January 26, 2023 Thursday

പത്തനംതിട്ട ജില്ലയിൽ നിരോധനാജ്ഞ ഏപ്രിൽ 14 വരെ നീട്ടി ഉത്തരവിറക്കി

Janayugom Webdesk
പത്തനംതിട്ട
March 31, 2020 4:05 pm

കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ നിരോധനാജ്ഞ ഏപ്രിൽ 14 വരെ നീട്ടി ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉത്തരവിറക്കി. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകുന്നതിനും പൊതുസമാധാനം നിലനിർത്തുന്നതിനും ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം പുറപ്പെടുവിച്ചിരുന്ന നിരോധനാജ്ഞയാണ് ഏപ്രിൽ 14ന് അർധരാത്രി വരെ ദീർഘിപ്പിച്ചത്. ജനങ്ങൾ കൂട്ടം ചേരുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയുമാണ് ഉത്തരവ്.

കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് ഉൾപ്പടെയുളള പൊതുഗതാഗത സംവിധാനങ്ങൾ ഈ കാലയളവിൽ നിർത്തിവയ്ക്കണം. എന്നാൽ, അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും എമർജൻസി മെഡിക്കൽ സഹായത്തിനും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം. വാഹനത്തിൽ ഡ്രൈവറെ കൂടാതെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് കൂടി മാത്രം യാത്ര ചെയ്യാം. മെഡിക്കൽ ആവശ്യങ്ങൾക്കും അവശ്യസാധനങ്ങളുടെ ട്രാൻസ്പോർട്ടേഷനും മാത്രമായേ ഓട്ടോറിക്ഷകളും ടാക്സികളും ഉപയോഗിക്കാൻ പാടുള്ളു. പെട്രോൾ പമ്പിന്റെ പ്രവർത്തനം, എൽപിജിയുടെ വിതരണം, വൈദ്യുതി, ടെലികോം സേവനം എന്നിവ തടസപ്പെടുത്താൻ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി.

പലചരക്ക്, പച്ചക്കറി, പാൽ, മത്സ്യം, മാംസം, തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ മാത്രമേ പ്രവർത്തിക്കാൻ പാടുളളു. മറ്റ് ഒരു സ്ഥാപനങ്ങളും ഈ കാലയളവിൽ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. ഹോട്ടലുകളിൽ നിന്നും ഹോം ഡെലിവറി മാത്രമായി ഭക്ഷണം നൽകാം. ഒരു കാരണവശാലും ഹോട്ടലുകളിൽ ഭക്ഷണം വിളമ്പാൻ പാടില്ല. മെഡിക്കൽ ഷോപ്പുകൾ സമയപരിധി ബാധകമല്ലാതെ പ്രവർത്തിക്കണം.

ആരാധനാലയങ്ങളില്‍ ഒഴിച്ച് കൂടാനാവാത്തതും ആചാര അനുഷ്ഠാനത്തിന്റെ ഭാഗവുമായ ചടങ്ങുകൾ മാത്രം നടത്തണം. യാതൊരു കാരണവശാലും അഞ്ചിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ആരാധനകളോ, ഉൽസവങ്ങളോ മറ്റു ചടങ്ങുകളോ നടത്താൻ പാടില്ല. ജനങ്ങള്‍ അനാവശ്യമായി വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല. അത്യാവശ്യമായി പുറത്തിറങ്ങേണ്ട സാഹചര്യം ഉണ്ടായാൽ മറ്റൊരു വ്യക്തിയിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കണം.

ഉൽസവങ്ങൾ, പൊതുചടങ്ങുകൾ, ആഘോഷപരിപാടികൾ എന്നിവ ഒരു കാരണവശാലും അനുവദിക്കില്ല. സിആർപിസി 144 ൽ നിഷ്കർഷിച്ചിട്ടുളളതിൻ പ്രകാരം ഒരു സ്ഥലത്ത് അഞ്ചു പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടിയാൽ ഐപിസി 188 പ്രകാരം ശിക്ഷാർഹരാണ്. മാര്‍ച്ച് 10ന് ശേഷം വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നിട്ടുളളവർ നിർബന്ധമായും ആരോഗ്യം, പോലീസ്, പഞ്ചായത്ത്, റവന്യൂ അധികാരികളെ വിവരം അറിയിക്കണം. ഇവർ നിരീക്ഷണത്തിൽ തുടരുകയും അധികാരികളുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. നിർദേശങ്ങൾ അനുസരിക്കാതിരിക്കുകയോ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അറസ്റ്റ് അടക്കമുളള നിയമനടപടികൾ നേരിടേണ്ടി വരും.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.