ടര്‍ക്കിയുടെ പ്രസിഡന്റിന് ഒരു രണ്ടാം പ്രഹരം

Web Desk
Posted on July 06, 2019, 10:58 pm
lokajalakam

പതിനഞ്ചാം നൂറ്റാണ്ടില്‍ (1453) ഒരു സാമ്രാജ്യം സ്ഥാപിച്ച് ചരിത്രം സൃഷ്ടിച്ച് (ഒട്ടോമന്‍) യൂറോപ്യരെപ്പോലും വിറപ്പിച്ച പാരമ്പര്യമുള്ള ഒരു ഇസ്‌ലാമിക രാജ്യമാണ് ടര്‍ക്കി. ഇസ്‌ലാമിക പരമാധികാര സഭയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖലീഫയുടെ (ഖിലാഫത്തിന്റെ) ആ സ്ഥാനവുമായിരുന്നു ഇവിടം. 1923ല്‍ കെമാല്‍ പാഷ എന്ന മതേതര നേതാവാണ് ടര്‍ക്കിയെ ഒരു ജനകീയ രാഷ്ട്രമാക്കി മാറ്റിയത്. പുതിയ സഹസ്രാബ്ദത്തിന്റെ തൊട്ടുമുമ്പുവരെ നിലനിന്ന ആ ആധുനികതയ്ക്ക് അന്ത്യം കുറിച്ച് പുതിയൊരു ഇസ്‌ലാമിക ആധിപത്യത്തിന് തുടക്കമിട്ട തയ്യിബ് എര്‍ദോഗന്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആ രാജ്യത്തെ ഇസ്‌ലാമിക മൗലികവാദത്തിന്റെ പാതയിലേയ്ക്ക് തിരികെ കൊണ്ടുപൊയ്‌ക്കൊണ്ടിരിക്കുകയാണ്.

ആദ്യം പ്രധാനമന്ത്രിയും പിന്നീട് പ്രസിഡന്റുമായി ഒരു ഏകാധിപത്യവാഴ്ചയ്ക്ക് തടയിടുക പ്രയാസമാണെന്ന ഒരു തോന്നല്‍ സൃഷ്ടിച്ചുകൊണ്ടാണ് എര്‍ദോഗന്‍ ഇക്കാലമത്രയും മുന്നേറിക്കൊണ്ടിരുന്നത്. എന്നാല്‍, ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് രാജ്യവ്യാപകമായി നടന്ന പ്രാദേശിക — സംസ്ഥാനതല തെരഞ്ഞെടുപ്പുകള്‍ എര്‍ദോഗനും അദ്ദേഹത്തിന്റെ എകെപി പാര്‍ട്ടിക്കും ഒരു ഞെട്ടല്‍ സൃഷ്ടിച്ചകാര്യം ഈ പംക്തിയില്‍ വിവരിച്ചിരുന്നു. എന്നാല്‍ നാട്ടിലെ അഞ്ച് വന്‍നഗരങ്ങളില്‍ അന്ന് ആ പാര്‍ട്ടിക്ക് നേരിട്ട വമ്പിച്ച പരാജയം പുതിയൊരു മാറ്റത്തിന് ഇടയാക്കുമെന്ന് അന്ന് പലരും കരുതിയില്ല. കാരണം, രാജ്യത്തൊട്ടാകെയുള്ള വോട്ടിന്റെ അന്‍പത് ശതമാനത്തിലധികം ആ പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും കൂട്ടായി ലഭിച്ചിരുന്നു. എങ്കിലും ഈ പരാജയം അതിന്റെ ഒരു തുടക്കമായിരിക്കുമെന്ന് ലോകമാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു.

പക്ഷെ, ഈ വിലയിരുത്തലിന് കഴമ്പുണ്ടെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴുമെന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ളതാണ് ഈ സംഭവവികാസം. അന്ന് നടന്ന ആ വോട്ടെടുപ്പില്‍ ഇസ്താന്‍ബുള്‍ നഗരത്തില്‍ പ്രതിപക്ഷ റിപ്പബ്ലിക്കന്‍ കക്ഷിയുടെ സ്ഥാനാര്‍ഥി എക്രേം ഇമമോഗ്ലു വിജയിച്ചത് നിസാരമായ ഭൂരിപക്ഷത്തിനാണ്. പ്രസിഡന്റ് തലത്തില്‍ പോലും ആ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ നീക്കം ഉണ്ടായെങ്കിലും ആദ്യം ആ ഉദ്ദേശം നടന്നില്ല. പിന്നീട് സാങ്കേതികതയുടെ പേരില്‍ പുതിയൊരു വോട്ടെടുപ്പ് നടന്നപ്പോഴാകട്ടെ അത് എര്‍ദോഗന്റെ ഏകാധിപത്യത്തിനുള്ള രണ്ടാമതൊരു തിരിച്ചടിയായിരിക്കുകയാണ്. ജൂണ്‍ 22ന് വീണ്ടുമുള്ള വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ പ്രതിപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഇമമോഗ്ലു 55 ശതമാനം വോട്ട് നേടിയാണ് ജയിച്ചിരിക്കുന്നത്. മാര്‍ച്ച് 31 ലേതിനെക്കാള്‍ ഏഴ് ശതമാനം വോട്ടാണ് ഇമമോഗ്ലു കൂടുതലായി നേടിയിരിക്കുന്നത്.

