സ്വന്തം ലേഖകൻ

December 16, 2019, 8:59 pm

ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി; അരുതെന്ന് കേരളം

Janayugom Online

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിച്ച് മതേതര കേരളം. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ഒരുമിച്ച് നിൽക്കുമെന്ന് പ്രഖ്യാപിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാർ, കക്ഷിനേതാക്കൾ, കലാ-സാഹിത്യ‑സാംസ്കാരിക പ്രവർത്തകർ അനന്തപുരിയിൽ ഒത്തുചേർന്നു. വിഭാഗീയതയ്ക്കും മതവാദത്തിനും കേരളത്തിന്റെ മനസിൽ സ്ഥാനമില്ലെന്ന് അവർ ഉറക്കെ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് സമരപോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ രാവിലെ 10ന് ആരംഭിച്ച സത്യഗ്രഹത്തിൽ, മതവിവേചനം സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തി തങ്ങളുടെ കയ്യിൽ ഒതുക്കാനുള്ള സംഘപരിവാർ ശക്തികൾക്ക് മുന്നിൽ കീഴടങ്ങില്ലെന്ന കേരളത്തിന്റെ പ്രഖ്യാപനമാണ് നടന്നത്.

ഭരണ‑പ്രതിപക്ഷ കക്ഷി നേതാക്കളും സാംസ്കാരിക പ്രവർത്തകരും മതാധ്യക്ഷന്മാരും തുടങ്ങി ആയിരക്കണക്കിന് ജനങ്ങൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി, ബിജെപി ഒഴികെയുള്ള എല്ലാ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിവിധ സംഘടന പ്രതിനിധികളും പങ്കെടുത്ത പ്രതിഷേധ സത്യഗ്രഹം, കേരളത്തിന്റെ സമര ചരിത്രത്തിലെതന്നെ ഏറ്റവും തിളക്കമുള്ള അധ്യായമായി മാറി. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങൾക്കുമേൽ ഹിന്ദുത്വ അജണ്ട ഉപയോഗിച്ച് ബിജെപി സംഘപരിവാർ പ്രസ്ഥാനങ്ങൾ നടത്തുന്ന വേട്ടയാടലിന്റെ ഭാഗമാണ് മുസ്ലിങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള പൗരത്വം നൽകലെന്നും ഇത് ഒരു മതേതര രാഷ്ട്രത്തിന് ചേർന്നതല്ലെന്നും സമ്മേളനം വിലയിരുത്തി. കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പ്രവർത്തകരും ഒരേ മനസോടെ പൗരത്വ ബില്ലിനെതിരെ അണിനിരന്നത്, ഇക്കാര്യത്തിലുള്ള കേരളത്തിന്റെ പൊതുബോധം വെളിപ്പെടുത്തുന്നതായി മാറി. മുൻകാലങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയ ചരിത്രമുണ്ട്.

എന്നാൽ പൊതുവേദിയിൽ കേരളത്തിന്റെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരും, കേന്ദ്രസർക്കാരിന്റെ നിയമഭേദഗതിക്കെതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിച്ചത്, രാജ്യത്തിന് തന്നെ മാതൃകയായ വേറിട്ട കാഴ്ചയായി. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് കേരളം യോജിച്ച പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്.

സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, എ കെ ബാലൻ, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എംഎൽഎമാരായ സി കെ നാണു, എം കെ മുനീർ, അനൂപ് ജേക്കബ്, പി ജെ ജോസഫ്, പി സി ജോർജ്ജ്, കെ സി ജോസഫ് എന്നിവരും കാന്തപുരം അബൂബക്കർ മുസലിയാർ, സ്വാമി സന്ദീപാനന്ദ ഗിരി, പ്രൊഫ. എം കെ സാനു, ടി പത്മനാഭൻ, പുന്നല ശ്രീകുമാർ, ഫാ. യൂജിൻ പെരേര, കെപിഎസി ലളിത, ഡോ. ഫസൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. മന്ത്രിമാരും എംഎൽഎമാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും രാഷ്ട്രീയ, സാസ്കാരിക, സാമൂഹിക പ്രവർത്തകരും സത്യഗ്രഹമനുഷ്ഠിച്ചു.

you may also like this video