January 27, 2023 Friday

ചെറുകിട വ്യവസായങ്ങൾക്ക് ഊന്നൽ രണ്ടാം സാമ്പത്തിക പാക്കേജിനൊരുങ്ങി കേന്ദ്രസർക്കാർ

Janayugom Webdesk
ന്യൂഡല്‍ഹി
April 9, 2020 9:58 pm

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തെ ചെറുക്കാന്‍ രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാർ. ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ മുമ്പ് പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ പാക്കേജിന് സമാനമായിരിക്കും ഇത്. നിലവില്‍ ധനകാര്യ മന്ത്രാലയം ഇതിനുള്ള ചര്‍ച്ചകള്‍ നടത്തിവരുകയാണ്. പാക്കേജിന്റെ കരട് തയാറാക്കല്‍ അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്. ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്കുള്ള പലിശനിരക്ക് കുറയ്ക്കല്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്കുള്ള ആനുകൂല്യം, പൊതുമേഖല ബാങ്കുകളുടെ മൂലധനവര്‍ധന എന്നിവയില്‍ ഊന്നല്‍ നല്‍കുന്നതാകും രണ്ടാം പാക്കേജെന്ന് സൂചനകളുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നാലിലൊന്ന് സംഭാവന ചെയ്യുന്നത് ചെറുകിട, ഇടത്തരം മേഖലയാണ്.

ഏകദേശം 50 കോടി പേർ ഈ മേഖലയെ ആശ്രയിക്കുന്നുണ്ട്. ഒരു മിനി ബജറ്റിന്റെ ഗുണം ഉല്‍പ്പാദന മേഖലയ്ക്ക് നല്‍കുന്നതാവും പാക്കേജെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ സമ്പദ്ഘടനയിൽ അടിമുടി മാറ്റം ദൃശ്യമായിട്ടുള്ളതിനാൽ പുതിയ ബജറ്റ് അവതരിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സാമ്പത്തികവിദഗ്ധർ ഇതിനോടകം ചൂണ്ടിക്കാട്ടിയിരുന്നു. വ്യവസായ മേഖലയെ കേന്ദ്രീകരിച്ചുള്ള നടപടികളാവും പുതിയ പാക്കേജില്‍ പ്രധാനമായും ഉണ്ടാവുക. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍, ഗതാഗത, വ്യോമയാന മേഖല എന്നിങ്ങനെ അടച്ചുപൂട്ടലില്‍ ഏറ്റവുമധികം നഷ്ടമനുഭവിക്കുന്ന മേഖലകള്‍ക്കാവും മുന്‍ഗണന.

നികുതിയിളവുകള്‍ നല്‍കി ഉപഭോഗം ഉയര്‍ത്താനുള്ള നടപടികളും പ്രതീക്ഷിക്കപ്പെടുന്നു. അതേസമയം ചെറുകിട, ഇടത്തരം ഉല്പാദകർക്ക് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകൾ നൽകാനുള്ള അഞ്ചുലക്ഷം കോടിയുടെ കുടിശ്ശികകളും നൽകാൻ നടപടിയെടുക്കണമെന്ന് ഓൾ ഇന്ത്യ മാനുഫാക്ചേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് കെ ഇ രഘുനാഥൻ പറഞ്ഞു. അതേസമയം കോര്‍പ്പറേറ്റ് നികുതിയിലടക്കം വീണ്ടും ഇളവുകളാണ് വ്യവസായലോകം ആവശ്യപ്പെടുന്നത്. വായ്പാ തിരിച്ചടവുകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്നും എന്‍പിഎ മാനദണ്ഡങ്ങള്‍ ലഘൂകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ലോക്ഡൗണ്‍ മൂലം ഉപഭോക്തൃ ആവശ്യകതയില്‍ ഇടിവുണ്ടാകുന്നത് തടയാന്‍ പണലഭ്യത ഉറപ്പാക്കുന്ന കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും വ്യവസായ ലോകം ആവശ്യപ്പെടുന്നു.

Eng­lish Sum­ma­ry: sec­ond finan­cial pack­age for small business

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.