16 July 2024, Tuesday
KSFE Galaxy Chits

Related news

April 18, 2024
October 6, 2023
November 26, 2022
October 17, 2022
October 13, 2022
October 13, 2022
October 12, 2022
October 12, 2022
September 15, 2022
August 4, 2022

മോഡി സർക്കാരിന്റെ രഹസ്യ അജണ്ടാവിപത്തുകൾ

Janayugom Webdesk
July 11, 2022 5:15 am

ജനാധിപത്യവിരുദ്ധ രാഷ്ട്രീയത്തിന്റെ എണ്ണമറ്റ പരമ്പരകളാണ് നമ്മുടെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയെ ഉയർത്തിക്കാണിക്കാൻ പൊതുവായ ഒരു ഭാഷ ഉണ്ടാകേണ്ടതാണെന്നും അത് ഹിന്ദി തന്നെ ആയിരിക്കണമെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത്ഷാ ഈ അടുത്തകാലത്ത് നടത്തിയ പ്രഖ്യാപനം. ഔദ്യോഗിക ഭാഷാ പ്രചാരണ സമിതിയുടെ അധ്യക്ഷൻ കൂടിയാണ് അദ്ദേഹം.
ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദി ഉപയോഗിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിർദ്ദേശം. 2018ലും അമിത്ഷാ ഈ മുദ്രാവാക്യം ഉയർത്തിയിരുന്നു. അതിനെതിരെ ഹിന്ദിയിതര ഭാഷാ സംസ്ഥാനങ്ങളിലും മതേതര ജനാധിപത്യ വിശ്വാസികളുടെ ഇടയിലും ഉണ്ടായ ശക്തമായ പ്രതികരണമായിരുന്നു ഇതിൽ നിന്നും പുറകോട്ട് പോകാൻ പ്രേരിപ്പിച്ചത്.
ഇന്ത്യക്ക് ഒരു ദേശീയ ഭാഷയില്ല. ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക വിനിമയത്തിനുള്ള ഭാഷകളായി തീരുമാനിച്ചിട്ടുണ്ട്. ഒരു നിയമനിർമ്മാണം ഉണ്ടാകുന്നതുവരെ ഇതു തുടരുമെന്നാണ് 1963ലെ ഔദ്യോഗിക ഭാഷാനിയമം അനുശാസിക്കുന്നത്. ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന ആവശ്യം എപ്പോഴൊക്കെ ഉ­ണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം ഇന്ത്യ അതു തിര­സ്കരിച്ചിട്ടുണ്ട്. പല സന്ദർഭങ്ങളിലായി കൂട്ടിച്ചേർത്തതടക്കം 22 ഭാഷകളാണ് ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിട്ടുള്ളത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, സംസ്കൃതം, ഉറുദു തുടങ്ങിയവ­യ്ക്കു പുറമെ വിദേശ ഭാഷയായ നേപ്പാളിയുമുണ്ട്. ഇന്ത്യയിലാകെ 426 ഭാഷകളുള്ളതിൽ 30 ഓളം ഭാഷകൾ മാത്രമാണ് സജീവമെന്നാണ് റിപ്പോർട്ട്.


