മതേതര സര്‍ക്കാര്‍ രൂപീകരണവും ഇടതുപക്ഷത്തിന്റെ ചുമതലകളും

Web Desk
Posted on May 15, 2019, 10:50 pm

ജിപ്സൺ വി പോൾ

പതിനേഴാം ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പ് ഏതാണ്ട് പൂര്‍ത്തിയായി. 2014 ല്‍ 282 സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തിയ ബിജെപി 2019ല്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഭൂരിപക്ഷം നേടില്ല എന്നുറപ്പായി കഴിഞ്ഞു. കോണ്‍ഗ്രസും സഖ്യകക്ഷികളും ഉള്‍പ്പെടുന്ന യൂപിഎ നില മെച്ചപ്പെടുത്തും എങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 273 എന്ന മാന്ത്രിക സംഖ്യയില്‍ എത്താന്‍ കഴിയും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ആരും തന്നെ കരുതുന്നില്ല. ഈ സാഹചര്യത്തില്‍ ഇരുമുന്നണികളുടെയും ഭാഗമല്ലാത്ത ശക്തരായ പ്രാദേശിക പാര്‍ട്ടികളും ഇടതുപക്ഷവും ആയിരിക്കും 2019 സര്‍ക്കാര്‍ രൂപീകരണത്തില്‍ വലിയ പങ്ക് വഹിക്കുക. ഒരു ബിജെപി ഇതര കോണ്‍ഗസ് ഇതര സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സുവര്‍ണ അവസരമാണ് കൈവന്നിരിക്കുന്നത്.
കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതുപോലെ 2004 ലെ സ്ഥിതിവിശേഷമല്ല മറിച്ച് 1996 ലെ സ്ഥിതിവിശേഷമാണ് മെയ് 23നും ശേഷം സംജാതമാകാന്‍ പോകുന്നത്. 2014 ല്‍ 336 അംഗങ്ങളുമായി എന്‍ഡിഎ അധികാരത്തില്‍ എത്തിയതെങ്കില്‍ 2019 അവര്‍ക്ക് പ്രതീക്ഷിക്കുന്ന സീറ്റുകള്‍ ഇരുനൂറിനടുത്ത് മാത്രമാണ്. ബിജെപിക്ക് അവരുടെ ശക്തികേന്ദ്രമായ ഹിന്ദി ഹൃദയഭൂമിയില്‍ മാത്രം 120–140 സീറ്റുകളുടെ കുറവുണ്ടാകും എന്ന് കണക്കാക്കപ്പെടുന്നു. മോഡി പ്രഭാവം എന്ന ഒന്ന് കാണാനേയില്ല. 2014 ല്‍ കേവലം 44 സീറ്റുകള്‍മാത്രം നേടി ഒരു കൊള്ളാവുന്ന പാര്‍ട്ടിയുടെ നിലവാരത്തിലേക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് (2014 ല്‍ ജയലളിതയുടെ എഐഡിഎംകെയ്ക്ക് 37 സീറ്റുകള്‍ ഉണ്ടായിരുന്നു) നിലമെച്ചപ്പെടുത്തി 110–140 വരെ സീറ്റുകള്‍ നേടും എന്ന് പ്രവചിക്കപ്പെടുന്നു. ഇവിടെയാണ് ആദ്യം സൂചിപ്പിച്ച ഇരുമുന്നണികളുടേയും ഭാഗമല്ലാത്ത പാര്‍ട്ടികളുടെയും ഇടതുപക്ഷത്തിന്റെയും പ്രസക്തി വര്‍ധിക്കുന്നത്. സാമ്പത്തിക‑രാഷ്ട്രീയ നയപരിപാടികളില്‍ വലിയ വ്യത്യാസമില്ലാത്ത ബിജെപിയെയും കോണ്‍ഗ്രസിനേയും ജനം തിരസ്‌ക്കരിക്കുമ്പോള്‍ ആ വെല്ലുവിളി ഏറ്റെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ബാധ്യതയും ഇടതുപക്ഷത്തിനുമേല്‍ വന്നുചേരും. സീറ്റുകളുടെ എണ്ണത്തില്‍ ഇടതുപക്ഷത്തിന് കോണ്‍ഗ്രസിനോടോ ബിജെപിയോടൊ കിടപിടിക്കാനാകില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട്തന്നെ ഇന്ത്യയിലെ ജനങ്ങളുടെ ആശയ സാക്ഷാത്ക്കാരത്തിന് മുന്‍കൈ എടുത്തേ മതിയാകൂ. കാരണം ഇന്ത്യയിലെ അധഃസ്ഥിതവര്‍ഗ്ഗത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തം ആണ്.