ടര്‍ക്കിയില്‍ ഇസ്‌ലാമിക്ക് പാര്‍ട്ടിയുടെ ഏകാധിപത്യം അരക്കിട്ടുറപ്പിച്ച് നാടിനെ വീണ്ടുമൊരു ഖിലാഫത്തിന്റെ കീഴിലാക്കാനുള്ള ഉദ്യമം താല്‍ക്കാലികമായെങ്കിലും പിന്നോട്ടടിക്കപ്പെട്ടിരിക്കുകയാണെന്ന് നിസംശയം പറയാം. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഇനിയും കാലമേറെ ഉള്ളതിനാല്‍ എര്‍ദോഗന് ഭരണാധികാരം ഉപയോഗിച്ച് പലതും ചെയ്യാന്‍ കഴിഞ്ഞേക്കാമെന്ന് വന്നേക്കാം. എങ്കിലും തല്‍ക്കാലം എര്‍ഡൊഗാന്റെ ആധിപത്യത്തിന് ഇത് കുറേക്കൂടി ശക്തമായൊരു തിരിച്ചടിതന്നെയാണെന്നതില്‍ സംശയമില്ല.
രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ ഇസ്താന്‍ബുളിനുള്ള പങ്ക് അത്ര വമ്പിച്ചതാണ്. അതുകൊണ്ടാണ് മാര്‍ച്ചിലെ രാജ്യവ്യാപകമായ ബഹുതല പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ അഞ്ച് വന്‍നഗരങ്ങളില്‍ പ്രതിപക്ഷത്തിന് നേടാനായ വിജയത്തെ ഒരു വലിയ സംഭവമായി ലോകമാധ്യമങ്ങള്‍ കണ്ടത്. ആ നാണക്കേട് അല്‍പമെങ്കിലും ലഘൂകരിക്കാമെന്ന പ്രതീക്ഷയിലാണ് പ്രസിഡന്റ് എര്‍ദോഗന്‍ ഇസ്താന്‍ബുളില്‍ ഒരു രണ്ടാം തെരഞ്ഞെടുപ്പിനായി പഠിച്ചപണി പതിനെട്ടും പയറ്റിയത്. ആ ശ്രമവും വിഫലമാവുകയും ഇമമോഗ്ലു വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മാര്‍ച്ചിലെ പരാജയം ഒരു മായിക പ്രതിഭാസമായിരുന്നില്ലെന്ന് നിരീക്ഷകര്‍ പുതിയ വിലയിരുത്തലിന് തയ്യാറായിക്കൊണ്ടിരിക്കുന്നത്. ഇസ്താന്‍ബുള്‍ നഗരത്തിന് ടര്‍ക്കിയുടെ സമ്പദ്‌വ്യവസ്ഥയ്ക്കുള്ള പ്രാധാന്യം അത്ര വമ്പിച്ചതാണ്.

