23 April 2024, Tuesday

മതാതീത സംസ്കാരം

അജിത് കൊളാടി
വാക്ക്
September 25, 2021 5:30 am

നമ്മുടെ ഹൃദയസ്പന്ദനത്തിന് ഒരു വലിയ തകരാർ സംഭവിച്ചിരിക്കുന്നു. കൃത്രിമ ദൈവങ്ങളോടുള്ള ഭയം കൊണ്ട് പറയേണ്ടത് പറയാൻ മടിക്കുകയും, ചെയ്യേണ്ടത് ചെയ്യാൻ മടിക്കുകയും ചെയ്യുന്ന ഒരു ലോകമായി മാറി നാം. രാഷ്ട്രീയവും മതവും, ഇന്ത്യയിൽ ഇന്ന്, അവയുടെ ശ്രേഷ്ഠ ലക്ഷ്യങ്ങളിൽ നിന്ന് ഭൃഷ്ടമായി, മറ്റെന്തോ ആയിക്കഴിഞ്ഞു. ഇവിടെ രാഷ്ട്രീയം മതവും, മതം രാഷ്ട്രീയവുമായി മാറി. ചീത്ത മതത്തിനും, ചീത്ത രാഷ്ട്രീയത്തിനും കൂടി ചേരാൻ ഒട്ടും പ്രയാസമില്ല.

ഇന്ന് ആരാധനയിൽ മാത്രമെ ദൈവമുള്ളു. ആരുടെ ഉള്ളിലും ദൈവത്തിന്റെ ആരാധന നടക്കുന്നില്ല. ഉന്നതന്മാർ, ഹെലികോപ്റ്ററിലും, വിമാനത്തിലും, ഭക്തന്മാർ ചമഞ്ഞ് ദൈവത്തെ കാണാൻ പോകുന്നു. ആൾ ദൈവങ്ങളെയും കാണുന്നു. എന്നിട്ടോ, വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകര സന്തതിയായ മതഭ്രാന്തും കൂടി ഈ സുന്ദര ഭൂമിയെ ദീർഘകാലമായി കൈയടക്കിയിരിക്കുന്നു. അവർ ഇന്ത്യയിൽ സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു.

മതത്തിന്റെ പേരിൽ മതവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നതാണ്, പ്രവർത്തിക്കുന്നതാണ് ചിലരുടെ മതം. അതാണ് നാമിന്ന് ചുറ്റും കണ്ടുകൊണ്ടിരിക്കുന്നത്. മതമെന്നുവച്ചാൽ ഇതൊന്നുമല്ല എന്നും, സത്യം, സ്നേഹം, സാഹോദര്യം തുടങ്ങിയ ഉത്കൃഷ്ടതകളാണ് യഥാർത്ഥ മതമെന്നും, ഡോ. സർവേപ്പിള്ളി രാധാകൃഷ്ണനടക്കം പല പൂർവികരും പറഞ്ഞിട്ടുണ്ട്.

 


ഇതുംകൂടി വായിക്കൂ: നക്കിത്തിന്നാന്‍‍ ഉപ്പില്ലെങ്കിലും നാവിനു നാലുമുഴം


 

ഭാരതം പറഞ്ഞ തത്വം വിശാലമാണ്. അത് ഉപദേശിക്കുന്ന ഗുരുവിനെപ്പോലെ അനന്തമാണ്. അതിന്റെ സൂര്യൻ എല്ലാവരുടെയും മേൽ ഒരു പോലെ പ്രകാശിക്കും. അത് ഹിന്ദു, ബുദ്ധ, ക്രൈസ്തവ, മുഹമ്മദീയ ധർമ്മങ്ങളിൽ ഒന്നു മാത്രമായിരിക്കില്ല. അവയുടെ ആകെ തുക ആയിരിക്കും. അത് വിശ്വ വിശാലതയിൽ സർവ മനുഷ്യരേയും, അതിന്റെ ബാഹുക്കളിലൊതുക്കി ആശ്ലേഷിക്കുന്നു. എല്ലാവരിലും ഒരേ ചൈതന്യത്തെ അത് അംഗീകരിക്കുന്നു. നാനാത്വത്തിൽ ഏകത്വമാണ് പ്രകൃതി കല്പിതം എന്ന് ഭാരതീയ ചിന്ത പറയുന്നു. ഭാരതീയ ചിന്ത പ്രകാരം, മത പ്രപഞ്ചം മുഴുവനും തന്നെ പല നിലയിലും, പരിതസ്ഥിതിയിലും കൂടി സ്ത്രീ പുരുഷന്മാരുടെ ഒരേ ലക്ഷ്യത്തിലേക്കുള്ള യാത്ര ചെയ്യൽ, അടുത്തെത്തൽ മാത്രമാണ്. ഭൗതിക മനുഷ്യനിൽ നിന്ന് ഈശ്വരനെ ആവിഷ്കരിക്കാനാണ് ദാർശനികർ പറഞ്ഞത്, പ്രവാചകർ പറഞ്ഞത്.

