ഗാന്ധിസ്മൃതിയില്‍ കളിമണ്‍ശില്പങ്ങളുമായി രാമചന്ദ്രന്‍റെ ശില്‍പപ്രദര്‍ശനം തുടരുന്നു

Web Desk
Posted on October 15, 2019, 8:25 pm

കൊച്ചി: ബാല്യത്തിലെപ്പോഴോ കൈവെള്ളയിൽ വന്ന കളിമണ്ണ് കുഞ്ഞുമനസിൽ ഉണ്ടാക്കിയ ചലന ങ്ങൾ ഭാവിയിൽ ലോകമെങ്ങും അറിയുന്ന ഒരു കലാകാരന്റെ തുടക്കമായിരുന്നു .അമ്മയ്ക്ക് മൺകലം വിൽക്കാൻ എത്തിയ സ്ത്രീയാണ് കുഞ്ഞുരാമചന്ദ്രന് കളിമണ്ണ് നല്കിയ.ത്
കൈവള്ളയിലിട്ട് കളിമണ്ണ് കുഴയ്ക്കുമ്പോള്‍ ആദ്യമൊക്കെ നീളം വയ്ക്കുക മാത്രമാണ് ചെയ്തതെന്ന് രാമചന്ദ്രന്‍ പറഞ്ഞു. പിന്നീട് അതിന്‍റെ മുകള്‍ഭാഗം പരത്തിയെടുത്തു. അപ്പോഴത് മനുഷ്യമുഖം പോലെയായി. നിലത്തു കിടന്ന മഞ്ചാടിക്കുരുക്കള്‍ പെറുക്കിയെടുത്ത് കണ്ണുകളാക്കി. വര്‍ഷങ്ങള്‍ക്കിപ്പുറം ഗാന്ധിജിയുടെ ശില്‍പ്പമുണ്ടാക്കിയപ്പോഴും തന്‍റെ മനസില്‍ പഴയ കളിമണ്‍ രൂപമായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

ഒക്ടോബര്‍ അഞ്ചിന് തുടങ്ങി 27 ദിവസം നീണ്ടു നില്‍ക്കുന്ന രാമചന്ദ്രന്‍റെ കലാപ്രദര്‍ശനം കേരളത്തില്‍ രണ്ടാം തവണയാണ് നടക്കുന്നത്. 84 കാരനായ അദ്ദേഹം 2016ല്‍ തീര്‍ത്ത ഗാന്ധിജിയുടെ ലോഹപ്രതിമയാണ് ബാല്യകാല സ്മൃതികളിലേക്ക് കൊണ്ടുപോയത്.

കേരള ലളിതകലാ അക്കാദമി, ഡല്‍ഹിയിലെ വധേര ആര്‍ട്ട് ഗാലറി എന്നിവയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം നടക്കുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി താമരക്കുളം വിഷയമാക്കിയുള്ള രാമചന്ദ്രന്‍റെ സൃഷ്ടികളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം മഹാത്മാഗാന്ധിയുടെ ഏഴടി ഉയരമുള്ള പ്രതിമയും പ്രദര്‍ശനത്തിനുണ്ട്.

മഹാത്മാ ആന്‍ഡ് ദി ലോട്ടസ് പോണ്ട്, എന്നാണ് അദ്ദേഹത്തിന്‍റെ പ്രദര്‍ശനത്തിന് നല്‍കിയിരിക്കുന്ന പേരുതന്നെ. കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം വരച്ച 91 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ആര്‍ ശിവകുമാര്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്ന ഈ പ്രദര്‍ശനത്തില്‍ രണ്ടെണ്ണം ശില്പങ്ങളും ബാക്കി ചിത്രങ്ങളുമാണ്.

ഗാന്ധിജിയുടെ സന്ദേശത്തെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ പ്രതിമയിലൂടെ രാമചന്ദ്രന് സാധിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം. തോളിന് താഴേക്ക് സിലിണ്ടര്‍ ആകൃതിയാണ്. ഗാന്ധിജിയുടെ ആത്മാര്‍ത്ഥതയുടെ പ്രതീകമാണ് പ്രതിമയുടെ മിനുസം. നെഞ്ചിന്‍റെ പുറകിലാണ് വെടിയുണ്ടയുടെ തുള നല്‍കിയിരിക്കുന്നത്. അതില്‍ ഹേ റാം എന്ന് ഹിന്ദിയില്‍ എഴുതിയിരിക്കുന്നു. കൂടാതെ ഗാന്ധിജിയെക്കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞ വാക്കുകളും ആലേഖനം ചെയ്തിരിക്കുന്നു. ഇങ്ങനെയൊരു മനുഷ്യന്‍ രക്തവും മാംസവുമായി ഭൂമിയില്‍ ജീവിച്ചിരുന്നുവെന്ന് അടുത്ത തലമുറയില്‍ ആരും വിശ്വസിച്ചേക്കില്ല എന്നായിരുന്നു ഐന്‍സ്റ്റീന്‍റെ പ്രസ്താവന.

