Monday
18 Feb 2019

സെര്‍ച്ച്

By: Web Desk | Sunday 3 June 2018 1:23 AM IST

രാജുകൃഷ്ണന്‍

തെരുവില്‍ കറുപ്പും വെളുപ്പും
തങ്ങളില്‍ മത്സരം നടക്കുകയാണ്.
ഉറ്റവരാരി,വരാരിതെന്നറിയാതെ
ഇല്ലാത്ത ചുവരില്‍ ചിത്രങ്ങള്‍
മെനയുകയാണ്.
കലാപം പടരുകയാണ്…..
ദൈവത്തിന്‍ കാല്‍ച്ചുവട്ടില്‍വച്ചവര്‍
ഒരു പെണ്‍കുഞ്ഞിനെ,
ഒരു പനിനീര്‍പ്പൂവിനെ,
ഞെരിച്ചുടയ്ക്കുന്നു…ഇടിച്ചു തകര്‍ക്കുന്നു…
കുന്തമുനയാല്‍ കുത്തേറ്റ്
സന്തതം, മനം പിടയുന്നു കേഴുന്നു…
അവില്‍പ്പൊതി തേടുന്നു….

ഒരുപക്ഷേ, മരണം കടന്നുവന്നിട്ടുണ്ടാകുക
നഖങ്ങള്‍ക്കിടയിലൂടെയാകും
ഒടുവില്‍ മാത്രമേയത്
ബോധത്തെ അലിയിച്ചെടുത്തിട്ടുള്ളുവെങ്കില്‍
തീര്‍ച്ചയായും… തീര്‍ച്ചയായും അവള്‍
അറിഞ്ഞിട്ടുണ്ടാകണം.
ഒരു തവണ….അല്ല, ഒരു നൂറ് തവണ
കണ്‍മുമ്പിലെ ദൈവത്തെ
തോണ്ടി വിളിച്ചിട്ടുണ്ടാകണം.
കണ്ണടച്ചിരിക്കുന്ന ദൈവം
അത് അറിഞ്ഞിട്ടുണ്ടാകണം….