19 November 2025, Wednesday

കടൽ ഖനനം; തിരദേശ മേഖല ആശങ്കയിൽ

ബേബി ആലുവ
കൊച്ചി
August 7, 2023 9:50 pm

തീരദേശ കരിമണൽ ഖനനം കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കാനുള്ള കേന്ദ്ര നീക്കം കടലോര മേഖലയെയാകെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. ലോക് സഭയിൽ ചുളുവിൽ പാസാക്കിയെടുത്ത ഖനന നിയമ ഭേദഗതി ബിൽ രാജ്യസഭ കൂടി കടന്നാൽ പ്രാബല്യത്തിലാകും.

ദേശരക്ഷയ്ക്ക് വൻ ഭീഷണി എന്നതിനൊപ്പം, തീരദേശവാസികളെയും മത്സ്യത്തൊഴിലാളികളെയുമാണ് നിയമം കൂടുതൽ ദോഷകരമായി ബാധിക്കുന്നത്. മീൻ പിടിത്തത്തിന് നിരോധനം വരുകയും മത്സ്യത്തൊഴിലാളികൾക്ക് തൊഴിലിടങ്ങൾ ഇല്ലാതാവുകയും ചെയ്യും. തീരശോഷണത്തിനും സമുദ്രമലിനീകരണത്തിനും മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാവുകയും ചെയ്യും. കേരളത്തിന്റെ 600 കിലോമീറ്ററോളം ദൈർഘ്യമുള്ള തീരദേശത്ത് കടലിനെ ആശ്രയിച്ചു കഴിയുന്ന വൻ ജനസമൂഹമുണ്ട്. രാജ്യത്ത് കൂടുതൽ തീരശോഷണമുണ്ടാകുന്ന സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്താണെന്ന് ചെന്നൈയിലെ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻസിസിആർ) ഈയിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

കേരള തീരത്തെ പ്ലേസർ മിനറൽ എന്നറിയപ്പെടുന്ന കരിമണലിൽ ഇൽമനൈറ്റ്, മോണോസൈറ്റ്, റൂട്ടൈൽ, സിർക്കോൺ തുടങ്ങിയ അപൂർവയിനം ധാതുക്കളും പുറങ്കടലിൽ 745 ദശലക്ഷം ടൺ കടൽ മണലുമുണ്ടെന്ന് കേന്ദ്രം നിയമിച്ച സമിതിയുടെ കണ്ടെത്തലുണ്ട്. കരിമണൽ ഖനനം പൊതുമേഖലയിൽ നിലനിർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ നയവും ഭേദഗതിയിലുള്ള എതിർപ്പും തള്ളിയാണ് ബില്ല് കേന്ദ്രം ലോക് സഭയിലെത്തിച്ചത്.
തീരത്തു നിന്ന് 22 കിലോ മീറ്റർ ദൂരം വരെയുളള കടലിന്റെ അധികാരം അതത് സംസ്ഥാനങ്ങൾക്കാണ്. എന്നാൽ, ആ മേഖലയെയും ഖനന പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ഭേദഗതി. നിയമം പ്രാബല്യത്തിലാകുന്നതോടെ, കടലിനെ ബ്ലോക്കുകൾ തിരിച്ച് വില്ക്കാൻ വഴി തെളിയും. ഒരു ബ്ലോക്കിന്റെ വിസ്തൃതി പരമാവധി 51 ചതുരശ്ര കിലോ മീറ്ററാണ്. ബ്ലോക്കുകൾ ലേലത്തിൽ വാങ്ങുന്ന കോർപ്പറേറ്റ് ഭീമന്മാർക്ക് 50 വർഷം വരെ ഖനനത്തിന് അനുമതിയുണ്ടാവും. ഒരാൾക്ക് 45 ബ്ലോക്കുകൾ വരെ സ്വന്തമാക്കാം.

കേരളത്തിൽ, സംസ്ഥാന സർക്കാരിന് പുറമെ കരിമണൽ ഖനനത്തിന് അധികാരമുള്ള ഐആർ ഇ, കെഎംഎംഎൽ, ടിടിപി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനിൽപ്പ് നിയമത്തോടെ അപകടത്തിലാവും എന്ന ഗുരുതരമായ സ്ഥിതിയുമുണ്ട്. രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് വലിയ ഭീഷണിയുയർത്തുന്നതാണ് കേന്ദ്രനീക്കമെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു. ആണവായുധങ്ങൾ നിർമിക്കാൻ ഉപയോഗിക്കാവുന്ന ധാതുക്കൾ ആർക്കും വില്ക്കാൻ കോർപ്പറേറ്റുകൾക്ക് യാതൊരു തടസവുമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry; Sea min­ing; The for­eign sec­tor is worried

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.