അമേരിക്കയും യൂറോപ്പും മാന്ദ്യത്തിലേക്ക് നീങ്ങുന്നതിനാൽ സമുദ്രോല്പന്ന കയറ്റുമതി മേഖല തളരുന്നു. ഇക്വഡോർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരം ശക്തമായതും ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാണ്. ഇതോടെ നടപ്പു സാമ്പത്തിക വർഷം ലക്ഷ്യമിടുന്ന കയറ്റുമതി നേടാനാവില്ലെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 409 കോടി ഡോളറിന്റെ സമുദ്രോല്പന്നങ്ങളാണ് ഇന്ത്യ കയറ്റി അയച്ചത്. 18,900 കോടി ഡോളറാണ് ആഗോള സമുദ്രോല്പന്ന വിപണി.
ഇതിൽ ഇന്ത്യയുടെ വിപണി വിഹിതം 4.3 ശതമാനം മാത്രമാണ് നടപ്പു സാമ്പത്തിക വർഷം മൊത്തം 905 കോടി ഡോളറിന്റെ വില്പനയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2022–23 വർഷത്തിൽ കയറ്റുമതി 809 കോടി ഡോളറായിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്കയിലേക്കുള്ള സമുദ്രോല്പന്ന കയറ്റുമതി ആദ്യ ഏഴ് മാസങ്ങളിൽ ആറ് ശതമാനം ഇടിഞ്ഞു. ചൈന, ജപ്പാൻ, യൂറോപ്പ് എന്നീ പ്രമുഖ വിപണികളിൽ നിന്നും വാങ്ങൽ താല്പര്യം കുറയുകയാണ്.
ഇന്ത്യയിൽ നിന്നുള്ള കൊഞ്ചിന് അമേരിക്ക ഒക്ടോബറിൽ ആന്റി ഡമ്പിങ് നികുതി ഏർപ്പെടുത്തിയതും കയറ്റുമതിക്കാർക്ക് തിരിച്ചടി സൃഷ്ടിച്ചു. യുറോപ്യൻ രാജ്യങ്ങളും ഇന്ത്യൻ ഉല്പന്നങ്ങളുടെ മേൽ കർശനമായ ഗുണമേന്മാ മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തുന്നത്. മത്സ്യങ്ങളിലെ ആന്റി ബയോട്ടിക് സാന്നിധ്യമാണ് പ്രധാന വെല്ലുവിളി. ഇതോടെ ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ യുറോപ്പിലേക്കുള്ള കയറ്റുമതിയിൽ 19 ശതമാനം ഇടിവുണ്ടായി.
മൂല്യവർധനയിലെ ഉദാസീനതയും ലോജിസ്റ്റിക് പ്രശ്നങ്ങളുമാണ് സംസ്ഥാനത്തെ സമുദ്രോല്പന്ന കയറ്റുമതി മേഖലയിലെ പ്രധാന വെല്ലുവിളിയെന്ന് മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് അസോസിയേഷന്‍ ഭാരവാഹികൾ പറയുന്നു. സ്വന്തം ബ്രാൻഡിൽ ഉല്പന്നങ്ങൾ വിദേശ വിപണിയിലെത്തിക്കാനുള്ള ശ്രമം കമ്പനികൾ തുടങ്ങണമെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ ഇത്തരത്തിൽ അമേരിക്കയിലടക്കം വിപണിയിൽ ഇറങ്ങിയിട്ടുള്ള കമ്പനികൾക്ക് മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും പറയപ്പെടുന്നു.
English Summary: crisis of Seafood export
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.