Web Desk

തിരുവനന്തപുരം

June 13, 2020, 9:33 pm

ഫസ്റ്റ് ബെൽ: തിങ്കളാഴ്ച മുതൽ രണ്ടാംഘട്ട ക്ലാസുകൾ

Janayugom Online

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ ഓൺലൈൻ വീഡിയോ ക്ലാസുകൾ ‘ഫസ്റ്റ്ബെൽ’ പദ്ധതിയുടെ രണ്ടാം ഘട്ട ക്ലാസുകൾ നാളെ ആരംഭിക്കും. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും സംപ്രേഷണം ചെയ്യും. രണ്ടാഴ്ചക്കാലത്തെ ട്രയലിന് ശേഷം തുടർ പാഠഭാഗങ്ങളാണ് 15 മുതൽ വിക്‌ടേഴ്‌സ് ചാനൽ വഴി ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളിൽ എത്തിക്കുന്നത്.

ട്രയൽ അടിസ്ഥാനത്തിൽ സംപ്രേഷണം ചെയ്ത ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും കാണാൻ അവസരം ഒരുക്കിയിരുന്നു. തിങ്കളാഴ്ച മുതൽ വിവിധ ക്ലാസുകൾക്ക് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ ആയിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ആദ്യ ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ലഭിച്ചത്. വിക്ടേഴ്സ് വെബിൽ 27 ടെറാബൈറ്റ് ഡൗൺലോഡ് ഒരു ദിവസം നടന്നു.

യൂട്യൂബിൽ വരിക്കാർ പത്തുലക്ഷത്തോളമായി. പ്ലേസ്റ്റോറിൽ നിന്നും 16.5 ലക്ഷംപേർ വിക്ടേഴ്സ് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തു. ചില ക്ലാസുകൾ 40 ലക്ഷത്തിലധികം പേർ കണ്ടു. ഇന്ത്യയ്ക്ക് പുറത്ത് ഗൾഫ് നാടുകളിലും അമേരിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിൽ നിന്നും നിരവധി പേർ ക്ലാസുകൾ കണ്ടു. ആദ്യ ക്ലാസുകളുടെ പ്രതികരണമനുസരിച്ച് ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് കുറച്ചുകൂടി സഹായകമാകുന്നവിധം ഇംഗ്ലീഷ് വാക്കുകൾ എഴുതിക്കാണിക്കാനും, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷാ ക്ലാസുകളിൽ മലയാള വിശദീകരണം നൽകാനും കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്താനും സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. ഫേസ്ബുക്കിലും യുട്യൂബിലും ക്ലാസുകൾ കാണാം കൈറ്റ് വിക്ടേഴ്സ് ചാനലിനു പുറമെ ഫേസ്ബുക്കിൽ victerse­duchan­nel ൽ ലൈവായും, യുട്യൂബിൽ itsvicters വഴിയും ക്ലാസുകൾ കാണാം.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ക്ലാസുകളിൽ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനസംപ്രേഷണം നടക്കും. ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകൾക്ക് നിലവിലുള്ളതുപോലെ ശനി, ഞായർ ദിവസങ്ങളിലാണ് പുനസംപ്രേഷണം. പുനസംപ്രേഷണ സമയത്ത് കാണാൻ കഴിയാത്ത കുട്ടികൾക്ക് പിന്നീട് വെബിൽ നിന്നും, ഓഫ്‌ലൈനായി ഡൗൺലോഡ് ചെയ്തും ക്ലാസുകൾ കാണാം. തമിഴ്, കന്നട മീഡിയം ക്ലാസുകൾ യൂ ട്യൂബിൽ തമിഴ് മീഡിയം ക്ലാസുകൾ youtube. com/drcpkd ലിങ്കിലും കന്നട മീഡിയം ക്ലാസുകൾ youtube.com/KITEKasaragod ലിങ്കിലും ലഭ്യമാക്കും. കൈറ്റിന്റെ പാലക്കാട്, കാസർകോട്, ഇടുക്കി ജില്ലാ ഓഫീസുകളുടെ നേതൃത്വത്തിൽ ഡയറ്റുകളുടെ അക്കാദമിക പിന്തുണയോടെയും എസ്എസ് കെ യുടെ സഹായത്തോടെയുമാണ് തമിഴ്, കന്നട ക്ലാസുകൾ തയാറാക്കുന്നത്. ഇത് ആദ്യ അഞ്ചുദിവസം ട്രയൽ അടിസ്ഥാനത്തിലാണ്.

ഇവ പ്രാദേശിക കേബിൾ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലെ വിഷയാധിഷ്ഠിത ടൈംടേബിൾ കൈറ്റ് വെബ്സൈറ്റിൽ (www. kite.kerala.gov.in) ലഭ്യമാണ്. ഓൺലൈൻ ക്ലാസുകൾക്കുള്ള വീഡിയോ വിഭവങ്ങൾ തയ്യാറായി ക്ലാസ് ചലഞ്ചിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ സമർപ്പിച്ച മാതൃകാ വീഡിയോക്ലാസുകൾ എസ്‌സിഇആർടി യുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടത്തി മികച്ച അധ്യാപകരെ വീഡിയോ ക്ലാസുകൾ എടുക്കുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനകം വരുന്ന രണ്ടാഴ്ചക്കാലത്തെ സംപ്രേഷണത്തിന് ആവശ്യമായ വീഡിയോ ക്ലാസുകൾ തയാറായിട്ടുണ്ട്.

Eng­lish sum­ma­ry; Sec­ond class class­es from Monday

you may also like this video;