21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 17, 2025
January 17, 2025
January 15, 2025
January 15, 2025
January 14, 2025
January 14, 2025
January 12, 2025
January 7, 2025
January 6, 2025
January 5, 2025

ഭരണഘടനയില്‍ മതേതരത്വവും സോഷ്യലിസവും നിലനില്‍ക്കണം; ബിജെപി നേതാക്കളുടെ ഹര്‍ജി സുപ്രീം തള്ളി കോടതി

*സോഷ്യലിസം അർഥമാക്കുന്നത് സമത്വം
*മതേതരത്വം അടിസ്ഥാന ഘടന
Janayugom Webdesk
ന്യൂഡല്‍ഹി/ തിരുവനന്തപുരം
November 25, 2024 2:17 pm

ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം, സോഷ്യലിസം എന്നീ സംജ്ഞകള്‍ നിലനില്‍ക്കണമെന്ന് സുപ്രീം കോടതി. ഈ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. ഇന്ന് രാജ്യം 75ാം ഭരണഘടനാദിനം ആചരിക്കാനിരിക്കെയാണ് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിര്‍ണായക വിധി.

ഇന്ത്യയിലെ സോഷ്യലിസം എന്നത് മറ്റ് രാജ്യങ്ങളിൽ നിന്ന് വളരെ വ്യത്യസ്‌തമാണ്. ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യലിസം പ്രാഥമികമായി ഒരു ക്ഷേമരാഷ്ട്രം എന്നാണ് അർഥമാക്കുന്നത്. രാജ്യത്തെ സോഷ്യലിസം സ്വകാര്യമേഖലയെ ഒരിക്കലും തടഞ്ഞിട്ടില്ല. നമുക്കെല്ലാവർക്കും സോഷ്യലിസത്തിന്റെ പ്രയോജനം ലഭിച്ചെന്നും ബെഞ്ച് പറഞ്ഞു. ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാര്‍ലമെന്റിന്റെ അധികാരം ആമുഖത്തിനും ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സോഷ്യലിസം അർഥമാക്കുന്നത് സമത്വവും രാജ്യത്തിന്റെ സമ്പത്തും തുല്യമായി വിതരണം ചെയ്യണമെന്നാണെന്നും, പാശ്ചാത്യ രാജ്യങ്ങള്‍ സോഷ്യലിസത്തിന് നല്‍കുന്ന അര്‍ത്ഥം നമ്മള്‍ എടുക്കേണ്ടതില്ലെന്നും ഹര്‍ജിക്കാര്‍ക്ക് മറുപടിയായി ജസ്‌റ്റിസ് ഖന്ന നേരത്തെ വ്യക്തമാക്കിയിരുന്നു. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് എസ് ആര്‍ ബൊമ്മെ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. 1976 ല്‍ നടന്ന ഭേദഗതിയില്‍ ഇപ്പോള്‍ പ്രശ്നമുന്നയിക്കുന്നത് എന്തിനാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. മതേതരത്വം എക്കാലത്തും ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് നേരത്തേ കേസ് പരിഗണിച്ച വേളയിലും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു

ബിജെപി നേതാക്കളായ സുബ്രഹ്മണ്യന്‍ സ്വാമി, അശ്വിനി കുമാര്‍ ഉപാധ്യായ, ഗ്യാന്‍വാപി, ഷാഹി ജമാമസ്ജിദ് കേസുകളിലെ പരാതിക്കാരനായ വിഷ്ണുശങ്കര്‍ ജെയിന്‍ ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജിക്കാര്‍. 1976 ല്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഭേദഗതി വരുത്തി സോഷ്യലിസ്റ്റ്, സെക്കുലര്‍ (മതേതരം) എന്നീ വാക്കുകള്‍ ചേര്‍ത്തതിനെയാണ് ചോദ്യംചെയ്തത്. സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജിയെ എതിര്‍ത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

സോഷ്യലിസം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നത് വ്യക്തി സ്വാതന്ത്ര്യം കുറയ്ക്കലാകുമെന്ന് പറഞ്ഞ് ഡോ. ബി ആര്‍ അംബേദ്കര്‍ എതിര്‍ത്തിരുന്നുവെന്ന് അഡ്വ. വിഷ്ണുശങ്കര്‍ ജെയിന്‍ വാദിച്ചു. വാക്കുകള്‍ ഭരണഘടനയില്‍ ചേര്‍ക്കുന്നതിനോട് എതിര്‍പ്പില്ലെന്നും ആമുഖത്തില്‍ ഉള്‍പ്പെടുത്തിയതാണ് ചോദ്യം ചെയ്യുന്നതെന്നും അശ്വിനി കുമാര്‍ ഉപാധ്യായ വാദിച്ചു. ഭരണഘടനയില്‍ നിന്നും സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യാനുളള ശ്രമം ബിജെപിയുടെ ഭാഗത്തുനിന്നും നിരവധി തവണകളായി നടത്തിയിട്ടുണ്ട്. സുപ്രീം കോടതിയിലെ ഹര്‍ജികളും ഇതിന്റെ ഭാഗമായിട്ടായിരുന്നു. വിഷയം വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം നേരത്തെ ബെഞ്ച് നിരസിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഖന്ന വെള്ളിയാഴ്ച ഉത്തരവിറക്കാനിരിക്കെ ചില അഭിഭാഷകരുടെ ഭാഗത്തു നിന്നും തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് തിങ്കളാഴ്ച തന്നെ ഉത്തരവ് ഇറക്കുമെന്ന് ചീഫ് ജസ്റ്റിസ് പ്രഖ്യാപിക്കുകയായിരുന്നു.

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിധി: ബിനോയ് വിശ്വം

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് സുപ്രീം കോടതിയുടെ തീരുമാനമെന്ന് കേസില്‍ കക്ഷിയായിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ഭരണഘടനയെ തകര്‍ക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ കുത്സിത നീക്കങ്ങളുടെ ഭാഗമായാണ് മതേതരത്വം, സോഷ്യലിസം തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങള്‍ ഭരണഘടനയില്‍ നിന്ന് നീക്കണമെന്ന ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഇത് രാജ്യത്തെ മഹാഭൂരിപക്ഷത്തിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിയെന്ന നിലയില്‍ കേസില്‍ കക്ഷി ചേര്‍ന്നത്. രാജ്യത്തിന്റെ ഭരണഘടനയെയും അടിസ്ഥാന മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്ന വിധി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കരുത്തു പകരുന്നതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.