ചെമ്മീന്‍, അലങ്കാര മത്സ്യം എന്നിവയക്കായി ലൈവ് ഫീഡ് വികസിപ്പിച്ച് ആര്‍ജിസിഎ

Web Desk
Posted on September 16, 2019, 7:17 pm

കൊച്ചി: ചെമ്മീന്‍, അലങ്കാര മത്സ്യക്കൃഷി എന്നിവക്കായി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയ്ക്ക്(എം.പി.ഇ.ഡി.എ) കീഴിലുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍(ആര്‍.ജി.സി.എ) തദ്ദേശീയമായി ജീവനുള്ള തീറ്റ (ലൈവ് ഫീഡ്) വികസിപ്പിച്ചെടുത്തു.
ആര്‍ട്ടീമിയ എന്ന പൊതുവിഭാഗത്തില്‍ പെടുന്ന ഈ തീറ്റ ‘പേള്‍’ എന്ന ബ്രാന്‍ഡിലാണ് വില്‍ക്കുന്നത്. മത്സ്യകൃഷിയ്ക്ക് ഊര്‍ജ്ജം പകരുമെന്നു മാത്രമല്ല, ഈ മേഖലയില്‍ ചൈന, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കേണ്ടെന്ന മെച്ചം കൂടി ഇതിലൂടെ കൈവരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് പേള്‍ വികസിപ്പിച്ചെടുത്തത്.

എം.പി.ഇ.ഡി.എ ഹൈദരാബാദില്‍ നടത്തിയ ‘അക്വഅക്വേറിയ ഇന്ത്യ 2019’ ഷോയില്‍ വച്ച് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു ഇത് ഔപചാരികമായി പുറത്തിറക്കി.

നിലവില്‍ 300 ടണ്‍ ആര്‍ട്ടീമിയയാണ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതെന്ന് എം.പി.ഇ.ഡി.എ ചെയര്‍മാന്‍ ശ്രീ കെ എസ് ശ്രീനിവാസ് പറഞ്ഞു. വര്‍ഷത്തില്‍ 300 കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്. ഷ്രിംപ് ഹാച്ചറിയിലെ ഏറ്റവും പ്രധാനമായ തീറ്റയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഗാഢമായ ഉപ്പുവെള്ളത്തില്‍ മാത്രമേ ആര്‍ട്ടീമിയ കാണപ്പെടുകയുള്ളൂ. രാജ്യത്തെ വര്‍ധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്താല്‍ മഹാരാഷ്ട്ര, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലേക്ക് ഇതിന്റ ഉത്പാദനം വ്യാപിപ്പിക്കാനാകുമെന്നും കെ.എസ് ശ്രീനിവാസ് പറഞ്ഞു.

2024 ആകുമ്പോഴേക്കും രാജ്യത്തു നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി 7 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍മൂല്യത്തില്‍ നിന്നും 15 ബില്യണ്‍ ആക്കാനാണ് ലക്ഷ്യമിടുന്നത്. വൈവിദ്ധ്യമാര്‍ന്ന പുതിയ മത്സ്യഇനങ്ങള്‍, മത്സ്യകൃഷി വ്യാപനം തുടങ്ങിയ മാര്‍ഗങ്ങള്‍ക്കൊപ്പം തദ്ദേശീയമായി വികസിപ്പിച്ച പേള്‍ ആര്‍ട്ടീമിയ വലിയ ചുവടുവയ്പാണെന്ന് കെ എസ് ശ്രീനിവാസ് പറഞ്ഞു.

രാജ്യത്തെ മത്സ്യകൃഷി ചരിത്രത്തിലെ സുപ്രധാന ഏടാണ് തദ്ദേശീയമായി ആര്‍ട്ടീമിയ വികസിപ്പിച്ചെടുത്തതെന്ന് എം.പി.ഇ.ഡി.എആര്‍.ജി.സി.എ പ്രൊജക്ട് ഡയറക്ടര്‍ ഡോ. എസ് കന്ദന്‍ പറഞ്ഞു. ആര്‍ട്ടീമിയ സര്‍ട്ടിഫൈ ചെയ്യുന്ന ബെല്‍ജിയത്തിലെ കെന്റ് സര്‍വകലാശാല ലോകത്തിലെ ഏറ്റവും മികച്ച ഉത്പന്നമായാണ് പേള്‍ ആര്‍ട്ടീമിയയെ രേഖപ്പെടുത്തിയത്.

ഇറക്കുമതി ചെയ്ത ആര്‍ട്ടീമിയ 450 ഗ്രാമിന് 5,300 രൂപയാണ് വിലയെങ്കില്‍ തദ്ദേശീയമായി വികസിപ്പിച്ച പേള്‍ ആര്‍ട്ടീമിയയ്ക്ക് 3,500 രൂപ മാത്രമേയുള്ളു. ഉത്പാദനം വര്‍ധിപ്പിച്ച് വില ഇനിയും കുറയ്ക്കാനാകുമെന്ന് ഡോ കന്ദന്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ തൂത്തുക്കുടി, രാമനാഥപുരം എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പേള്‍ ആര്‍ട്ടീമിയ ഉത്പാദിപ്പിക്കുന്നത്. വര്‍ഷം 500 കിലോയാണ് ഉത്പാദന ശേഷി.

വനിത സംരംഭകര്‍ക്കും ഉപ്പളങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സംഘങ്ങള്‍ക്കും മികച്ച വരുമാനം ലഭിക്കുന്നതാണ് ആര്‍ട്ടീമിയ ഉത്പാദനമെന്ന് ഡോ. കന്ദന്‍ പറഞ്ഞു. ഭാവിയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിലൂടെ വിദേശനാണ്യം ലാഭിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് ഡോ കന്ദന്‍ വ്യക്തമാക്കി.

നിലവില്‍ 15 ഹെക്ടറിലാണ് എം.പി.ഇ.ഡി.എആര്‍.ജി.സി.എ ആര്‍ട്ടീമിയ ഉത്പാദിപ്പിക്കുന്നത്. ആര്‍ട്ടീമിയ ഉത്പാദനത്തിനുതകുന്ന 12,000 ഹെക്ടര്‍ സ്ഥലം രാജ്യത്തുണ്ട്. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും സംരംഭകരുടെയും സഹകരണമുണ്ടെങ്കില്‍ കൂടുതല്‍ സ്ഥലത്ത് ആര്‍ട്ടീമിയ ഉത്പാദനം തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു.

എം.പി.ഇ.ഡി.എആര്‍.ജി.സി.എ യുടെ ആര്‍ട്ടീമിയ ഉത്പാദന കേന്ദ്രം തൂത്തുക്കുടിയിലെ തരവിക്കുളത്താണ് സ്ഥിതി ചെയ്യുന്നത്.

ചെമ്മീന്‍ ഇനങ്ങള്‍ കൂടാതെ, മോദ, കാളാഞ്ചി, വറ്റ, ഞണ്ട്, തിലാപിയ തുടങ്ങിയ മത്സ്യ ഇനങ്ങളെ വളര്‍ത്തുന്നതിനുള്ള സാങ്കേതിക വിദ്യയിലും ആര്‍.ജി.സി.എ മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ട്.