എര്‍ദോഗന്റെ മതാധിഷ്ഠിത രാഷ്ട്രീയക്കളരി ഇസ്താന്‍ബുള്‍ ആയിരുന്നുവെന്ന് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. അദ്ദേഹം ദീര്‍ഘകാലം ഇസ്താന്‍ബുള്‍ മേയറായിരുന്നു. അന്ന് നഗരത്തിന്റെ വികസനത്തിനായി അദ്ദേഹം പലതും ചെയ്തിരുന്നു. നഗരത്തിലെ വന്‍ നിര്‍മാണങ്ങള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. നഗരശുചീകരണം അതില്‍ ഏറ്റവും പ്രധാനമായിരുന്നു. ആദ്യഘട്ടത്തില്‍ അഴിമതി നിവാരണത്തിന് പോലും അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. നഗരത്തിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും എര്‍ദോഗന് കഴിഞ്ഞിരുന്നു. ബോസ്‌ഫോറസ് നദിയുടെ ഇരു കരകളും ബന്ധിപ്പിക്കുന്നതിന് മൂന്നാമതൊരു പാലവും ടര്‍ക്കിയിലെ ഏറ്റവും വലിയ മസ്ജിദും (പള്ളി), പുതിയൊരു പടുകൂറ്റന്‍ വിമാനത്താവളവും എല്ലാം എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന സ്മാരകങ്ങളാണ്.
ഈ നിര്‍മാണ സംരംഭങ്ങള്‍ എര്‍ദോഗന്റെയും പാര്‍ട്ടിയുടെയും ബന്ധുമിത്രാദികളുടെയും എല്ലാം കറവപ്പശുക്കളുമായിരുന്നുവെന്ന വസ്തുത ഇപ്പോള്‍ ജനങ്ങള്‍ പതുക്കെപ്പതുക്കെ മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. ഈ നഗരഭരണം കൈവിട്ടുപോയാലുള്ള നഷ്ടം ഇവര്‍ക്കെല്ലാം ഭീമമായിരിക്കുകയും ചെയ്യും. പ്രസിഡന്റിന്റെ പാര്‍ശ്വവര്‍ത്തികളുടെ നിയന്ത്രണത്തിലുള്ള നിരവധി ഫൗണ്ടേഷനുകള്‍ക്കാവും ഈ നഷ്ടം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. ഈ ഫൗണ്ടേഷനുകള്‍ക്ക് 2014നും 2018നും ഇടയില്‍ ഇസ്താന്‍ബുള്‍ നഗരസഭയില്‍ നിന്ന് കിട്ടിയ സബ്‌സിഡി പത്തുകോടി ഡോളറിലധികമായിരുന്നുവെന്നാണ് അടുത്തകാലത്ത് വെളിച്ചം കണ്ട ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ‘തുര്‍ഗേവ്’ എന്ന സംഘടനയും ഒരു അമ്പെയ്ത്ത് സംഘടനയും ഇതുപോലെ വലിയ സംഖ്യകള്‍ നേടിയെടുത്തിരുന്നു. പ്രസിഡന്റിന്റെ പാര്‍ട്ടിക്കാരും ബന്ധുക്കളും നിര്‍മാണ കമ്പനികളില്‍ നിന്ന് പിരിവ് നടത്തിയ സംഖ്യയും ഒട്ടും ചെറുതല്ല.

നിര്‍മാണക്കമ്പനികളില്‍ നിന്ന് പ്രസിഡന്റും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ശേഖരിച്ച സംഖ്യക്ക് കണക്കുമില്ല. ഈ കമ്പനികളെല്ലാം അവരുടെ ലാഭവിഹിതം പോലുള്ള വലിയ തുകകള്‍ പ്രസിഡന്റിനും പാര്‍ട്ടിക്കും സംഭാവനയായി നല്‍കിയിരുന്നു. അതെല്ലാം ഒരുതരം പാട്ടപ്പിരിവുപോലെയായിരുന്നു. ഈ പാട്ടപ്പിരിവ് സര്‍ക്കാരിന്റെ നികുതി വിഹിതമാണ് കൈയിട്ടുവാരിയിരുന്നതെന്ന വസ്തുതയും ഇപ്പോള്‍ പരസ്യമായിട്ടുണ്ട്. ഈ കൈയിട്ടുവാരലിന് പുതിയ മേയര്‍ എക്രേം ഇമമോഗ്ലു വിരാമമിടുമെന്നും നാടിന്റെ പുരോഗതിക്കും ജനജീവിതത്തിന്റെ അഭിവൃദ്ധിക്കുമായി അതെല്ലാം ചെലവിടുമെന്നുമാണ് നാട്ടുകാരുടെ പ്രതീക്ഷ.