ജനാധിപത്യം, മതേതരത്വം, ഫെഡറലിസം, ഭരണഘടന എന്നിവ സംരക്ഷിക്കപ്പെടണമെങ്കില്‍ മതേതര-ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്ന സര്‍ക്കാര്‍ രൂപീകരിക്കപ്പെടേണ്ടതുണ്ട്. ആര്‍എസ്എസ്സിന്റെ പിന്തുണയോടുകൂടി മോഡി ഒരിക്കല്‍ക്കൂടി ആ കസേരയില്‍ എത്തിയാല്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് എന്നത് അസാധ്യമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഏറ്റുമുട്ടിയ അമേഠിയില്‍ വി വി പാറ്റ് മെഷീനുകള്‍ അനധികൃതമായി കടത്തിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ്സ് പുറത്ത് വിട്ടിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പോകുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്ടറില്‍നിന്ന് രഹസ്യസ്വഭാവമുള്ള പെട്ടികള്‍ കാറുകളിലേക്ക് മാറ്റപ്പെടുന്നു. ലക്ഷക്കണക്കിന് ന്യൂനപക്ഷ വിഭാഗക്കാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. എല്ലാ വിദ്വേഷപ്രസംഗങ്ങളിലും മോഡിക്കും അമീത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ ഇലക്ഷന്‍ കമ്മീഷന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിദ്വേഷ പ്രസംഗം നടത്തി എന്നപേരില്‍ വിശദീകരണ നോട്ടീസ് അയച്ചു. സുപ്രീം കോടതി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയില്‍ ആക്കാന്‍ ശ്രമിക്കുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. രാജ്യത്തിന്റെ സമ്പദ്ഘടന പൂര്‍ണമായി തകര്‍ന്നുകഴിഞ്ഞു എന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗം തന്നെ മുന്നറിയിപ്പ് നല്‍കുന്നു.
1996 ല്‍ പതിനൊന്നാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 161 സീറ്റുകളും 20.9 ശതമാനം വോട്ടുകളും നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസിനാകട്ടെ 140 സീറ്റുകളും 28.8 ശതമാനം വോട്ടുവിഹിതവും കിട്ടി. ജനതാദള്‍ 46 സീറ്റുകളും 8.8 ശതമാനം വോട്ടുകളും നേടി മൂന്നാം സ്ഥാനത്തും എത്തി. ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് എന്ന നിലയ്ക്ക് രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മ വാജ്‌പേയിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു. സര്‍ക്കാര്‍ രൂപീകരണം സാധ്യമായെങ്കിലും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ ആ സര്‍ക്കാരിന് രാജിവെച്ച് ഒഴിയേണ്ടിവന്നു. എന്നാല്‍ രണ്ടാം കക്ഷിയായ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാനായില്ല. കോണ്‍ഗ്രസിന്റെയും ഇടത് കക്ഷികളുടെയും പിന്തുണയോടുകൂടി കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തില്‍ ഒരു മൂന്നാം മുന്നണി സര്‍ക്കാര്‍ രൂപീകരിച്ചു. ഏതാണ്ട് രണ്ട് വര്‍ഷക്കാലം മാത്രമാണ് ആ ഗവണ്‍മെന്റിന് തുടരാനായതെങ്കിലും പല ജനോപകാരപ്രദമായ കാര്യങ്ങള്‍ക്കും തുടക്കമിടാന്‍ കഴിഞ്ഞു എന്നുള്ളത് വസ്തുതയാണ്. 1999 ല്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സഖ്യം ആദ്യമായി ഒരു ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിച്ചു.
ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രവാക്യമുയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട 2004 ല്‍ 145 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് തനിച്ച് 138 സീറ്റുകള്‍ നേടുകയും യുപിഎ എന്ന നിലയ്ക്ക് 218 ലേക്ക് തങ്ങളുടെ അംഗസംഖ്യ ഉയര്‍ത്താന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ അംഗങ്ങളുള്ള മുന്നണി എന്നതിലേക്ക് എത്തി. സിപിഐ (എം) ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെയും സിപിഐ ജനറല്‍ സെക്രട്ടറിയായിരുന്ന എ ബി ബര്‍ധന്റെയും ശ്രമഫലമായി ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ കക്ഷികളുടെ പിന്തുണയോടുകൂടി യുപിഎക്ക് അധികാരത്തില്‍ എത്താനായി.
കാര്‍ഷിക വായ്പകള്‍ എഴുതിതള്ളിയതും, ദേശീയ തൊഴിലുറപ്പു പദ്ധതി ആരംഭിച്ചതും, ദേശീയ ആരോഗ്യ മിഷന്‍ പദ്ധതി നടപ്പിലാക്കിയതും ഇടതു പക്ഷത്തിന്റെ 59 എംപിമാരുടെ പിന്തുണയുടെ ധാര്‍മിക ശക്തിയിലായിരുന്നു എന്നുള്ളത് തര്‍ക്കമറ്റ വിഷയമാണ്. ഇന്ത്യ — അമേരിക്ക ആണവ കരാര്‍ വഴി അമേരിക്കന്‍ സാമ്രാജ്യത്വവുമായി സന്ധിചെയ്യാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തെ പിന്തുണയ്‌ക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ല എന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്. ഇടതുപക്ഷ പിന്തുണയില്ലാതെ അധികാരത്തില്‍ എത്തിയ രണ്ടാം യൂപിഎ സര്‍ക്കാരെ അഴിമതിയില്‍ മുങ്ങിക്കുളിച്ച് 2014 ല്‍ ബിജെപിക്ക് വഴിയൊരുക്കിയത് നാം കണ്ടതാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിയും, ധാര്‍ഷ്ട്യവും പിടിപ്പ്‌കേടും മാത്രമാണ് ബിജെപിക്ക് അധികാരം നേടിക്കൊടുത്തതെന്ന് പകല്‍പോലെ വ്യക്തമാണ്.
2014 ല്‍ 282 സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമ്പോഴും 31.4 ശതമാനം വോട്ടുകള്‍ നേടാന്‍ മാത്രമേ ബിജെപിക്ക് ആയുള്ളൂ. 44 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ആകട്ടെ 19.2 ശതമാനം വോട്ടുകളും സ്വന്തമാക്കി. മൂന്നില്‍ രണ്ട് സീറ്റുകളുടെ ഭൂരിപക്ഷവുമായി ഇന്ത്യഭരിക്കുന്ന മുന്നണിക്ക് മൂന്നിലൊന്ന് ശതമാനം വോട്ട് വിഹിതം നേടാനായില്ല എന്നു പറഞ്ഞാല്‍ മഹാഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ സമ്മതിദായകരുടെ ജനവിധി ബിജെപിക്ക് അല്ല എന്ന് പ്രഖ്യാപിക്കുന്നതിന് തുല്യമാണ്. 4.2 ശതമാനം വോട്ട് നേടിയ ബിഎസ്പിക്ക് പാര്‍ലമെന്റില്‍ ഒരംഗംപോലും ഇല്ല എന്നതും ഓര്‍ക്കേണ്ടതാണ്.