വിശ്വജനീനതയും, മാനവികതയുമാണ് ഭാരതീയ സംസ്കാരത്തിന്റെ ലക്ഷണങ്ങൾ. മനുഷ്യനെ മനുഷ്യനായി കാണാൻ അത് പഠിപ്പിക്കുന്നു. മനുഷ്യനെ ഹിന്ദുവായും, മുസ്‌ലിമായും, ക്രിസ്ത്യാനിയായും കാണരുത് എന്ന് ഭാരതിയ ചിന്ത ഉദ്ഘോഷിക്കുന്നു. ഭാരതീയ സംസ്കാരം എപ്പോഴും അന്വേഷിച്ചത് മനുഷ്യന്റെ മഹോന്നതമായ മഹിമയും ഉത്കർഷവുമാണ്.

പാശ്ചാത്യ ചിന്ത മതത്തിനോട് വിശേഷിച്ച് ക്രിസ്തുമതത്തിന്റെ മധ്യകാലാചാരങ്ങളോടും, രാഷ്ട്രീയ സമീപനങ്ങളോടും ശക്തിയോടെ ഏറ്റുമുട്ടിയപ്പോൾ, സെക്കുലറിസം രൂപം പൂണ്ടു. പള്ളിയുടെ അധികാരികൾ രാജ്യഭരണത്തിൽ നിയന്ത്രണവും സ്വാധീനവും ചെലുത്തുന്നതിനെതിരെയുള്ള ഒരു വിമോചന പ്രസ്ഥാനമായിരുന്നു അത്. ക്രിസ്തുമതത്തിലെ അധികാരി വർഗത്തിന്റെ കാഴ്ചപ്പാടിലൂടെ ശാസ്ത്രവും, രാഷ്ട്ര ഭരണവും, സദാചാരവും നീങ്ങിക്കൊള്ളണമെന്ന പ്രബലമായ ധാരണയെ ഗലീലിയോവും, മാർട്ടിൻ ലൂഥറും, ഇഗ്നേഷ്യസ് ലയോളയും, റൂസോയും, ബർട്രാൻഡ് റസലും ഒക്കെ വിവിധ കാലങ്ങളിൽ തകർത്തു കളഞ്ഞത് ചരിത്രത്തിലൂടെ നാം കണ്ടു. പതിനാലാം നൂറ്റാണ്ടിലെ യുറോപ്യൻ നവോത്ഥാന, മതനവീകരണ പ്രസ്ഥാനങ്ങൾ, ദൈവത്തെ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവന്നതും നാം കണ്ടു. ഇതൊക്കെ പൗരോഹിത്യത്തിനും അറിയാം. എന്നാൽ ഇന്നും, മതത്തിന്റെ ഗിരിശൃംഗങ്ങളിലെ അത്യുന്നത മൂല്യങ്ങളിൽ നിന്ന്, ഇറങ്ങി വന്ന്, താഴെ തട്ടിൽ അസഹിഷ്ണുത പ്രചരിപ്പിക്കുന്നവരുടെ എണ്ണം കൂട്ടുന്നു. അതിലൂടെ അധികാരവും സമ്പത്തും നിലനിർത്താനും, കുന്നു കൂട്ടാനും, അപ്രമാദിതം നിലനിർത്താനും നിതാന്ത ശ്രമം നടത്തുന്നു, മത നേതൃത്വം.