ടര്‍ക്കിയിലെ ജനസംഖ്യയുടെ അഞ്ചിലൊരു ഭാഗം ജീവിക്കുന്നത് ഇസ്താന്‍ബുള്‍ നഗരത്തിലാണ്. രാജ്യത്തിന്റെ വരുമാനത്തിന്റെ മൂന്നിലൊന്നും അവിടെ നിന്നാണ് ഉണ്ടാകുന്നത്. അങ്ങനെയുള്ള ഈ മേഖലയുടെ ഭരണത്തെ ഒരു നഗരമായല്ല, മറിച്ച് ഒരു രാജ്യമായിതന്നെയാണ് കാണേണ്ടത്. തലസ്ഥാനമായ അങ്കാരയുടെയും മറ്റ് വന്‍ നഗരങ്ങളുടെയും വിധിയെഴുത്ത് രാജ്യത്തിന്റെയാകെയുള്ള ജനഹിതമായാണ് കാണേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ മാര്‍ച്ചിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍തന്നെ എര്‍ദോഗന്‍ സ്ഥാനം രാജിവച്ചൊഴിയേണ്ടതായിരുന്നു. പക്ഷേ, ജനാധിപത്യത്തെയല്ല, മതാധിപത്യത്തെയാണ് എര്‍ദോഗന്റെ എകെപി വിഭാവന ചെയ്യുന്നതെന്ന് കണ്ടാല്‍ എര്‍ദോഗനില്‍ നിന്ന് അപ്രകാരമുള്ള നല്ല കീഴ്‌വഴക്കങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് എടുത്തുപറയേണ്ടതില്ലല്ലൊ.
അതെല്ലാം കൊണ്ടാണ് ഇസ്താന്‍ബുളില്‍ രണ്ടാമതൊരു വോട്ടെടുപ്പ് നടത്തിക്കാന്‍ അദ്ദേഹം പ്രസിഡന്റെന്ന നിലയ്ക്കുള്ള തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മിഷനെ നിര്‍ബന്ധിതമാക്കിയത്. കമ്മിഷന്‍ ആദ്യം അതിന് തയ്യാറാകാതെ എക്രേം ഇമമോഗ്ലുവിന് തെരഞ്ഞെടുക്കപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നതാണ്.
എന്നിട്ടും, തോല്‍വി സമ്മതിക്കാതെയാണ് അദ്ദേഹം പ്രസിഡന്റിന്റെ കസേര ഒഴിയാതെ അതില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്. ഇസ്താന്‍ബുളിന്റെ ഭരണമുള്ളവരായിരിക്കും രാജ്യവും ഭരിക്കുകയെന്ന മുദ്രാവാക്യം ആദ്യം ഉയര്‍ത്തിയത് എര്‍ദോഗന്‍ തന്നെയാണെന്ന വസ്തുത ഓര്‍മയുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ ഇതിലുള്ള ആശങ്ക മനസിലാക്കാന്‍ പ്രയാസമുണ്ടാവില്ല. ആ ഭയം കാരണം തന്നെയാണ് അദ്ദേഹം അവിടെ ആ പുനര്‍തെരഞ്ഞെടുപ്പിന് വാശിപിടിച്ചത്.
ഇമമോഗ്ലു തന്നെയാവും അടുത്തതവണ രാജ്യത്തിന്റെ പ്രസിഡന്റാകാന്‍ പോകുന്നതെന്ന് അദ്ദേഹം ദൃഢമായി വിശ്വസിക്കുന്നുമുണ്ടാകും. എന്തു കുബുദ്ധി പ്രയോഗിച്ചും ഇമമോഗ്ലുവിനെ തോല്‍പ്പിക്കാന്‍ അദ്ദേഹം എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുകയും ചെയ്തതാണ്. ഇമമോഗ്ലു ഒരു യവനവംശജനാണെന്നുപോലും അദ്ദേഹം കുപ്രചരണം നടത്തിയതുമാണ്. അത് ഫലിക്കാതെ വന്നിരിക്കുന്ന സ്ഥിതിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ മറ്റ് കൈക്രിയകള്‍ക്കും ഈ മഹാന്‍ തയ്യാറാവില്ലെന്ന് കരുതേണ്ട. മറ്റെല്ലാ ഇസ്‌ലാമിക മതതീവ്രവാദികളെയും പോലെ അദ്ദേഹം എന്ത് സാഹസത്തിനും തയ്യാറാകുമെന്നുതന്നെ കരുതണം.

അദ്ദേഹത്തെപ്പോലെ ഖലീഫാ സ്ഥാനം തേടി ഇറങ്ങിയ ആളാണ് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ എസ്) എന്ന ഭീകരവാദ ഇസ്‌ലാമിക തീവ്രവാദ പ്രസ്ഥാനവുമായി ഇറങ്ങിത്തിരിച്ച അബുബേക്കര്‍ അല്‍ ബാഗ്ദാദി. ഇറാഖും സിറിയയും പിടിച്ചടക്കിയെന്ന വീരവാദവുമായി നടന്നിരുന്ന ഈ മഹാന്റെ മേല്‍വിലാസം തന്നെ ഇപ്പോള്‍ ആര്‍ക്കും നിശ്ചയമില്ല. ഖലീഫയുടെ പുതിയ സ്ഥാനം തേടി നടക്കുന്ന എര്‍ദോഗന്റെ സ്ഥിതിയും അതായാല്‍ ആശ്ചര്യത്തിന് വകയില്ലെന്നേ പറയാനാകൂ.