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ശേഷം ഉള്ള രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് ചിന്തിച്ചാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമായിതോന്നും. യുപിഎയും പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്നാല്‍ എന്‍ഡിഎയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിഞ്ഞേക്കാം. പക്ഷെ ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താക്കളായ ബിജെപി അധികാരത്തില്‍ വരുന്നത് തടയല്‍ അത്ര എളുപ്പമല്ല. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും രാഷ്ട്രപതി അവരെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയും ചെയ്താല്‍ കളികള്‍ അവിടെതുടങ്ങുകയാണ്. ജനാധിപത്യമൂല്യങ്ങള്‍ എല്ലാം തന്നെ ചവിട്ടിമെതിച്ചുകൊണ്ട് കോര്‍പ്പറേറ്റ് ഫണ്ടിങ്ങിന്റെ സഹായത്തോടെ മറ്റുപാര്‍ട്ടികളിലെ എംപിമാരെ ബിജെപി വിലയ്ക്കുവാങ്ങി ജനഹിതം അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. ഗോവയിലും മണിപ്പൂരിലും നാം അത് കണ്ടതാണ്. കോണ്‍ഗ്രസ്സ് എംപിമാരെതന്നെ ബിജെപി വിലയ്ക്ക് എടുത്തേയ്ക്കാം. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്നാണല്ലോ ചൊല്ല്. ബിജെപിക്ക് പാര്‍ലമെന്റിലേക്ക് പോയിട്ട് പഞ്ചായത്തില്‍ പോലും അധികാരത്തില്‍ വരാന്‍ കഴിയും എന്നുറപ്പില്ലാത്ത കേരളത്തില്‍ പോലും എത്രയോ കോണ്‍ഗ്രസ് നേതാക്കന്‍മാരാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് രാമന്‍നായര്‍, മുന്‍ പിഎസ്‌സി ചെയര്‍മാര്‍ കെ എസ് രാധാകൃഷ്ണന്‍, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനായിരുന്ന റ്റി പി ശ്രീനിവാസന്‍.… പട്ടിക നീളുകയാണ്.
ഇന്ത്യയെ വിഭജിക്കുന്നതിന്റെ മേധാവിയെന്ന് ടൈം മാഗസിന്‍ വിശേഷിപ്പിച്ച നരേന്ദ്രമോഡിയും ആര്‍എസ്എസും ആണ് തങ്ങളുടെ എതിരാളികള്‍ എന്ന് ഉറക്കെ പ്രഖ്യാപിച്ചത് ഇടതുപക്ഷം തന്നെയാണ്. സവര്‍ക്കറും ജിന്നയും ചേര്‍ന്ന് ഇന്ത്യയെ രണ്ടായി വിഭജിച്ചെങ്കില്‍ മോഡിയും ആര്‍എസ്എസും ചേര്‍ന്ന് ഇന്ത്യന്‍ മനസ്സുകളെ മതത്തിന്റെയും, ജാതിയുടെയും, ഉപജാതിയുടെയും പേര് പറഞ്ഞ്‌കൊണ്ട് നൂറ് കണക്കിന് കഷണങ്ങളായി മാറ്റുന്നതിനാണ് ശ്രമിക്കുന്നത്. അത് അനുവദിച്ചുകൂടാ. അതുകൊണ്ട് ഇന്ത്യന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്തവും കര്‍ത്തവ്യവും തെരഞ്ഞെടുപ്പിന് ശേഷമാണ് വര്‍ധിക്കുന്നത്.

(ലേഖകന്‍ സുല്‍ത്താന്‍ ബത്തേരി സെന്റ്‌മേരീസ് കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ സീനിയര്‍ അസിസ്റ്റന്റ് പ്രൊഫസറാണ്)