 


ഇതുംകൂടി വായിക്കൂ: മതേതരത്വം ഉയർത്തിപ്പിടിക്കുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സാധിക്കണം: കാനം


 

ഇന്ത്യയുടെ സെക്കുലറിസത്തിൽ മത വിരോധം ഒരു ഘടകമല്ല, നമ്മുടെ സെക്കുലറിസത്തിന്റെ പൈതൃകം ഉപനിഷത്തിലും, ബുദ്ധിയും കാണാം. മതവിരോധമല്ല, മതാന്തര വിരോധം ആണ് ഇന്ത്യയുടെ സെക്കുലറിസം എന്ന് ഡോ. എസ് രാധാകൃഷ്ണൻ പറയും. മതഭ്രാന്തിൽ നിന്ന് മുക്തമായ യഥാർത്ഥ മതത്തിന്റെ ഉദാരവീക്ഷണമാണ് അത്. ഈ മനോഭാവമാണ് നമ്മെ രക്ഷപ്പെടുത്തുക. അല്ലാതെ പുരോഹിതരുടെ ഭാഷണങ്ങളല്ല.

മാനവരാശിയുടെ സകലവിധ ക്ഷേമത്തിനും, മോചനത്തിനുമുള്ള ദർശനങ്ങൾ, മതങ്ങളുടെ പരമ്പരാഗത വിശ്വാസങ്ങളിൽ നിന്നോ, അഭിപ്രായങ്ങളിൽ നിന്നോ, സൃഷ്ടിക്കുവാൻ സാധിക്കുമോ എന്നത് ഇന്നത്തെ ലോകത്തിലെ ജനത ചിന്തിക്കേണ്ടതാണ്. പരിശുദ്ധ ഗ്രന്ഥങ്ങൾ, മധ്യകാലഘട്ടത്തിലും, പൗരാണിക കാലത്തും പ്രസക്തമായതുപോലെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഈ കാലത്ത് പ്രസക്തമാകുമോ? ജീവകണങ്ങളുടെ യന്ത്രകാരക പ്രവർത്തനവും, ആഗോളതാപനവും, സൈബർ യുദ്ധവും നടക്കുന്ന ഈ കാലത്ത് വിശുദ്ധ ഗ്രന്ഥങ്ങൾക്ക് സമകാലിക വിവരങ്ങൾ വിശദീകരിക്കാനാവുമോ? ലോകത്തിലെ പ്രധാന മതങ്ങളായ ക്രൈസ്തവ, ഇസ്‌ലാം, ഹിന്ദു ദർശനങ്ങൾക്ക് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന മഹാമാരിയടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്നുണ്ടോ? സാങ്കേതിക വൈദഗ്ധ്യത്തിന്റെ മേഖലകളിലും, നയപരമായ പ്രശ്നങ്ങളിലും, സ്വത്വബോധ പ്രശ്നങ്ങളിലും എത്രമാത്രം ഈ കാലത്ത് മതങ്ങൾക്ക് ഇടപെടാൻ സാധിക്കും?

എന്നാൽ മതേതര വാദികൾ ലോകത്ത് ന്യൂനപക്ഷമാണ്. കോടാനുകോടി ജനത ഇന്നും വിശുദ്ധ ഗ്രന്ഥങ്ങളിൽ വിശ്വസിക്കുന്നവരാണ്. ഇന്നും ലോകത്തിലെ പല രാജ്യങ്ങളിലും മത പ്രസ്ഥാനങ്ങൾ, മതനേതാക്കൾ രാജ്യങ്ങളുടെ ഭാഗധേയം നിർണയിക്കുന്നു. തുർക്കി, ഇന്ത്യ, മുസ്‌ലീം മത രാഷ്ട്രങ്ങൾ, റഷ്യ, യൂറോപ്പിലെ പല രാജ്യങ്ങളിലും നാം അത് കാണുന്നു. നൈജീരിയ, ഫിലിപ്പിൻസ്, സുഡാൻ, എത്യോപ്യ, തുടങ്ങിയ രാജ്യങ്ങളിൽ മത വിഭാഗങ്ങൾ തമ്മിലുള്ള കടുത്ത ശത്രുത, രാഷ്ട്രീയത്തെ തീരുമാനിക്കുന്നു.