ഇതുകൂടി വായിക്കൂ: ധ്രുവീകരണായുധമായി ഇനി മുതല്‍ ഹിന്ദി ഭാഷയും


കേരളമുൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ ത്രിഭാഷാ നയം സ്വീകരിച്ചപ്പോൾ തമിഴ്‌നാടും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും ദ്വിഭാഷ നയമാണ് സ്വീകരിച്ചത്. ഒന്നാം ഭാഷയായി മാതൃഭാഷയും രണ്ടാം ഭാഷയായി ഇംഗ്ലീഷും. ത്രിഭാഷാ നയം സ്വീകരിച്ച സംസ്ഥാനങ്ങൾ ഒന്നാം ഭാഷയായി മാതൃഭാഷയും രണ്ടാം ഭാഷയായി ഹിന്ദിയും മൂന്നാം ഭാഷയായി ഇംഗ്ലീഷുമാണ്.
ദേശീയ സമരകാലത്ത് തുടങ്ങിയ അനവധി ചർച്ചകളുടെയും സംവാദങ്ങളുടെയും ഫലമായാണ് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം നൽകിയത്. അറിവിന്റെ വിതരണം ഭാഷയിലൂടെ മാത്രമേ സാധ്യമാവു. ബ്രിട്ടീഷുകാർ അവരുടെ വിദ്യാഭ്യാസ രീതി നടപ്പാക്കാൻ തുടങ്ങിയതോടെ വിദ്യാസമ്പന്നരായ സമൂഹത്തിനൊപ്പം സാധാരണ ജനങ്ങളുടെയും ഭാഷയായി ഇംഗ്ലീഷ് മാറി. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷയായും ഇംഗ്ലീഷ് മാറി. എന്നാൽ നമ്മുടെ രാജ്യത്ത് ഭാഷ ഭിന്നിപ്പിക്കാനാണ് ഉപയോഗപ്പെടുത്തുന്നത്. തമിഴ്‌നാട്, കർണാടകം, മഹാരാഷ്ട്ര, ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഏകഭാഷയായി ഹിന്ദി അടിച്ചേല്പിക്കാനുള്ള ശ്രമത്തിലാണ് മോഡി സർക്കാർ.
ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരിൽ വിഷലിപ്തമായ പ്രചാരണം നടത്തി സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിച്ച് വീണ്ടും അധികാരത്തിൽ വരുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമാണിതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇതിന് പിൻബലം നേടുന്നതിനായുള്ള മറ്റൊരജണ്ടയാണ് ‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്”, ‘ഒരു രാജ്യം ഒരു നികുതി’ തുടങ്ങിയവ. വർഗീയ വിദ്വേഷം വിതച്ച് രാഷ്ട്രീയാധികാരം പിടിക്കാനാകില്ലെന്ന് അറിയാമെന്നുള്ളതുകൊണ്ടാണ് പുത്തൻ മുദ്രാവാക്യങ്ങളുമായി അവര്‍ രംഗത്തെത്തിയിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: ഹിന്ദി ഹൃദയഭൂമി പിടിക്കാന്‍ ബിജെപി കുതന്ത്രം


അതിലൊന്നായ ‘ഒരു രാജ്യം ഒരു നികുതി’ എന്ന ആശയം നടപ്പിലാക്കാൻ തീരുമാനിച്ചതും ഇതിന്റെ ഫലമായി സംസ്ഥാനങ്ങൾക്ക് നേരിടേണ്ടിവന്ന സാമ്പത്തിക പ്രതിസന്ധിയും ജനങ്ങൾക്ക് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളും ദിവസങ്ങൾ കടന്നുപോകുംതോറും വർധിച്ചുകൊണ്ടിരിക്കുകയാണ്.
സംസ്ഥാനങ്ങളുടെ നികുതി നിർണയാവകാശം കവർന്നാണ് കേന്ദ്രം ജിഎസ്‌ടി നടപ്പാക്കിയത്. ഈ നികുതി നിശ്ചയിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ അധികാരമാണെന്ന സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തെ പൂർണമായി തള്ളിക്കൊണ്ടാണ് നികുതിക്ക് പുതിയ സ്ലാബ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ധനവില വർധനയുടെ ഭാരമേറ്റ് നട്ടെല്ല് തകർന്നും സാധനങ്ങളുടെ വിലക്കയറ്റം മൂലം പൊറുതിമുട്ടിയും കഴിയുന്ന വലിയ വിഭാഗം ഇനങ്ങളുടെമേൽ നികുതി വർധിപ്പിച്ചും ഒഴിവാക്കിയിരുന്ന ഉല്പന്നങ്ങളുടെമേൽ അധിക നികുതി ചുമത്തിയും വരുമാനം വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട നികുതി വിഹിതത്തിൽ വലിയ കുറവ് വരുത്തിയിരിക്കുന്നു. ഇതുമൂലം നേരിടേണ്ടിവരുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പരിഹാരത്തിനായി നികുതി നിർണയാവകാശം കവർന്നെടുത്ത കേന്ദ്ര സർക്കാരിന്റെ മുന്നിൽ കൈനീട്ടേണ്ട അവസ്ഥയിലാണ് സംസ്ഥാനങ്ങള്‍. എന്നാൽ ഈ മാറ്റങ്ങൾ വൻകിട കോർപറേറ്റുകൾക്ക് ആവേശം പകരുന്നതുമാണ്.
ഇന്ത്യയെ പരമാധികാര മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന് കൂടുതൽ ശോഭയോടെ നിലനിർത്തുന്നതിനുള്ള പ്രവർത്തനത്തെ ബലികഴിക്കുന്ന പല അജണ്ടയുമായി കേന്ദ്രം മുന്നോട്ടുപോകുകയാണ് അതിന്റെ ഭാഗമായിട്ടുള്ള മറ്റൊരു അജണ്ടയാണ് “ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്”. പ്രായപൂർത്തി വോട്ടവകാശം, സ്വതന്ത്രമായ തെരഞ്ഞെടുപ്പുകൾ, തെരഞ്ഞെടുപ്പ് വിധിക്ക് വിധേയമായിക്കൊണ്ടുള്ള അധികാര കൈമാറ്റം എന്നിവയെല്ലാം ജനാധിപത്യത്തിന് അത്യന്താപേക്ഷിതമായ വ്യവസ്ഥകളാണ്.