ഗാന്ധിജി നമുക്കെല്ലാം പിതൃതുല്യനാണെന്നാണ് രാമചന്ദ്രന്‍റെ പക്ഷം. ഇന്ന് അദ്ദേഹത്തെ എല്ലാവരും രാഷ്ട്രീയ കരുവായി മാത്രം കാണുന്നു. എന്ത് ആദര്‍ശത്തിനു വേണ്ടിയാണോ അദ്ദേഹം നിലകൊണ്ടത് അതില്ലാതായി കൊണ്ടിരിക്കുന്നുവെന്നും രാമചന്ദ്രന്‍ പറഞ്ഞു. കൊല്‍ക്കത്തയിലെ പഠനകാലത്ത് വിഭജനത്തിന്‍റെ ദുരിതം പേറിയ നിരവധി ജീവിതങ്ങള്‍ കണ്ട അനുഭവവും രാമചന്ദ്രന്‍റെ കലാസൃഷ്ടികളിലുണ്ട്.
ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടത്തു ഈ പ്രദര്‍ശനത്തില്‍ എട്ട്‌ എണ്ണച്ചായ ചിത്രങ്ങള്‍, 56 ജലച്ചായ ചിത്രങ്ങള്‍, 25 രേഖാചിത്രങ്ങള്‍ ഗാന്ധിജിയുടെയും താമരയുടെയും രണ്ട് ശില്പങ്ങള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ഒക്ടോബര്‍ അഞ്ചിന് മുന്‍ മന്ത്രിയായ എം എ ബേബിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

ദണ്ഡി മാര്‍ച്ചിനെ സൂചിപ്പിക്കുന്ന സൃഷ്ടി മികവുകൊണ്ടും പ്രമേയം കൊണ്ടും കാലിക പ്രസക്തമാകുന്നുണ്ട്. രാമചന്ദ്രന്‍ ഗാന്ധിജിയെ ഏറെ ലളിതമായാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ക്യൂറേറ്റര്‍ പ്രൊഫ. ശിവകുമാര്‍ പറഞ്ഞു. വളരെ ശാന്തനായ വ്യക്തിയായാണ് അദ്ദേഹത്തെ സൃഷ്ടിച്ചിരിക്കുന്നത്. ഉപ്പ് നിര്‍മ്മിക്കുന്ന ഗാന്ധിജിയെ അനുകരിക്കാന്‍ ശ്രമിക്കുന്ന ജനങ്ങളെയും മനോഹരമായി സൃഷ്ടിച്ചിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാധാനമാഗ്രഹിക്കുന്ന ലോകത്തിന് അനുസൃതമായ രീതിയിലാണ് ഗാന്ധിജിയുടെ പ്രതിമ അദ്ദേഹം മെനഞ്ഞെടുത്തതെന്ന് ശിവകുമാര്‍ പറഞ്ഞു. രാമചന്ദ്രന്‍ 1999 ല്‍ വരച്ച ചിത്രവും അദ്ദേഹത്തിന്‍റെ പഠന കാലത്ത് കണ്ട ചുവര്‍ച്ചിത്രവും ഈ പ്രതിമാനിര്‍മ്മാണത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ശിവകുമാര്‍ നിരീക്ഷിച്ചു.

ഏഴടി ഉയരമുള്ള ഗാന്ധിജിയുടെ പ്രതിമയുടെ ഘടന തന്നെ നേരിട്ട് ജനങ്ങളെ നോക്കിക്കാണുന്നതാണെന്ന് ശിവകുമാര്‍ പറഞ്ഞു. ഗാന്ധിജി എന്നും ജനങ്ങളോട് ഇടപഴകി ജീവിച്ച വ്യക്തിയാണ്. നെഞ്ചിന്‍റെ ഭാഗം പടച്ചട്ട പോലെ തോന്നാം. ഭൂമിയില്‍ നിന്ന് മുളച്ചു വന്ന പ്രതീതിയും ഇത് ജനിപ്പിക്കുന്നു. കൂപ്പു കൈയോടെ ജനങ്ങളെ സ്വീകരിക്കുന്ന ഗാന്ധിജിയായും ഈ സൃഷ്ടി മനസിലേക്ക് കടന്നു വരുമെന്ന് ശിവകുമാര്‍ പറഞ്ഞു.

കേരളത്തില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷമാണ് രാമചന്ദ്രന്‍ ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ കലാധ്യായനത്തിനായി പോയത്. സമകാലീന കലാരംഗത്ത് നടത്തിയ സംഭാവനകളെ മാനിച്ച് രാജ്യം പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയില്‍ അധ്യാപകനായിരുന്നു  രാമചന്ദ്രന്‍.