 


ഇതുംകൂടി വായിക്കൂ: പുണ്യം ചുമക്കുന്ന ശവഗംഗ


 

പഴയ കാലത്ത് ദൈവികമായ കലണ്ടറുകൾ ഉണ്ടായിരുന്നു. അതിൽ രേഖപ്പെടുത്തിയതനുസരിച്ചാണ് ഏതു ചെടി, വൃക്ഷം തുടങ്ങിയവ നടണം, എന്ന് വിളവ് എടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത്. മഴ പെയ്യാനും മററും ക്ഷേത്രാചാരങ്ങളെ കൂട്ടുപിടിച്ചു. കനത്ത വരൾച്ചയുണ്ടാകുമ്പോൾ, വെട്ടുകിളി ആക്രമണം ഉണ്ടാകുമ്പോൾ, കർഷകർ പുരോഹിതരോട് ആവശ്യപ്പെട്ടിരുന്നു, ദൈവത്തോട് സംഭാഷണം നടത്തി പരിഹാരം കാണാൻ. ആ കാലത്ത് വൈദ്യവും മതപുരോഹിതരുടെ കൈക്കലായിരുന്നു. പല പ്രവാചകരും, ഗുരുക്കന്മാരും അസുഖങ്ങൾ മാറ്റിയ കഥകൾ നാം വായിച്ചിട്ടുണ്ട്.

ഇന്നത്തെ ലോകത്ത്, ജീവശാസ്ത്രജ്ഞരും, ശസ്ത്രക്രിയാ വിദഗ്ധരും, ആരോഗ്യരംഗത്തെ നയിക്കുന്നു. പുരോഹിതരും, അത്ഭുത വിദ്യകൾ കാണിക്കുന്ന മന്ത്രവാദികളും പ്രസക്തരല്ല. ഇപ്പോഴും വ്യത്യസ്ത മതക്കാർ, അവർ വിശ്വസിക്കുന്ന ദൈവങ്ങളെ, പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് ആപത്ത് വരുമ്പോൾ. അതേ സമയത്ത് തന്നെ, അതിനേക്കാൾ മുൻപ്, അവർ പ്രതിസന്ധികളെ അതിജീവിക്കാൻ, ആപത്ത് തരണം ചെയ്യാൻ, ശാസ്ത്രത്തിന്റെ പാത പിന്തുടരുന്നു. ഒരാൾക്ക് അസുഖം ഭേദമാകാൻ പ്രാർത്ഥിക്കുമെങ്കിലും, അതിനെക്കാൾ വേഗതയിൽ അടുത്ത ആശുപത്രിയിൽ അഭയം തേടും. പൗരോഹിത്യം അടക്കിവാണ, മാനസിക രോഗ രംഗത്തും, ഇന്ന് നായകത്വം മനശാസ്ത്ര വിദഗ്ധർക്കാണ്. ശാസ്ത്രത്തിന്റെ വിജയം, മതത്തെ സംബന്ധിച്ച ആശയത്തെ മാറ്റത്തിനു വിധേയമാക്കി. ഇന്ന് കൃഷിയുമായും, മരുന്നുമായും, പൊതു വികസന പ്രക്രിയയിലും മതത്തിന് ബന്ധമില്ല.

യഥാർത്ഥത്തിൽ പുരോഹിതന്മാർ ചെയ്തിരുന്നത് വ്യാഖ്യാനങ്ങളാണ്. പ്രകൃതിയിലെ ഓരോ സംഭവത്തിനും, അവർ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ചു. അല്ലാതെ അവർ മഴ പെയ്യിച്ചിട്ടില്ല, നല്ല വിളവെടുപ്പ് ഉണ്ടാക്കിയിട്ടില്ല. പക്ഷെ, അവർ, അവർക്കു തന്നെ അത്ഭുതശക്തി കൽപിച്ചു കൊടുത്തു. പ്രകൃതിയുടെ പല പ്രതിഭാസങ്ങളെയും വിശദീകരിക്കാൻ കഴിയാതെ വരുമ്പോൾ, പൌരോഹിത്യം അതിന്റെ ഉത്തരവാദിത്തം ദൈവത്തിലേക്ക് ഏല്പിക്കും. ശാസ്ത്രം വിശദീകരണങ്ങൾ നടത്തുമെങ്കിലും, തെറ്റുപറ്റിയാൽ അത് സമ്മതിച്ച് പുതിയ വഴികൾ തേടും. മനുഷ്യ ജീവിതത്തിന്റെ പുരോഗതിക്ക് പുതിയ പാതകൾ കണ്ടെത്തും ശാസ്ത്രം. എന്നാൽ പൗരോഹിത്യം എപ്പോഴും ഒഴികഴിവ് പറഞ്ഞുകൊണ്ടിരിക്കും. ശാസ്ത്ര സാങ്കേതിക വൈദഗ്ധ്യത്തിന്റെ വളർച്ചയുടെ ഫലമായി ലോകം തന്നെ ഒരു സംസ്കാരമായി മാറികൊണ്ടിരിക്കുന്ന ഈ കാലത്ത്, പൗരോഹിത്യ സ്വാധീനം മിക്ക രാഷ്ട്രങ്ങളിലും ഗണ്യമായി കുറയുന്നു.