ഇതുകൂടി വായിക്കൂ: ഹിന്ദിയും നാനാത്വത്തില്‍ ഏകത്വവും


ഒരൊറ്റ രാജ്യം എന്ന നിലയ്ക്കാണ് പാർലമെന്റ് തെരഞ്ഞെടുപ്പും ഫെഡറൽ രാജ്യമെന്ന നിലയ്ക്കാണ് സംസ്ഥാന തെരഞ്ഞെടുപ്പുകളും നടക്കുന്നത്. രണ്ടിനും അതിന്റേതായ പ്രാധാന്യമുണ്ട്. അവ ദുർബലപ്പെടുത്തി വലിയ രാഷ്ട്രീയ കക്ഷികൾക്കു മാത്രം അധികാരം കയ്യടക്കാൻ അവസരം ഒരുക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കാൻ വേണ്ടിയാണെന്ന വാദം ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണെന്നാണ് വിമർശനം. തെരഞ്ഞെടുപ്പുകൾക്ക് സർക്കാർ വലിയ തുകയൊന്നും ചെലവഴിക്കുന്നില്ല. തെരഞ്ഞെടുപ്പ് ചെലവുകളിൽ വലിയ ഭാഗം വഹിക്കുന്നത് രാഷ്ട്രീയ കക്ഷികളാണെന്ന് അറിയാത്തവരായി രാജ്യത്താരും ഉണ്ടാവില്ല.
ഒരൊറ്റ തെരഞ്ഞെടുപ്പ് നടന്നാൽ കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ പാർട്ടിക്കായിരിക്കും അവർ വോട്ടു നൽക്കുകയെന്നും വോട്ടര്‍മാരുടെ ചില രീതികൾ പരിശോധിച്ച പല സർവേകളും പറയുന്നു. 1989 നും 2016 നു മിടയിൽ 31 തവണ സമാനമായ തെരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ടെന്നും ഇവയിൽ 24 തവണയും വോട്ടര്‍മാർ കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാർട്ടിക്കാണ് വോ­ട്ടു ചെയ്തെന്നുമാണ് സർവേയിലുള്ളതെന്ന് പ്രമുഖ ആക്ടീവിസ്റ്റും എഴുത്തുകാരിയുമായ ഉജ്ജയിനിഹലിന്റെ രേഖയിൽ പറയുന്നു.


ഇതുകൂടി വായിക്കൂ: ജനാധിപത്യം ധ്വംസിക്കപ്പെടുന്ന പാര്‍ലമെന്റ്


പാർലമെന്റിലേക്കും അസംബ്ലിയിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് കഴിഞ്ഞ് സർക്കാരുകൾ നിലവിൽ വന്നതിനുശേഷം ഒരംഗം അന്തരിക്കുകയോ രാജിവയ്ക്കുകയോ മൂലം ഉണ്ടാകുന്ന ഒഴിവു നികത്താൻ കാലാവധി കഴിയുന്നതുവരെ കാത്തിരിക്കേണ്ടതായിവരുമോ എന്ന സംശയവും ഭരണത്തിനെതിരെ അവതരിപ്പിക്കേണ്ടിവരുന്ന അവിശ്വാസ പ്രമേയം മൂലം രാജി വയ്ക്കേണ്ടതായിവരുകയോ, തുടർന്ന് ഭരണം ഏറ്റെടുക്കാൻ ആർക്കും ഭൂരിപക്ഷം ഇല്ലാതാവുകയോ വന്നാൽ സംസ്ഥാന ഭരണം കേന്ദ്ര സർക്കാരിന് ഏറ്റെടുക്കേണ്ടിവരും. അത്തരം സംഭവങ്ങൾക്കിടയായാൽ ഇവയും തെരഞ്ഞെടുപ്പിനായി കാലാവധി അവസാനിക്കുന്നതുവരെ കാത്തിരിക്കേണ്ടതായി വരുമോയെന്ന ആശങ്കയും അസ്ഥാനത്തല്ല. ഇത് ഫെഡറൽ സംവിധാനത്തിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
ഒറ്റ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിൽ ഇടതു പാർട്ടികളും ബിജെപി അടക്കമുള്ള എൻഡിഎ ഘടകകക്ഷികളും പങ്കെടുത്തിരുന്നു. മറ്റെല്ലാ കക്ഷികളും ബഹിഷ്കരിക്കുകയായിരുന്നു. യോഗത്തിൽ പങ്കെടുത്ത ഇടതു പാർട്ടികൾ ശക്തമായ വിമർശനമാണ് നടത്തിയത് അതു വകവയ്ക്കാതെ ഇതെക്കുറിച്ച് പഠിക്കാൻ രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ പാർലമെന്റ് കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.