മതനിരപേക്ഷ ജനാധിപത്യം അപകടത്തിലേക്ക്

Web Desk
Posted on December 28, 2018, 10:20 pm

ന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥ അത്യന്തം വിപല്‍ക്കരമായ പതനത്തിലെത്തി നില്‍ക്കുകയാണ്. അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ എക്‌സിറ്റ് പോളുകളെ അപ്പാടെ തിരുത്തിക്കൊണ്ട് ബിജെപിക്ക് വന്‍ തിരിച്ചടിയായി. ലോകസഭാ തെരഞ്ഞെടുപ്പ് താമസിയാതെ നടക്കും. രാജ്യമൊട്ടാകെ തെരഞ്ഞെടുപ്പ് ചൂടിലാണ്. മതനിരപേക്ഷ ജനാധിപത്യം സമീപകാലം വരെ വലിയ പോറല്‍ ഏല്‍ക്കാതെ നിലനിന്നിരുന്ന കേരളം, ശബരിമല വനിതാ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധിയെത്തുടര്‍ന്ന് ഭൂരിപക്ഷ വര്‍ഗീയതയുടെ കളിക്കളമായി മാറുമോ എന്ന ആശങ്കയിലാണ്.

ഉത്തരേന്ത്യയില്‍ നടന്നുവരുന്ന ആള്‍ക്കൂട്ട അതിക്രമങ്ങളും ദുരഭിമാന കൊലകളും നമ്മുടെ നാടിനെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഹിന്ദുത്വത്തിന്റെ പേരില്‍ കിടമത്സരത്തിന്റെ വേദിയായി ഇന്ത്യയിലെ സെക്യുലര്‍ ഡെമോക്രസി അധഃപതിക്കുമോ എന്ന് സംശയിക്കുന്നവരുടെ എണ്ണം ഏറി വരികയാണ്. പൊതുവില്‍ മതനിരപേക്ഷ മൂല്യങ്ങള്‍ മുറുകെ പിടിച്ചുവന്നിട്ടുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയും മൃദു ഹിന്ദുത്വത്തിന് വഴങ്ങികൊടുക്കുക വഴി തീവ്രഹിന്ദുത്വത്തെ ചെറുത്തുതോല്‍പിക്കാന്‍ രംഗത്തുവന്നിരിക്കുന്നു! മോഡിയും സംഘപരിവാറും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഹിന്ദു ക്ഷേത്ര ദര്‍ശനങ്ങളെ തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് വ്യാഖ്യാനിച്ച് രംഗത്തുവന്നിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഇതാദ്യമായിട്ടാണ് രാജ്യത്തെ നയിക്കാന്‍ പ്രാപ്തനായ വ്യക്തിയെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡമായി മതമോ, ജാതിയോ, ഉപജാതിയോ പ്രധാന ഘടകമായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. വ്യക്തിപരമായ മതവിശ്വാസവും ഹിന്ദു ദേശീയതയും ഒന്നാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് സംഘപരിവാറിന്റെ മുഖ്യ അജണ്ട എന്നിരിക്കെ, മതനിരപേക്ഷ നിലപാടില്‍ വെള്ളം ചേര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ വ്യഗ്രത അവര്‍ക്കുതന്നെ തിരിച്ചടിയായാലും അത്ഭുതപ്പെടേണ്ടതില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഒരു മുന്‍കരുതല്‍ അനിവാര്യമാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക തത്വവും നിലപാടും മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയെ ശക്തമാക്കുക എന്നതാണല്ലോ. നീതിന്യായവ്യവസ്ഥ ഉള്‍പ്പെടെയുള്ള ഭരണവ്യവസ്ഥ ഹിന്ദുക്കളുടെ മാത്രം കുത്തകയാണെന്ന സമീപനത്തെ ചെറുത്തുതോല്‍പിക്കാന്‍ നാമെല്ലാം പ്രതിജ്ഞാബദ്ധവുമാണ്. ന്യൂനപക്ഷ സമുദായക്കാരായ മുസ്‌ലിം, ക്രിസ്ത്യന്‍ ജനതകള്‍ അതിക്രമിച്ചെത്തിയവരാണെന്ന സമീപനം അംഗീകരിക്കാന്‍ സാധ്യമല്ല. ആര്‍എസ്എസ് മുറുകെ പിടിക്കുന്ന ഗോള്‍വള്‍ക്കറുടെ ഈ വീക്ഷണം ഇന്ത്യന്‍ മതനിരപേക്ഷ വ്യവസ്ഥയ്ക്ക് ഉള്‍ക്കൊള്ളാനാവില്ല. ഒരു യഥാര്‍ഥ ഹിന്ദുമതവിശ്വാസിക്ക് ഒരിക്കലും ഒരു സംഘപരിവാര്‍ അനുയായിയാവാന്‍ കഴിയില്ല. ഈ യാഥാര്‍ഥ്യം കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചറിഞ്ഞേ മതിയാകൂ.
കോണ്‍ഗ്രസ് നേതൃത്വം മൃദുഹിന്ദുത്വത്തിന് വഴങ്ങുന്നു എന്ന സ്ഥിതി വരുന്നതോടെ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനശിലയായ മതനിരപേക്ഷ ജനാധിപത്യം തന്നെ ഭീഷണിയിലാകുകയാണ്. അന്ധമായ മതവിശ്വാസത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അതിന്റെ ബാനറില്‍ വോട്ട് തേടുകയും ചെയ്യുന്നത് സെക്യുലര്‍ ഡെമോക്രസിയുടെ നിഷേധമാണ്. സമീപകാലത്ത് ഇത്തരമൊരു പ്രവണത മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍, ഒരു പരിധിവരെ ഇടതുപാര്‍ട്ടികള്‍ പോലും, അധികാരത്തിലേക്കുള്ള കുറുക്കുവഴി എന്ന നിലയില്‍ ശ്രമിച്ചുവരുന്നതായും കാണുന്നുണ്ട്. ഇത്തരമൊരു ലക്ഷ്യപ്രാപ്തിക്കായി ഭീഷണിയും ശാരീരികമായ ആക്രമണങ്ങളും പീഡനമുറകളും കൊലപാതകങ്ങളും വന്‍തോതില്‍ സംഘടിപ്പിച്ചുവരുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന നിയമവ്യവസ്ഥയുടെ സംരക്ഷണവും മനുഷ്യാവകാശ സംരക്ഷണവും അപ്രത്യക്ഷമാകുമെന്ന സ്ഥിതി വന്നാല്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറ തോണ്ടാന്‍ ഇടയാക്കുമെന്നതാണ് കാലഘട്ടത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. ആയിരക്കണക്കിന് ഹിന്ദുമത വിശ്വാസികളും അവരുടെ അനുയായികളായ സാമൂഹ്യവിരുദ്ധരും വിശ്വ ഹിന്ദു പരിഷത്തിന്റെയും ആര്‍എസ്എസിന്റെയും ശിവസേനയുടെയും നേതൃത്വത്തില്‍ അയോധ്യയിലേക്ക് നടത്തിയ മാര്‍ച്ച് യഥാര്‍ഥത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രിംകോടതിക്ക് നേരെയുള്ള പ്രത്യക്ഷമായ വെല്ലുവിളിയാണ്. ഇതിനു സമാനമായ നടപടികളാണ് തീവ്രഹിന്ദുത്വ സംഘടനകള്‍ വ്യത്യസ്ത ലേബലുകളില്‍ കൂട്ടം കൂട്ടമായി അയ്യപ്പഭക്തന്‍മാരുടെ മേല്‍വസ്ത്രമണിഞ്ഞവരുടെ സഹായത്തോടെ ശബരിമല ദര്‍ശനത്തിന്റെ പേരില്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ അമിതാവേശം പ്രകടമാക്കിയെന്ന ആരോപണമുന്നയിച്ച് അതിക്രമങ്ങള്‍ നടത്തിയത്. ഇരുകൂട്ടരും ഹിന്ദുത്വത്തിന്റെ സംരക്ഷകരായിട്ടാണ് അരങ്ങുതകര്‍ക്കുന്നതെന്നോര്‍ക്കുക. ഇരുവിഭാഗങ്ങളും ചോദ്യം ചെയ്യുന്നതും വെല്ലുവിളിക്കുന്നതും നീതിന്യായ വ്യവസ്ഥയേയും മതനിരപേക്ഷ ജനാധിപത്യത്തേയുമാണ്.

അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതു സംബന്ധമായ തര്‍ക്കം സുപ്രിംകോടതിയുടെ സജീവ പരിഗണനയിലിരിക്കെയാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവത് ‘സമൂഹം ചലിക്കുന്നത് നിയമത്തിലെ വാക്കുകള്‍ക്കനുസൃതമായി മാത്രമല്ല, അതിന്റെ സ്വന്തം ആഗ്രഹങ്ങള്‍ക്കനുസൃതമായിട്ടുകൂടിയാണ്’ എന്ന് പറഞ്ഞത്. അത് നിയമവാഴ്ചയെ പരസ്യമായി വെല്ലുവിളിക്കുന്ന പ്രഖ്യാപനവും ആഹ്വാനവും കൂടിയായിരുന്നു. തുടര്‍ന്നു സംസാരിച്ച സംഘപരിവാറുകാരെല്ലാം ഇതിലേറെ രൂക്ഷവും അസഹിഷ്ണുത നിറഞ്ഞതുമായ ഭാഷയിലായിരുന്നു പ്രതികരിച്ചത്. ബിജെപിയെ അധികാരത്തിലെത്തിച്ച പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്ന് ബിജെപി അധ്യക്ഷനായിരുന്ന എല്‍ കെ അധ്വാനി നയിച്ച രഥയാത്ര ചെന്നെത്തിയത്, അതുവരെ ഒരു സ്വത്തുതര്‍ക്കമെന്ന നിലയില്‍ തുടരുകയായിരുന്ന ബാബറി മസ്ജിദ് സ്ഥിതിചെയ്തിരുന്ന ഭൂമിയെ കലാപഭൂമിയാക്കി മാറ്റുക മാത്രമായിരുന്നില്ല. നിരവധി കര്‍സേവകര്‍ ഏതാനും മണിക്കൂറുകള്‍കൊണ്ട് ബാബറി മസ്ജിദ് തച്ചുതകര്‍ത്തു. താല്‍ക്കാലികമായി മാത്രം ഉയര്‍ത്തിവിട്ട തീവ്രഹിന്ദുത്വ വര്‍ഗീയ വികാരം ബിജെപിയെ അധികാരത്തിലെത്തിച്ചെങ്കിലും രാമക്ഷേത്ര നിര്‍മാണപ്രക്രിയ കോടതിവിധിക്കു വിധേയമായി തുടരുകയാണുണ്ടായത്. പോപ്പുലിസത്തിന് ലിബറല്‍ ജനാധിപത്യ ചിന്തക്കുമേല്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്നു എന്ന സ്ഥിതിവിശേഷം കൂടി ഇന്ത്യന്‍ മതനിരപേക്ഷതക്ക് ഭീഷണിയായി മാറിയിരിക്കുന്നു.

(അവസാനിക്കുന്നില്ല)