചവർ ഇന്ത്യക്കാരാണെന്ന മഹാമനസ്കത കേന്ദ്ര ആഭ്യന്തരമന്ത്രിയിൽ നിന്നുണ്ടായത്. സഭകളിൽ ചർച്ച നീട്ടിവച്ചതും അതിനുവേണ്ടിയായിരുന്നു. ചർച്ചകളിലൂടെ വസ്തുതകൾ രാജ്യമറിയരുതെന്ന ശാഠ്യം. 2,647 പേരെ പ്രതി ചേർത്തുവെന്നാണ് മന്ത്രി ലോക്‌സഭയിൽ പറഞ്ഞത്. അവരുടെ പേരോ മതമോ വ്യക്തമാക്കിയുള്ള വാർത്തകളൊന്നും തന്നെ പുറത്തുവരുന്നില്ല. ഇതിനിടയിൽ മറ്റുചില വാർത്തകൾ മാത്രം പുറത്തുവരുന്നുണ്ട്.

ഡൽഹി പൊലീസ് പുറത്തുവിടുന്ന ചില അറസ്റ്റുകളുടെ വാർത്തകൾ. കസ്റ്റഡി വാർത്തകളും. പത്തോളം അറസ്റ്റുവാർത്തകളുമാണ് പൊലീസ് പുറത്തുവിട്ടത്. അവയെല്ലാം കൂടുതൽ ഇരകളാക്കപ്പെട്ട സമുദായത്തിൽപ്പെടുന്നവർ പ്രതി ചേർക്കപ്പെട്ടവയാണെന്നതാണ് പ്രത്യേകത. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരക്കാർക്ക് ധനസഹായം നല്കിയവർ, പ്രസ്തുത സമരത്തെ കലാപത്തിലേയ്ക്ക് നയിക്കുന്ന വിധത്തിൽ പ്രകോപന പ്രസംഗവും സമൂഹമാധ്യമ പ്രചരണവും നടത്തിയവർ എന്നിങ്ങനെയുള്ള കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെട്ടവരുടെയെല്ലാം മതം തിരിച്ചറിയാൻ പാകത്തിൽ ഡൽഹി പൊലീസ് പേരുകൾ പുറത്തുവിടുന്നുണ്ട്. കസ്റ്റഡിയിലെടുത്തിരിക്കുന്നവരിലും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന 180 ഓളം പേരിലും ഭൂരിപക്ഷവും ഇരകളാക്കപ്പെട്ട വിഭാഗത്തിൽ നിന്നാണെന്ന് ഔദ്യോഗികമായല്ലെങ്കിലും പൊലീസ് സമ്മതിച്ചുവെന്ന കാര്യം ദി വയർ എന്ന ഓൺലൈൻ പോർട്ടൽ പുറത്തുവിട്ടിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ സംഘർഷത്തിലേയ്ക്ക് നയിക്കാൻ അതുമായി ബന്ധപ്പെട്ട ആരെങ്കിലും ശ്രമിച്ചുവെങ്കിൽ അവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നാൽ കലാപത്തിൽ മരിച്ചവരുടെ പേരുവിവരം പുറത്തുവിടുന്നില്ല. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുകൾ പുറത്തുവിടുമ്പോൾ അതിൽ ഒരു സമുദായത്തിൽപ്പെടുന്നവർ മാത്രം ഉൾക്കൊള്ളുന്നു. ഇതിന്റെ യുക്തി തിരയുമ്പോഴാണ് തിരക്കഥയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങളെന്ന് ബോധ്യപ്പെടുക. മലയാളത്തിലെ രണ്ടുചാനലുകളെ താൽക്കാലികമായി വിലക്കിയപ്പോൾ മറ്റു പല മാധ്യമങ്ങളും പകച്ചുപോകുകയോ ഭയക്കുകയോ ചെയ്തു. കൊറോണ കടന്നുവന്നതുകൊണ്ടെന്ന് ന്യായീകരണം പറയാനുണ്ടെങ്കിലും എല്ലാ മാധ്യമങ്ങളും അതുകൊണ്ടുതന്നെ ഡൽഹി കലാപത്തെ തമസ്കരിച്ചു.

