സുരേഷ് എടപ്പാൾ
ചെറുതാണ് സുന്ദരമെന്ന സൗന്ദര്യവീക്ഷണത്തിലൂടെ സൂക്ഷ്മതായമ്പകയൊരുക്കി പ്രശസ്ത വാദ്യകലാകാരൻ ശുകപുരം രാധാകൃഷ്ണൻ തീർക്കുന്ന മേളപ്പെരുക്കം വിസ്മയമാകുന്നു. ഒന്നര മണിക്കൂറോളം നീളുന്ന തായമ്പകയെ അതിന്റെ മുറുക്കം ഒട്ടും നഷ്ടപ്പെടാതെ അഞ്ച് മിനിറ്റിലേക്ക് ഒതുക്കി അവതരിപ്പിക്കയാണ് ശുകപുരം ഗ്രാമത്തിന്റെ വാദ്യകുലപതി. കോവിഡ് പടർത്തിയ ഭീതിയിൽ ചെണ്ടയും അനുബന്ധ ഉപകരണങ്ങളും നിശബ്ദമായതോടെയാണ് രാധാകൃഷ്ണൻ പുതിയ പരീക്ഷണത്തിനൊരുങ്ങിയത്. വിശദമായ പഠനത്തിലൂടെ ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ തായമ്പകയെ കുറുക്കിയെടുക്കുകയായിരുന്നു.
അസാമാന്യമായ എഡിറ്റിംഗിലൂടെ തായമ്പകയെ കൂടുതൽ ജനകീയമാക്കുകയെന്ന ദൗത്യമാണ് നിർവഹിക്കപ്പെട്ടിട്ടുള്ളത്. പഴമയുടെ തനിമയും ശുദ്ധിയും ഒട്ടും നഷ്ടപ്പെടാതെ തായമ്പകയെ കാലികമായി ആഖ്യാനിക്കാൻ ശുകപരം രാധാകൃഷ്ണൻ വിജയിച്ചിട്ടുണ്ടെന്നാണ് വാദ്യകലാ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നും തായമ്പക രംഗത്ത് സ്വന്തമായ ശൈലി തുടരുന്ന രാധാകൃഷ്ണൻ തായമ്പകയുടെ കുലീന ശൈലി, കൊട്ടിലെ ഘന ശബ്ദം എന്നിവ കൈവിടാതെ ചിട്ടപ്പെടുത്തിയതാണ് ‘സൂക്ഷ്മതായമ്പക’. വ്യത്യസ്ത ആസ്വാദന ശീലമുള്ളവരെ പോലും തൃപ്തിപ്പെടുത്താനുള്ള ശുകപുരത്തിന്റെ അപാരമായ മാസ്മരിക സ്പർശം ഇതിലുണ്ട്. എണ്‍പതുകളുടെ മധ്യത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലൂടെ കേട്ട ചില തായമ്പകളെ ഓർമ്മിപ്പിക്കുന്ന ഭാഷയാണ് സൂക്ഷ്മതായമ്പകയിലേതെന്ന് ഡോ. എൻ പി വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ഒരു പാദം പാരമ്പര്യത്തിലും ഒരു പാദം ആധുനികതയിലും നിന്നു കൊട്ടാൻ ശുകപുരം രാധാകൃഷ്ണൻ നടത്തിയ പരിശ്രമം വാദ്യകലാരംഗത്തെ ധീരമായ പരീക്ഷണമായി വേണം മനസിലാക്കേണ്ടതെന്നും വിജയകൃഷ്ണന് പറയുന്നു. ചരിത്രരേഖപ്പെടുത്തലായ ‘സൂക്ഷ്മതായമ്പക’ അവതരണത്തിൽ രാധാകൃഷ്ണനോടൊപ്പം കോങ്ങാട് മോഹനൻ, ഇടന്തല സൗമ്യേഷ് മേനോൻ, വലന്തല ആദിത്യകൃഷ്ണൻ, ഇലത്താളം അർജ്ജുൻ കുളങ്ങര എന്നിവർ അകമ്പടിയായിഭംഗിയായി കൈകാര്യം ചെയ്തു. അഞ്ച് മിനിറ്റും ഒരു സെക്കന്റും ദൈർഘ്യമുള്ള ഈ തായമ്പക സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
റിട്ട. കൃഷി ഓഫീസറായ ശുകപുരം രാധാകൃഷ്ണന് വാദ്യകേസരി, തായമ്പക ശ്രീ, ദേവീപ്രസാദം, സുവർണമുദ്ര തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി ശിഷ്യരുള്ള രാധാകൃഷ്ണൻ തന്റെ സൂക്ഷ്മ തായമ്പകയെ സഗൗരവം ചർച്ചചെയ്യുമെന്ന പ്രതീക്ഷയിലാണ്.
English summary; sdhukapuram radhakrishnan latest project
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.