ആലപ്പുഴ ജില്ലയില്‍ ശക്തമായ കടലാക്രമണം തുടരുന്നു

Web Desk
Posted on June 14, 2019, 1:34 pm

ആലപ്പുഴ: മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും ആലപ്പുഴ ജില്ലയില്‍ ശക്തമായ കടലാക്രമണം ഇപ്പോഴും തുടരുകയാണ്. കാലവര്‍ഷ കെടുതിയില്‍ ഇതുവരെ 80 വീടുകള്‍ ഭാഗികവും അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. തീരദേശത്ത് ഇപ്പോഴും ആശങ്കയുടെ അലകള്‍ ഉയരുന്നുണ്ട്. അമ്പലപ്പുഴ താലൂക്കിലാണ് കടലാക്രമണം കൂടുതലായും ബാധിച്ചിരിക്കുന്നത്.

ന്യൂനമര്‍ദ്ദത്തിന്റെ പ്രത്യാഘാതമായി തുടരുന്ന കടലാക്രമണം തീരദേശ വാസികള്‍ക്ക് അശാന്തിയുടെ നാളുകളാണ് സമ്മാനിക്കുന്നത്.

sea wreak havoc

അമ്പലപ്പുഴയില്‍ നിരവധി വീടുകള്‍ ഇപ്പോഴും കടലാക്രമണ ഭീഷണിയിലാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് തീരപ്രദേശത്ത് സംഭവിച്ചിരിക്കുന്നത്. മഴ ശക്തിപ്പെടില്ലെന്നാണ് കാലാവസ്ഥ പ്രവചനം. ഇതേ തുടര്‍ന്ന് ജില്ലയില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് യെല്ലോ അലര്‍ട്ടാക്കി മാറ്റിയിട്ടുണ്ട്.

sea wreak havoc

അമ്പലപ്പുഴ കൂടാതെ ചേര്‍ത്തല ഒറ്റമശ്ശേരിയിലും കടലാക്രമണം രൂക്ഷമാണ്. വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടം ഇന്നോ നാളെയോ അന്തിമതീരുമാനം എടുക്കും. ഇപ്പോള്‍ ഇവരെല്ലാം ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. കാലവര്‍ഷത്തില്‍ ഇന്നലെ വരെ പത്ത് വീടുകളാണ് ജില്ലയില്‍ ഭാഗികമായി തകര്‍ന്നത്.

ചേര്‍ത്തല‑5, അമ്പലപ്പുഴ‑1, കാര്‍ത്തികപ്പള്ളി-1, മാവേലിക്കര‑3 എന്നിങ്ങനെയാണ് കണക്കുകള്‍. തകര്‍ന്ന വീടുകളിലെ നാശനഷ്ടങ്ങള്‍ തഹസില്‍ദാര്‍മാര്‍ ശേഖരിച്ച് വരുന്നതേയുള്ളൂ. അതിന് ശേഷം മാത്രമേ അന്തിമ കണക്കുകള്‍ ജില്ലാ ഭരണകൂടം പുറത്തുവിടുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.

YOU MAY ALSO LIKE THIS