Friday
22 Feb 2019

ഇന്ത്യയെ മതേതര ജനാധിപത്യ രാഷ്ട്രമായി നിലനിര്‍ത്തുവാന്‍ ”സര്‍വധര്‍മ സമഭാവന”

By: Web Desk | Wednesday 7 February 2018 7:11 PM IST

ഇന്ത്യന്‍ ജനജീവിതത്തിനും ജനാധിപത്യത്തിനും നേരെ അപകടകരമായ ഒരു വെല്ലുവിളിയായിക്കഴിഞ്ഞ സംഘപരിവാറിന്റെ വളര്‍ച്ചയെ തടയാന്‍ പോന്ന പുതിയ പ്രതിരോധ മാതൃകകള്‍ സൃഷ്ടിക്കുന്നതിനുള്ള കാലം വൈകിയിരിക്കുന്നു. ഇതിനുള്ള ശ്രമത്തിന്റെ ഭാഗമായി കേരളത്തിന്റെ ധൈഷണിക നേതൃത്വം ആവിഷ്‌കരിക്കുന്ന ഒരു പ്രസ്ഥാനമാണ്. ‘സര്‍വധര്‍മ സമഭാവന’.
ഇന്ത്യയെ ഒരു ഹിന്ദു മതരാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ മതത്തെ രാഷ്ട്രീയാധികാരത്തിനുള്ള ഉപകരണമാക്കുന്നതുകൊണ്ടുതന്നെ ഫാസിസ്റ്റ് സ്വഭാവമുള്ള സംഘപരിവാറിന്റെ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. സംഘപരിവാര്‍ പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന ഹിന്ദുമതം യഥാര്‍ത്ഥത്തില്‍ ഇരുനൂറു കൊല്ലത്തിലേറെ പഴക്കമില്ലാത്ത ഒരു പാശ്ചാത്യ സൃഷ്ടിയാണ്. കോളനി വാഴ്ചക്കാലത്ത് സ്വകാര്യസ്വത്തിന്റെ മാതൃകയിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെട്ട ഭൂമിയിന്മേല്‍ പുതിയ കൊളോണിയല്‍ നികുതിക്കൊള്ളകള്‍ നടപ്പാക്കുന്നതിനുവേണ്ടി കോളനി മേധാവികള്‍ പഴയ ജാതി വ്യവസ്ഥയില്‍ നിന്നും ഒരു സവര്‍ണ്ണ ചൂഷക വര്‍ഗ്ഗത്തെ ഇടനിലക്കാരായി ഉയര്‍ത്തിയെടുത്തു. ഈ നവബ്രാഹ്മണ്യം അതിന്റെ ആധികാരികതക്കും ആധിപത്യത്തിനും വേണ്ടി പാശ്ചാത്യരുടെ സഹകരണത്തോടെ ഇന്ത്യന്‍ ധാര്‍മ്മിക ജീവിതത്തിന്റെ വൈവിധ്യത്തേയും സമ്പന്നതയേയും മറച്ചുവയ്ക്കുന്ന ശുഷ്‌കവും ഏകീകൃതവുമായ ഒരു ചൂഷക ഹിന്ദുമതത്തിന് രൂപം നല്‍കി. രാഷ്ട്രീയ സ്വാതന്ത്ര്യ ലബ്ധിക്കുശേഷം, കൊളോണിയല്‍ ചൂഷണയന്ത്രമായി പ്രവര്‍ത്തിച്ച ഈ ആധുനിക കൃത്രിമ ഹിന്ദുമതത്തെയാണ് സംഘപരിവാര്‍ ഭാരതീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റേയും പേരില്‍ മഹത്തായ ഇന്ത്യന്‍ ജനജീവിതത്തിന്റെമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത്. അതിനാല്‍ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തില്‍ നിന്നുള്ള മോചനത്തിലൂടെ മാത്രമേ ഇന്ത്യന്‍ ജനത സ്വതന്ത്രരാകൂ.
ഇതാണ് ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യവാദികളായ യഥാര്‍ത്ഥ മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന രാഷ്ട്രീയവും ധാര്‍മ്മികവുമായ ഏറ്റവും വലിയ വെല്ലുവിളി. രാജ്യവും ജനങ്ങളുടെ വിശ്വാസവും നേരിടുന്ന ഈ രാഷ്ട്രീയ ധാര്‍മ്മിക പ്രതിസന്ധികള്‍ മറികടക്കുന്നതിന്, സകല മതങ്ങളുടേയും സാരം ഒന്നാണെന്ന് പറഞ്ഞ ഗാന്ധിജിയുടേയും ശ്രീനാരായണ ഗുരുവിന്റെയും മതദര്‍ശനത്തെ അതിന്റെ എല്ലാ ശോഭയോടും ശക്തിയോടും കൂടി നമുക്ക് നമ്മുടെ വര്‍ത്തമാന ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരേണ്ടിയിരിക്കുന്നു. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതുപോലെ തന്നെ പരമപ്രധാനമാണ് ഡോക്ടര്‍ അംബേദ്ക്കര്‍ തുറന്നുകാട്ടിയ ധാര്‍മ്മികതയുടെ ലോകവും.
