രണ്ടാം ദിനം: പ്രവാസികളുമായി വിമാനം കരിപ്പൂരിലെത്തി

Web Desk

തിരുവനന്തപുരം

Posted on May 08, 2020, 8:10 pm

പ്രവാസികളുമായി രണ്ടാമതും വിമാനങ്ങൾ കൊച്ചിയിലും കരിപ്പൂരും പറന്നിറങ്ങി. ബഹ്റൈനിൽ നിന്ന് 182 പ്രവാസികളേയും വഹിച്ചുകൊണ്ടാണ് എയർ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങിയത്. രാത്രി എട്ട് മണിയോടെ റിയാദിൽ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തിൽ 152 പേരാണ് നാടണഞ്ഞത്. ബഹറിനിൽ നിന്നെത്തിയവരിൽ അഞ്ച് പേർ കുട്ടികളാണ്. ഈ വിമാനത്തിൽ തൃശൂർ ജില്ലക്കാരായ 37പേരും ബംഗളുരുവിലെ മൂന്നുപേരും മധുരയിലെ ഒരാളും ആലപ്പുഴയിൽ നിന്നുള്ള 14പേരും എറണാകുളത്തെ 35പേരും ഇടുക്കിയിലെ ഏഴുപേരും കണ്ണൂരിലെ രണ്ടുപേരും കാസർകോട്ടെ ഒരാളും വിമാനത്തിലുണ്ടായിരുന്നു. കൊല്ലം 10, കോട്ടയം മൂന്ന്, കോഴിക്കോട് നാല്, മലപ്പുറം അഞ്ച്, പാലക്കാട് 15, പത്തനംതിട്ട 19, തിരുവനന്തപുരത്തെ ഒരാളും വീതമാണ് ബഹ്റൈനിൽ നിന്നെത്തിയത്.

ഇവരെ കൊണ്ടുവരാനുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്തുനിന്നാണ് പോയത്. റിയാദിൽ നിന്ന് കരിപ്പൂരിലെത്തിയ 152 പേരിൽ 10 യാത്രക്കാർ തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. തെർമൽ സ്കാനിംഗ് അടക്കമുള്ള പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഗർഭിണികൾ അടക്കമുള്ള പ്രത്യേക പരിഗണന അർഹിക്കുന്നവരെ കർശന ഉപാധികളോടെ വീടുകളിലേക്കും കടുത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജുകളിലേക്കും പറഞ്ഞയച്ചു. പ്രവാസികളുടെ സംഘത്തിലുണ്ടായിരുന്ന 84 ഗർഭിണികളുടെ സുരക്ഷ മുൻനിർത്തി വിമാനത്താവളത്തിലെ ആരോഗ്യ സംഘത്തിൽ ഗൈനക്കോളജിസ്റ്റും പ്രത്യേക പരിശീലനം സിദ്ധിച്ച സ്റ്റാഫ് നഴ്സുമാരും കൂടുതൽ ആംബുലൻസ് സൗകര്യങ്ങളും ഉണ്ടായിരുന്നു. കോവിഡ് കെയർ സെന്ററുകളിലും വിമാനത്താവളത്തിലും പ്രവാസികൾക്കായി എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.

You may also like this video