കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതായി സമുദ്രസ്ഥിതിപഠനകേന്ദ്രം; താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരും

Web Desk
Posted on June 14, 2019, 12:55 pm

തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS).

കാസറഗോഡ് മുതല്‍ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ മൂന്ന് മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

വേലിയേറ്റ സമയമായ രാവിലെ ഏഴ് മണി മുതല്‍ 10 മണി വരെയും വൈകീട്ട് ഏഴ് മണി മുതല്‍ എട്ടു മണി വരെയും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയരാനും കടല്‍ക്ഷോഭമുണ്ടാകാനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്നും പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കേരള തീരത്തേക്ക് കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.