അറിവ് നേടുക എന്നതിനപ്പുറം വിവേകത്തോടും,വിവേചന ബുദ്ധിയോടെയും ജീവിതം കെട്ടിപ്പടുക്കക എന്നതാവണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.വിമർശനാത്മക ബുദ്ധിയോടെ എല്ലാത്തിനെയും സമീപിക്കണം. മതനിരപേക്ഷ ചിന്തയും ജനാധിപത്യബോധവും വിദ്യാർഥികളിൽ വളർത്തണം. അതായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ കലവൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പര സ്നേഹവും ബഹുമാനവും എല്ലാവർക്കുമുണ്ടാകണം. വിദ്യാർഥികളുടെ ആശങ്കകളകറ്റി കൗതുകത്തിന്റെയും ജിഞ്ജാസയുടേയും അന്തരീക്ഷം രൂപപ്പെടുത്താൻ എല്ലാ സ്കൂളുകളിലും കൂട്ടായ ശ്രമം നടത്തണം. പുതിയ അധ്യയനവർഷത്തിന് ഇന്ന് തുടക്കമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയായിരുന്നു. എന്നാൽ ഇന്ന് കുഞ്ഞുങ്ങളെ നല്ല കാലാവസ്ഥയിലാണ് പ്രകൃതി സ്വാഗതം ചെയ്തത്. ഇത്തവണയും ഉത്സവച്ചായയിലാണ് നമ്മൾ തുടക്കം കുറിക്കുന്നത്. എല്ലാ കുഞ്ഞുങ്ങളുടേയും കൈയിൽ അടുത്ത അധ്യയന വർഷത്തിലേക്കുള്ള പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും കഴിഞ്ഞ അധ്യയന വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ എത്തി. ക്ലാസ് മുറികളും മികവിലേക്കുയർന്നു. കുട്ടികൾക്കും അധ്യാപകർക്കും ഇതെല്ലാം ഉത്സവസമാനമായ സന്തോഷം നൽകുന്നുണ്ട്. ഇതിനെല്ലാമപ്പുറം പരസ്പരം സ്നേഹവും കരുതലുമുണ്ടാകണം, അത് വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ലോകത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം അറിവാണ്. പുതിയ കാര്യങ്ങൾ അറിയുകയും മനസിലാക്കുകയും ചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷം അളവറ്റതാണ്. അറിവ് ആർജിച്ച് ആത്മ വിശ്വാസത്തോടെ മുന്നേറുന്നതിന്റെ ആനന്ദമാണ് ആധുനിക കാലത്ത് വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടത്. അതിലേക്കാണ് നമ്മുടെ കുരുന്നുകൾ ചുവടുവയ്ക്കുന്നത്. വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിലേക്ക് മാത്രം ചുരുങ്ങിയാൽ പോര. അറിവിനപ്പുറം തിരിച്ചറിവുമുണ്ടാകണം. അറിവ് അവനവനിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല. നമ്മുടെ സമൂഹത്തിന് ഉതകുന്ന വിധത്തിൽ ആ അറിവിനെ വിനിയോഗിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
പ്രവേശനോത്സവ ചരിത്രത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കൊട്ടാരക്കര താമരക്കുടി എസ് വിഎച്ച്എസ്എസ്സിലെ വിദ്യാര്‍ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനത്തിന്റെ നൃത്താവിഷ്കാരത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികള്‍ക്ക് നേരിട്ട് പഠനോപകരണങ്ങള്‍ സമ്മാനമായി നല്‍കി അറിവിന്റെ ലോകത്തേക്ക് സ്വീകരിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, കൃഷി മന്ത്രി പി പ്രസാദ്, സാംസ്മകാരിക മന്ത്രി സജി ചെറിയാന്‍ തുടങ്ങിയവരും എംഎല്‍എമാരായ എച്ച് സലാം,പി പി ചിത്തരഞ്ജൻ തുടങ്ങിയവും, ത്രിതലപഞ്ചായത്ത് ജന പ്രതിനിധികളും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.