ഗാന്ധിജിയുടേയും ശ്രീനാരായണഗുരുവിന്റേയും ഡോ. അംബേദ്ക്കറുടേയും മത ചിന്തകള്‍ പോലെ തന്നെ ഈ സംരംഭത്തിന് ശക്തി നല്‍കുന്ന മറ്റൊരു വസ്തുത മനുഷ്യ ചരിത്രത്തിന് യുക്തിപരമായ വ്യാഖ്യാനം നല്‍കിയ മാര്‍ക്‌സിന്റെ മതത്തോടുള്ള യാഥാര്‍ഥ്യബോധം നിറഞ്ഞ സമീപനമാണ്. ഹെഗലിനേയും ഫോയര്‍ ബാക്കിനെയും പോലുള്ള ചിന്തകന്മാരുടെ ആദ്യകാല സ്വാധീനത്തില്‍ നിന്ന് വിമുക്തനായ മാര്‍ക്‌സ് മതത്തെ അമൂര്‍ത്തവും അയഥാര്‍ത്ഥവുമായ പ്രത്യയശാസ്ത്ര മിഥ്യയുടെ തലത്തിലല്ല, മറിച്ച് മേലാളന്മാരുടെ അധികാരവും കീഴാളന്മാരുടെ അധികാരവും തമ്മില്‍ ചരിത്രത്തില്‍ ഏറ്റുമുട്ടുന്ന യാഥാര്‍ഥ്യത്തിന്റെ, വര്‍ഗ്ഗസമരത്തിന്റെ, മണ്ഡലത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാല്‍, വിവിധമതങ്ങളില്‍ വിശ്വസിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ മനുഷ്യരെ ബുദ്ധിപരമായി തരംതാണവരും രാഷ്ട്രീയ കര്‍തൃത്വമില്ലാത്തവരുമായി കണക്കാക്കുന്ന പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ പഴയ മാനദണ്ഡങ്ങള്‍ നാം ഉപേക്ഷിക്കുകയും ഭിന്ന മതഭാവനകളുടെ ബാഹ്യരൂപത്തിനുള്ളില്‍ അവയുടെ ഉള്ളടക്കമായി പ്രവര്‍ത്തിക്കുന്ന ജീവിതത്തിന്റെ ചരിത്രയാഥാര്‍ഥ്യമെന്തെന്ന് അന്വേഷിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ആ ഉള്ളടക്കങ്ങളാകട്ടെ പ്രകൃതിയും സമൂഹവുമായി നേരിട്ട് ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മനുഷ്യശരീരത്തില്‍ ഓരോ കാലത്തും ആവിര്‍ഭവിക്കുന്ന ഭാവശക്തികളും അവയുല്‍പ്പാദിപ്പിക്കുന്ന കര്‍തൃത്വ രൂപങ്ങളുമായി ബന്ധപ്പെട്ടവയാണ്.
ഇവിടെയാണ് മതത്തോടുള്ള സമീപനത്തില്‍ ലിബറല്‍ മുതലാളിത്ത യുക്തിവാദവും മാര്‍ക്‌സിസവും തമ്മില്‍ വഴിപിരിയുന്നതും മേലാളന്മാരുടെ അധീശത്വത്തിന്റെ മതവും കീഴാളന്മാരുടെ ചെറുത്തുനില്‍പ്പിന്റെ മതവും തമ്മിലുള്ള ഗുണപരമായ അന്തരം വ്യക്തമാകുന്നതും ആഗോള മുതലാളിത്ത സാമ്രാജ്യ വ്യവസ്ഥക്ക് മുന്നില്‍ ഒരു സാമന്ത രാഷ്ട്രമായി ഇന്ത്യയെ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ഫാസിസ്റ്റ് രാഷ്ട്രീയാധിപത്യം നിലനില്‍ക്കണമെന്ന ചിന്തക്കാരാണ്. ആഗോള മുതലാളിത്ത പിന്‍ബലം വേണ്ടവണ്ണം ഉപയോഗപ്പെടുത്തിക്കൊണ്ട് അധികാരത്തിലേറിയ സംഘപരിവാര്‍ ഇന്ത്യന്‍ കര്‍ഷകരും കൈവേലക്കാരുമടക്കമുള്ള കീഴാള ജനതയെ ഒരു വശത്ത് മതപരമായി ഭിന്നിപ്പിക്കുകയും വര്‍ഗ്ഗീയ കലാപങ്ങളിലേക്ക് നയിക്കുകയും ചെയ്യുമ്പോള്‍ മറുവശത്ത് വികസന പദ്ധതികളുടെ പേരില്‍ അവരെ വംശനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഇന്നാകട്ടെ ചെറുത്തുനില്‍പിനുപകരം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെയും തെണ്ടികളായി മാറുന്ന കൈവേലക്കാരുടെയും കൂട്ടമായി കുടിയിറക്കപ്പെട്ട് ചേരികളില്‍ അഭയം തേടുന്ന ആദിവാസികളുടേയും കടബാധ്യതകളില്‍ ജീവിതം കുടുക്കിയിടപ്പെട്ട ഇടത്തരക്കാരുടേയും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജീവിതം പൂര്‍ണമായും പണയപ്പെടുത്തുന്ന യുവാക്കളുടേയും ഒരിന്ത്യയാണ് നമുക്ക് മുന്നില്‍ ഉള്ളത്. ഏത് അടിച്ചമര്‍ത്തലിനും പൂര്‍ണ്ണമായി തകര്‍ക്കാന്‍ ആവാത്ത മനുഷ്യത്വത്തിന്റെ മൗലിക സ്വാതന്ത്ര്യത്തില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് ഭരണകൂടാധികാരത്തിനെതിരേ നിലകൊള്ളുന്ന ഇന്ത്യന്‍ കീഴാള ബഹുജന സഞ്ചയത്തിന്റെ സമാന്തര സ്വാധികാരത്തിനുവേണ്ടി അഥവാ കീഴാള ജനാധിപത്യ സ്വാതന്ത്ര്യ ത്തിനുവേണ്ടി നമുക്ക് പ്രതീക്ഷയോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
കാലവും ജീവിതവും ആവശ്യപ്പെടുന്ന അടിയന്തിരമായ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുക്കുന്നതിനായി എല്ലാ മതങ്ങളിലും പെട്ട, എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പെട്ട ജനാധിപത്യവാദികളെ ഞങ്ങള്‍ ഈ സര്‍വ്വ ധര്‍മ്മ സമഭാവനാ യജ്ഞത്തിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുകയാണ്.

പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍

എം കെ സാനു
ഡോ. കെ എന്‍ പണിക്കര്‍
എം. ലീലാവതി
ബി. രാജീവന്‍
രാജന്‍ ഗുരുക്കള്‍
എം എന്‍ കാരശ്ശേരി
ഡോ. പി ഉദയകുമാര്‍
ഡോ. ഇ വി രാമകൃഷ്ണന്‍
ഡോ. ടി വി മധു
ഡോ. പി. പി രവീന്ദ്രന്‍
സുനില്‍ പി ഇളയിടം
ഡോ. സനില്‍ വി
നജ്മല്‍ ബാബു
ഡോ ജി അരുണിമ
ഡോ. ജി ദിലീപന്‍
ഡോ. കെ മുത്തുലക്ഷ്മി
ഡോ. പി സോമന്‍
പി ജെ ചെറിയാന്‍
പി കെ ശ്രീനിവാസന്‍
പി സി ജോസി
പ്രവീണ്‍ പിലാശ്ശേരി
വി മോഹന്‍ കുമാര്‍
കെ ആര്‍ പ്രസാദ്
എം ടി വാസുദേവന്‍നായര്‍
ആറ്റൂര്‍ രവിവര്‍മ്മ
കെ സച്ചിദാനന്ദന്‍
സക്കറിയ
കെ. ജി ശങ്കരപ്പിള്ള
സേതു
പെരുമ്പടവം ശ്രീധരന്‍
വൈശാഖന്‍
കെ പി രാമനുണ്ണി
ടി പി രാജീവന്‍
കെ. ആര്‍ മീര
സി. വി ബാലകൃഷ്ണന്‍
സാവിത്രി രാജീവന്‍
ചന്ദ്രമതി
ഗീത നസീര്‍
എന്‍ പ്രഭാകരന്‍
റഫീക് അഹമ്മദ്
വി എം ഗിരിജ
പി എന്‍ ഗോപീകൃഷ്ണന്‍
അന്‍വര്‍ അലി
പി പി രാമചന്ദ്രന്‍
എം ആര്‍ രേണുകുമാര്‍
ടി ഡി രാമകൃഷ്ണന്‍
ഇ സന്തോഷ് കുമാര്‍
ലെനിന്‍ രാജേന്ദ്രന്‍
അടൂര്‍ ഗോപാലകൃഷ്ണന്‍
ടി വി ചന്ദ്രന്‍
റിയാസ് കോമു
ജോയ് മാത്യു
പ്രേം ചന്ദ്
എസ് ശാരദക്കുട്ടി
ഒ കെ ജോണി
വിധു വിന്‍സന്റ്
നീലന്‍
ദീദി ദാമോദരന്‍
ഡോ. ശിവജി പണിക്കര്‍
സി എസ് വെങ്കിടേശ്വരന്‍
അജയകുമാര്‍
ഡോ എ. കെ ജയശ്രീ
എസ് ഗോപാലകൃഷ്ണന്‍
ജോഷി ജോസഫ്
അനില്‍ ചേലേമ്പ്ര
മാങ്ങാട് രത്‌നാകരന്‍
സി അനൂപ്
കെ ജി ജഗദീശന്‍
ഹാഫിസ് മുഹമ്മദ്
പി പി സത്യന്‍
രവി തൊടുപുഴ