അങ്ങനെ ഒരു വാർത്തയും പുറത്തുവരാതെ സംഘപരിവാറിനെയും ബിജെപിയെയും രക്ഷിക്കുന്നതിന് ഔദ്യോഗികമായി വഴിയൊരുക്കി. ഷഹീൻബാഗിൽ ആദ്യം വെടിവയ്പു നടത്തിയ കപിൽ ഗുജ്ജാർ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങി. അതിന് കാരണമായി കോടതി കണ്ടെത്തിയത് കേസെടുക്കുന്നതിന് ആറുമണിക്കൂറിലധികം സമയമെടുത്തുവെന്നതായിരുന്നു. പൊലീസ് ജാമ്യത്തെ എതിർത്തതുമില്ല. ഇനി ഡൽഹി കലാപത്തിന്റെ പേരിൽ പ്രതി ചേർക്കപ്പെടുന്ന സംഘപരിവാറുമായി ബന്ധപ്പെട്ടവർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കുകയും അധികനാൾ കഴിയാതെ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കുകയും ചെയ്യും. മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കുമെന്നതിന്റെ സൂചന മൗജ്പൂരിൽ തോക്കു ചൂണ്ടിയതിന് അറസ്റ്റ് ചെയ്യപ്പെട്ട മുഹമ്മദ് ഷാരൂഖിന്റെ അവസ്ഥ പരിശോധിച്ചാൽ ബോധ്യപ്പെടും. ഡൽഹിയിലെ കലാപ ബാധിത പ്രദേശങ്ങളിൽ നിന്ന് നിരപരാധികളായ പലരെയും ചോദ്യംചെയ്യാനെന്നും മറ്റു പറഞ്ഞാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആരെക്കുറിച്ചും ആഴ്ചകളായിട്ടും ഒരു വിവരവുമില്ല. എവിടെയാണെന്നോ എന്താണെന്നോ അറിയാത്തവരെ കുറിച്ചുള്ള 92 പരാതികളാണ് മാർച്ച് എട്ടിന് ശേഷമുള്ള നാലു ദിവസങ്ങളിൽ മാത്രം ലഭിച്ചിരിക്കുന്നത്. കരവൽ നഗർ, ദായൽപൂർ, ഗോകുൽപുരി എന്നീ മൂന്ന് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ഇത്രയും പരാതികൾ ലഭിച്ചു. പൊലീസ് കൊണ്ടുപോയ ബന്ധുവിനെത്തേടി യമുനാ വിഹാർ സ്റ്റേഷനലിതെതിയ അനീസ് എന്ന 48 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെക്കുറിച്ചും വിവരമില്ലാതെ അന്വേഷിച്ചു ചെന്നപ്പോഴാണ് അനീസിനെ ഏതോ കേസിൽ പ്രതിചേർത്തിരിക്കുന്നുവെന്ന് അറിയുന്നത്.

കലാപത്തിലൂടെ മാത്രമല്ല കലാപാനന്തരവും വംശവേട്ടയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് വ്യക്തം. കേസ് അന്വേഷിക്കാനേൽപ്പിച്ച ഉദ്യോഗസ്ഥരും സംഘപരിവാറിന്റെ കുഴലൂത്തുകാരായതിന്റെ പേരിൽ കുപ്രസിദ്ധരാണ്. ഡിസിപി രാജേഷ് ദിയോയാണ് ഒരു സംഘത്തിന്റെ തലവൻ. ജോയ് ടിർക്കേ മറ്റൊരു സംഘത്തിന്റെ മേധാവിയും. ഡൽഹി തെരഞ്ഞെടുപ്പ് വേളയിൽ ബിജെപിക്കുവേണ്ടി പരസ്യമായി നിലപാടെടുത്തതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ചുമതലകളിൽ നിന്ന് നീക്കിയ ഉദ്യോഗസ്ഥനാണ് രാജേഷ് ദിയോ. ഷഹീൻബാഗിൽ വെടിവയ്പ് നടത്തിയ കപിൽഗുജ്ജാർ എഎപി ക്കാരനാണെന്ന് തെരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയ പ്രസ്താവന നടത്തിയതുൾപ്പെടെ ബിജെപി അനുകൂല വിവാദ നായകനാണ് ദിയോ. വിരമിക്കുന്നതിന്റെ തൊട്ടു മുമ്പ് അയോധ്യ കേസിലുൾപ്പെടെ നടത്തിയ വിധിയിലൂടെ സംശയനിഴലിലായ വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരായ ലൈംഗിക വിവാദം അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു ടിർക്കേ. ഇദ്ദേഹത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെയും രഹസ്യമായി നടന്ന ചില ഒത്തുതീർപ്പുകളുടെയും ഫലമായിട്ടായിരുന്നു ഗോഗോയിക്കെതിരായ കേസ് ഇല്ലാതാവുന്നത്. വിധേയത്വംകൊണ്ട് കുപ്രസിദ്ധരാണ് ഇരുവരുമെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെയാണ് എഴുതിത്തയ്യറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ തന്നെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. സമൂഹമാധ്യമങ്ങളിലെ പ്രകോപനപരമായ പ്രചരണങ്ങളുടെ പേരിൽ ഒരു പ്രത്യേകസമുദായത്തിൽപ്പെട്ട കാൽഡസനോളം പേർ ഇതിനകം തന്നെ അറസ്റ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു.