 


ഇതുംകൂടി വായിക്കൂ: നിയമസംവിധാനങ്ങളും മഹാമാരിയും വംശീയ വിദ്വേഷത്തിന്


 

പക്ഷെ ശാസ്ത്ര രംഗത്ത്, ഓരോ രാഷ്ട്രവും, നടപ്പിലാക്കേണ്ട നയങ്ങളെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. ആഗോള താപനം ഒരു വസ്തുതയാണ് എന്ന് ശാസ്ത്രലോകം മുഴുവൻ അംഗീകരിക്കുമ്പോൾ തന്നെ, അതുകൊണ്ടുണ്ടാകുന്ന സാമ്പത്തിക രംഗത്തെ അപകടങ്ങളെ കുറിച്ച് ശാസ്ത്രജ്ഞർക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണ്. പരമ്പരാഗത മതങ്ങൾക്ക് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാവില്ല. മൂലധനശക്തികളുടെ ദുരാഗ്രഹവും, മനുഷ്യ ചൂഷണവും പുരോഹിതർക്ക് നിയന്ത്രിക്കാൻ സാധിക്കില്ല. ഇപ്പോഴും പല രാജ്യങ്ങളിലും സാമ്പത്തിക നയരൂപീകരണത്തിൽ മതാധ്യക്ഷന്മാർ സ്വാധീനം ചെലുത്തുന്നു. എന്നിട്ടും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർധിക്കുന്നു.

ഇന്ന് ലോകത്തെ പിടിച്ചു കുലുക്കുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മതദർശനങ്ങളെ മാത്രം ആശ്രയിക്കാൻ പറ്റുമോ? ലോകത്തിലെ അതിപ്രഗത്ഭരായ സാമ്പത്തിക വിശാരദന്മാരുടെ ഗ്രന്ഥങ്ങളെയും, പഠനങ്ങളെയും, അഭിപ്രായങ്ങളെയും അശ്രയിച്ചേ മതിയാകൂ.

അനന്തമായ ആശയങ്ങളുടെ കലവറയാണ് വിശുദ്ധ ഗ്രന്ഥങ്ങൾ. പക്ഷെ അതിദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിലെ സാമ്പത്തിക രംഗത്ത്, അനുവർത്തിക്കപ്പെടേണ്ട ആശയങ്ങളിൽ, വിശുദ്ധ ഗ്രന്ഥങ്ങൾക്ക് എത്രത്തോളം പ്രസക്തിയുണ്ട് എന്നത് ചിന്തനീയമാണ്. ബഹുരാഷ്ട്ര കുത്തക മൂലധനത്തിന്റെ സർവാധിപത്യം തടയാൻ മതദർശനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. സ്വാർത്ഥതയും, ദുരാഗ്രഹവും, സ്വജനപക്ഷപാതവും, അനീതിയും, അധർമ്മവും, അസഹിഷ്ണുതയും, അതിരുകളില്ലാത്ത ലാഭക്കൊതിയും തടയാൻ പൗരോഹിത്യത്തിനു കഴിഞ്ഞിട്ടില്ല, കഴിയില്ല. ഇന്നത്തെ ലോകത്ത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് മനുഷ്യ ജീവന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്താൻ കഴിയും എന്നത് വസ്തുതയാണ്. അവിടെ പരമ്പരാഗത മതങ്ങൾ എന്തുചെയ്യും?

