Web Desk

സിഡ്നി

December 06, 2020, 9:58 am

രണ്ടാം ടി20 ഇന്ന് സിഡ്നിയില്‍; ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര

Janayugom Online

ഏകദിന പരമ്പര കൈവിട്ടതിന്റെ നാണക്കേടൊഴിവാക്കാന്‍ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തില്‍ കൂടി ജയിച്ചാല്‍ മതിയാകും. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20 മത്സരം ഇന്ന് സിഡ്നിയില്‍ നടക്കും. മൂന്ന് മത്സര ടി20 പരമ്പരയില്‍ ഇന്ത്യ 1–0ന് മുന്നിട്ട് നില്‍ക്കുന്നതിനാല്‍ രണ്ടാം മത്സരം ജയിക്കേണ്ടത് ഓസ്‌ട്രേലിയയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്.
എന്നാല്‍ ഇന്ത്യയുടെ ടി20 ടീം ശക്തമാണ്. അവസാന ഒമ്പത് മത്സരങ്ങളിലും ഇന്ത്യയെ ടി20യില്‍ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഏകദിനപരമ്പരയിലെ കണക്ക് തീര്‍ക്കാന്‍ ഇന്ത്യക്ക് കിട്ടിയ അവസരം കൂടിയാണിത്. അതുകൊണ്ട് തന്നെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തന്ത്രങ്ങളെല്ലാം തന്നെ ഓസീസിനെതിരെ ഇന്നെടുക്കുമെന്നുറപ്പാണ്. കഴിഞ്ഞ മത്സരത്തിലെ പോലെ തന്നെ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ശിഖര്‍ ധവാനൊപ്പം കെ എല്‍ രാഹുലാണ് ടീമിന്റെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക‌. ആദ്യ മത്സരത്തില്‍ മോശമല്ലാത്ത ബാറ്റിങും മികച്ച ഫീല്‍ഡിങ് കൊണ്ടും ശ്രദ്ധ നേടിയ മലയാളി താരം സഞ്ജു സാംസണ്‍ ഈ മത്സരത്തിലുമുണ്ടാകുമെന്നാണ് പ്രതീക്ഷ. 

മികച്ച ബൗളിങ് നിരയാണ് ഇന്ത്യക്കുള്ളത്. ബൗളിങ് മികവില്‍ ആദ്യ മത്സരത്തില്‍ 11 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. പകരക്കാരനായിറങ്ങിയ യു­സ്‌വേന്ദ്ര ചഹലും ടി20യില്‍ അരങ്ങേറിയ ടി നടരാജനും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഫീല്‍ഡിങ്ങില്‍ ഇന്ത്യ പിഴവ് വരുത്തുന്നത് ആശങ്കയാണ്. കഴിഞ്ഞ മത്സരത്തില്‍ രണ്ട് ക്യാച്ചുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. മികച്ച ഫീല്‍ഡര്‍മാരായി അറിയപ്പെടുന്ന മനീഷ് പാണ്ഡെയും വിരാട് കോലിയുമാണ് ഇത്തരത്തില്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയത്. ഇതിനിടിയില്‍ ഓവര്‍ത്രോ ചെയ്ത പന്ത് സഞ്ജുവിന്റെ കൈകളില്‍ നിന്നും വഴുതി ബൗണ്ടറിയിലുമെത്തിയിരുന്നു. ഈ മത്സരത്തില്‍ ഇത്തരത്തിലുള്ള പിഴവുകള്‍ നികത്തി തിരിച്ചെത്തിയാല്‍ ഇന്ത്യക്ക് പരമ്പര നേടാനാകുമെന്ന പ്രതീക്ഷയാണുള്ളത്.
അതേസമയം ഓസീസ് ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കാമറൂണ്‍ ഗ്രീനിനെ ഒഴിവാക്കി പകരം സ്പിന്‍ ബൗളര്‍ നഥാന്‍ ലിയോണിനെ ഓസ്‌ട്രേലിയ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ സ്പിന്നര്‍ ചഹല്‍ തിളങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിചയ സമ്പന്നനായ ലിയോണിനെ കംഗാരുക്കള്‍ ടീമിലേക്ക് പരിഗണിച്ചത്. ഓസ്‌ട്രേലിയ ടീമില്‍ നിന്ന് ഒഴിവാക്കിയ കാമറൂണ്‍ ഗ്രീന്‍ ഓസ്‌ട്രേലിയ എ ടീമിനുവേണ്ടി കളിക്കും. 

ENGLISH SUMMARY:second T20 is in Syd­ney today
You may also like this video