രാജ്യത്ത് ഉത്സവ സീസണും ശൈത്യകാലവും എത്തുന്നതോടെ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന് സാധ്യതയെന്ന് വിദഗ്ധ സമിതി മുന്നറിയിപ്പ്. രാജ്യം കോവിഡിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും ഏറെക്കുറെ മുക്തമായെന്ന വിലയിരുത്തലോടെ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതും മുന്നോട്ടുവച്ചിരിക്കുന്നത്.
ഉത്സവ സീസണിലെ നിയന്ത്രണങ്ങളിൽ ഉണ്ടാകുന്ന ഇളവുകള്‍ വീണ്ടും കോവിഡ് വ്യാപനം കൂടാൻ കാരണമായേക്കും. ആൾക്കൂട്ടങ്ങൾ അതിവേഗ വ്യാപനത്തിലേക്ക് നയിക്കുമെന്ന് കേരളത്തിലെ ഓണാഘോഷം ചൂണ്ടിക്കാട്ടി സമിതി റിപ്പോർട്ടിൽ പറയുന്നു. 32 ശതമാനമാണ് രോഗവ്യാപനം ഇക്കാലയളവില്‍ വര്‍ധിച്ചതെന്നും സമിതി വിലയിരുത്തുന്നു. തണുപ്പ് 20 ഡിഗ്രിയില്‍ താഴെയായാല്‍ കോവിഡ് വൈറസിന്റെ ആയുര്‍ദൈര്‍ഘ്യം ഏതാണ്ട് ഒരുമാസത്തോളം നീണ്ടു നില്‍ക്കുമെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ ഇതുവരെ പുറത്തുവന്ന ഗവേഷണ റിപ്പോര്‍ട്ടുകളെ തള്ളാതെയും കൊള്ളാതെയുമാണ് കേന്ദ്രം നിയോഗിച്ച വിദഗ്ദ്ധസംഘം പഠന റിപ്പോര്‍ട്ട് സമർപ്പിച്ചിരിക്കുന്നത്. ശൈത്യം പിടിമുറുക്കാന്‍ തുടങ്ങിയതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം പിടിവിട്ടുമുന്നേറുകയാണ്. ഫ്രാന്‍സ്, യുകെ, റഷ്യ, സ്‌പെയിന്‍, നെതര്‍ലൻഡ്സ് എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച തോതിലാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
കോവിഡ് രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ലോകത്ത് ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന അമേരിക്കയിലും സ്ഥിതി വ്യത്യസ്തമല്ല. പല യൂറോപ്യന്‍ രാജ്യങ്ങളും കോവിഡ് പ്രതിരോധത്തിനായി കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്കാണ് നീങ്ങുന്നത്. ഇന്ത്യയിൽ കഴിഞ്ഞ ഒരാഴ്ചയാണ് പുതിയ കോവിഡ് കേസുകളും മരണങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുള്ളത്. മിക്ക സംസ്ഥാനങ്ങളിലും കേസുകൾ കുറഞ്ഞ് വരുന്നുണ്ട്. എന്നാൽ കേരളം, കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാൾ, ചില കേന്ദ്രഭരണ പ്രദേശങ്ങളിലും കേസുകൾ വർധിച്ചുവരുന്ന സാഹചര്യം ഇപ്പോഴും നിലവിലുണ്ട്. കോവിഡ് പ്രതിരോധം മൊത്തമായി സംസ്ഥാനങ്ങളുടെ ബാധ്യതയാക്കുന്ന നിലപാടാണ് കേന്ദ്രം പുലര്‍ത്തുന്നതെന്ന് പുതിയ റിപ്പോർട്ടിലൂടെ വ്യക്തമായിട്ടുണ്ട്. ഭരണതലത്തിലും സാമ്പത്തിക രംഗത്തും കേന്ദ്രത്തിന്റെ ഈ നിലപാട് സംസ്ഥാനങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇളവുകളുടെ പേരിൽ സംസ്ഥാനങ്ങളെ പഴിക്കുന്ന കേന്ദ്രസര്‍ക്കാർ അതേസമയം അൺലോക്കിന്റെ പേരിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ അനുവദിക്കുകയും ചെയ്യുന്നുണ്ട്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.