എന്നാൽ ലോകം കേട്ട അത്യന്തം പ്രകോപനപരവും ഹീനവുമായ പ്രസംഗങ്ങൾ നടത്തിയ കപിൽ മിശ്രയുൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തില്ലെന്നു മാത്രമല്ല അവരെ‍ രക്ഷിക്കാനുള്ള തീവ്രയത്നം നടത്തുകയാണ് ഡൽഹി പൊലീസ്. കേസെടുക്കണമെന്ന ഹർജി ഹൈക്കോടതി പരിഗണിക്കുന്നത് പോലും പൊലീസ് എതിർത്തു. അതേ പൊലീസിന് വേണ്ടി ഹാജരായ സൊളിസിറ്റർ ജനറൽ, ഹർജിക്കാരിലൊരാളായ ഹർഷ് മന്ദറിന്റെ പ്രകോപനപ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന വിചിത്രമായ ആവശ്യം ഉന്നയിക്കുകയും ചെയ്തു. കപിൽ മിശ്രയുടെ പ്രസംഗവുമായി താരതമ്യം ചെയ്യാൻ പോലും പാടില്ലാത്തതായിരുന്നു ഹർഷ് മന്ദറിന്റെ പ്രസംഗം. പിന്നീട് സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് കേസ് പരിഗണിച്ചപ്പോഴാകട്ടെ റിപ്പോർട്ട് നല്കുന്നതിന് സമയമാവശ്യപ്പെട്ട് വീണ്ടും നീട്ടിവയ്പിച്ചു. അങ്ങനെ തികച്ചും പക്ഷപാതപരവും ഏകപക്ഷീയവും മതം തിരഞ്ഞുമുള്ള നടപടികളാണ് ഡൽഹി പൊലീസിൽ നിന്നും അധികാരികളിൽ നിന്നുമുണ്ടാകുന്നത്. എന്നിട്ടും പൊലീസ് നിഷ്പക്ഷമാണെന്ന് അമിത്ഷാ പറയുമ്പോൾ തൊലിക്കട്ടി പരിശോധിക്കണമെന്നായിരിക്കും സാധാരണക്കാരുടെ മനസിലുണ്ടാകുന്ന അഭിപ്രായം. ഉത്തർപ്രദേശിൽ നിന്നെത്തിയവരാണ് കലാപത്തിന് പിന്നിലെന്ന് അമിത്ഷാ ലോക്‌സഭയിൽ സമ്മതിക്കുകയുണ്ടായി. അതിൽ ഏത് കൂട്ടരാണ് കൂടുതലെന്ന് പറയാൻ അമിത് ഷാ തയ്യാറായില്ല. എന്നാൽ ആ പേരു പറഞ്ഞ് പൗരത്വ ഭേദഗതിക്കെതിരായ സമരത്തെ തകർക്കുന്നതിനുള്ള ശ്രമങ്ങൾ യുപിയിലെ ബിജെപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ പൊലീസ് ആരംഭിച്ചിരിക്കുകയാണിപ്പോൾ. സമരം നടത്തുന്ന സ്ത്രീകളുടെ വീടുകളിലെ പുരുഷന്മാരെ ഡൽഹി കലാപക്കേസുകളിൽ പെടുത്തുന്നതിനാണ് പൊലീസ് നീക്കം തുടങ്ങിയിരിക്കുന്നത്. ഇതും പ്രത്യേക മതത്തിനെതിരാകുമെന്നതിൽ സംശയത്തിന് വകയില്ല. ഈയൊരു നടപടിയിലൂടെ ഇപ്പോൾ നടക്കുന്ന പല സമരങ്ങളെയും ഇല്ലാതാക്കാൻ കഴിഞ്ഞേക്കുമെന്നാണ് അവർ കരുതുന്നത്. ഗുജറാത്ത് വംശഹത്യ ഡൽഹിയിൽ പരീക്ഷിച്ചതിലൂടെ ഇങ്ങനെ പല നേട്ടങ്ങളാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. വളരെ കൃത്യമായി വിവിധ എപ്പിസോഡുകളുള്ള തിരക്കഥകളാണ് അതിനായി രചിക്കപ്പെട്ടത്. അതിനനുസൃതമായിതന്നെ കാര്യങ്ങൾ മുന്നോട്ടുപോകുകയും ചെയ്യുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.