 


ഇതുംകൂടി വായിക്കൂ: വർഗീയതയെ ചെറുക്കൽ കേരളത്തിൽ നിന്നുള്ള പാഠങ്ങൾ


 

മതങ്ങൾക്ക് വ്യാപകമായ പകർച്ചവ്യാധികളെ, ഇല്ലാതാക്കാൻ കഴിയില്ല. വെള്ളപ്പൊക്കം തടയാൻ കഴിയില്ല. വരൾച്ച, മഞ്ഞുവീഴ്ച തടയാൻ കഴിയില്ല. അതു കൊണ്ട് വ്യാഖ്യാനങ്ങൾ വരും. ദൈവത്തിൽ അതിന്റെ ഉത്തരവാദിത്തം ഏല്പിക്കും. പക്ഷെ, മത നേതാക്കൾ ലോക ജനതയെ ‘ഞങ്ങൾ’ എന്നും ‘നിങ്ങൾ’ എന്നും, ‘അവർ’ എന്നും മുദ്രകുത്തുന്നു. പല ലേബലുകളും ഉണ്ടാകുന്നു. ബന്ധങ്ങൾ ഉണ്ടാക്കാനും, നശിപ്പിക്കാനും അവർ ആചാരങ്ങളെ, അനുഷ്ഠാനങ്ങളെ പ്രാർത്ഥനകളെ ഉപയോഗിക്കുന്നു. ഒരേ മതത്തിൽ തന്നെ, അതിനായ്, വ്യത്യസ്ത രീതിയിലുള്ള വേഷങ്ങളും, പ്രാർത്ഥനകളും ഉപയോഗിക്കുന്നു. വിവിധ രീതിയിലുള്ള ഭൃഷ്ട് കൽപിക്കലും കാണാം പലയിടത്തും.

“ആകാശാൽ പതിതം തോയം,

യഥാ ഗച്ഛതി സാഗരം

സർവ്വ ദേവ നമസ്കാരം

കേശവം പ്രതി ഗച്ഛതി”- ‘ആകാശത്തിൽ നിന്നു വീഴുന്ന വെള്ളം എങ്ങനെ കടലിലേക്ക് പോകുന്നുവോ, അതുപോലെ ഏതു ദേവനെ വാഴ്ത്തിയാലും, അത് ജഗന്നിയന്താവിനെ പ്രാപിക്കുന്നു’. ഈ ഉജ്ജ്വലമായ ആശയം ഉടലെടുത്ത ഇന്ത്യയിൽ എങ്ങിനെ മത വൈരം സാധിക്കും. സംശുദ്ധമല്ലാത്ത ഭാഷണം എങ്ങിനെ പൗരോഹിത്യത്തിനു സാധിക്കും. മനുഷ്യമതമല്ലെ യഥാർത്ഥ മതം. അതല്ലെ പ്രവാചകർ ഉദ്ഘോഷിച്ചത്. മതം പേരിൽ മാറാം. സാരത്തിൽ മാറില്ല.

ഉത്തമനായ മുസ്‌ലിമും, ഉത്തമനായ ക്രിസ്ത്യാനിയും, ഉത്തമനായ ഹിന്ദുവും പരസ്പരം കലഹിക്കില്ല. അവർ ഉത്തമമായ ഹൃദയം സാക്ഷാത്കരിക്കുന്നു. അവനാണ് യഥാർത്ഥ മനുഷ്യൻ. ഈ അവസ്ഥയാണ് സെക്യുലറിസം. അത് ജീവിതമാണ്. ജീവിതത്തിന്റെ ചൈതന്യമാണ്. അതാണ് വേണ്ടത്. അല്ലാതെ ചീത്ത വാക്കുകൾ ഉരിയാടുകയോ, ചീത്ത പ്രവൃത്തികൾ ചെയ്യുകയോ അല്ല വേണ്ടത്. നമ്മുടെ വൃത്തികെട്ട സങ്കുചിതത്വങ്ങളെ മറന്ന് പുതിയ ഓർമ്മകൾ ഉണ്ടാകണം. സങ്കുചിത ലോകത്തെ മറികടക്കാൻ മനുഷ്യനെ ഒന്നായി കാണണം. അതിന് മതാതീത സംസ്കാരം സഹായമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.