Web Desk

കോഴിക്കോട്

July 04, 2021, 7:23 pm

സിമന്റിൽ വിരിയുന്ന ശിൽപ്പങ്ങൾ; അഖിലേന്ത്യാ പുരസ്ക്കാരത്തിളക്കത്തില്‍ ഷാജി പൊയിൽക്കാവ്

Janayugom Online

കരിങ്കല്ലിലും ലോഹത്തിലും തീർത്ത ശിൽപ്പങ്ങളെ വെല്ലുന്നതാണ് ഷാജി പൊയിൽക്കാവ് സിമന്റിൽ ഒരുക്കുന്ന ശിൽപ്പങ്ങൾ. ഇരുപത്തഞ്ച് വർഷമായി ഈ രംഗത്തുള്ള ഷാജി സിമന്റും പൂഴിയും മാധ്യമമാക്കിക്കൊണ്ട് ഇതിനകം ആയിരത്തിലേറെ ശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കേരളീയ ശിൽപ്പ നിർമ്മാണ ശൈലിയും കർണ്ണാടകയിലെ ഒയ്സാലാ ശിൽപ്പ രീതിയും സമന്വയിപ്പിച്ചുകൊണ്ടാണ് ഷാജിയുടെ ശിൽപ്പ നിർമ്മാണം. വിസ്മയിപ്പിക്കുന്ന ശിൽപ്പങ്ങൾ ഒരുക്കുന്ന ഷാജി പൊയിൽക്കാവിനെത്തേടി ഉത്തർപ്രദേശിലെ സ്വദേശ് സൻസ്ഥാൻ ഇന്ത്യയുടെ ഈ വർഷത്തെ ഡയമണ്ട് ഓഫ് ഇന്ത്യ അവാർഡും എത്തിയിരിക്കുകയാണ്. ആയിരത്തിലധികം കലാകാരന്മാർക്കിടയിൽ നിന്നും ഒരു മാസത്തോളം നീണ്ടു നിന്ന തെരഞ്ഞെടുപ്പുകൾക്കൊടുവിലാണ് ഉത്തർപ്രദേശിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടിന്റെ ഡയറക്ടർ എസ് ബി സാഗർ പ്രജാപതി അവാർഡ് പ്രഖ്യാപിച്ചത്. 

നേരത്തെ പരസ്യകല രംഗത്ത് പ്രവർത്തിച്ചിരുന്ന ഷാജി പിന്നീട് ശിൽപ്പ നിർമ്മാണത്തിലേക്ക് തിരിയുകയായിരുന്നു. ക്ഷേത്രങ്ങൾ, റിസോർട്ടുകൾ, വീടുകൾ എന്നിവയ്ക്കെല്ലാം ശിൽപ്പങ്ങളൊരുക്കുന്ന ഷാജിയുടെ കലാവൈഭവം കേരളത്തിന് പുറമെ കർണ്ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ആളുകളെ ആകർഷിക്കുന്നു. ലോകത്തെ ഏറ്റവും വലിയ പക്ഷിശിൽപ്പമായ കൊല്ലത്തെ ജഡായുവിന്റെ നിർമ്മാണത്തിൽ രാജീവ് അഞ്ചലിന്റെ പ്രധാന സഹായിയും ഷാജിയായിരുന്നു. 

ശിൽപ്പ മാതൃക കടലാസിൽ പൂർത്തിയാക്കിയാണ് സിമന്റിൽ ചെയ്യുക. സിമന്റിനെ ആരും ശരിയായി ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന തിരിച്ചറിവിലാണ് ഈ രംഗത്തേക്ക് തിരിഞ്ഞതെന്ന് ഷാജി പറയുന്നു. നിർമ്മാണത്തിനുള്ള സിമന്റ് കൂട്ട് ഷാജി സ്വന്തമായാണ് തയ്യാറാക്കുന്നത്. സിമന്റിന് പുറമെ ഫൈബറിലും ഷാജി ശിൽപ്പങ്ങൾ ഒരുക്കുന്നുണ്ട്. ഭാരക്കുറവുള്ളതിനാൽ മാറ്റി സ്ഥാപിക്കാം എന്നതാണ് ഇത്തരം ശിൽപ്പങ്ങളുടെ പ്രത്യേകത. ആൽത്തറകൾ ഒരുക്കിയും ഷാജി ശ്രദ്ധനേടിയിട്ടുണ്ട്. നാട്ടിൽ പൊയിൽക്കാവ് ടൗണിലെ അരയാൽത്തറയും ഇരിട്ടിയിലെ മുണ്ടായംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ വലിയ ആൽത്തറയും ഷാജിയുടെ കരവിരുതിൽ ഒരുങ്ങിയതാണ്. അദ്ദേഹം ഒരുക്കിയ കൂറ്റൻ പായ്ക്കപ്പലുകളും ഉരുക്കളുടെയും രൂപങ്ങളും ഏറെ പ്രശംസ നേടിയിട്ടുണ്ട്.

ENGLISH SUMMARY:Sculptures carved in cement; Sha­ji Poy­ilka­vu won the All India Awards
You may also like this video