മതേതരത്വം നിലനിര്‍ത്തുക പൗരന്റെ കടമ: കെ പ്രകാശ്ബാബു

Web Desk
Posted on April 12, 2018, 11:06 pm

കൊല്ലം: രാജ്യത്തിന്റെ മതേതരത്വം നിലനിര്‍ത്തുക ജനാധിപത്യബോധമുള്ള പൗരന്റെ കടമയാണെന്ന് സിപിഐ ദേശീയ കൗണ്‍സിലംഗം കെ പ്രകാശ്ബാബു. മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടികലര്‍ത്തരുത്. മതം മതത്തിന്റെയും രാഷ്ട്രീയം രാഷ്ട്രീയത്തിന്റെയും വഴിയില്‍ പോകണം. ഇവ കൂട്ടിക്കുഴയ്ക്കാന്‍ ശ്രമിച്ചാല്‍ അനാവശ്യമായ സംഭവങ്ങള്‍ക്ക് അവ ഇടയാക്കും. മതപരമായ ചിന്ത ഒരു വ്യക്തിയുടെ വിശ്വാസത്തെ ബാധിക്കുന്നതാണെങ്കില്‍ മതേതരത്വം രാജ്യത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണ്. ഇന്ത്യയെ മതനിരപേക്ഷ രാജ്യമായി നിലനിര്‍ത്താനാണ് സ്വാതന്ത്ര്യം നേടിയ കാലം മുതല്‍ ഭരണകര്‍ത്താക്കള്‍ തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സമകാലിക രാഷ്ട്രീയത്തില്‍ മതം പരസ്യമായി രാഷ്ട്രീയത്തിലിടപെടുന്ന അപകടകരമായ സ്ഥിതിവിശേഷമുണ്ടായിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ മഠാധിപതി മുഖ്യമന്ത്രിയായതിന്റെ അപകടങ്ങള്‍ നാം കാണുന്നുണ്ട്. ഇന്ന് രാജ്യം ഭരിക്കുന്ന ബിജെപി-എന്‍ഡിഎ കക്ഷികളുടെ നീക്കങ്ങള്‍ കോടതിയുടെ പോലും പരാമര്‍ശങ്ങളും നിരീക്ഷണവും ക്ഷണിച്ചുവരുത്തുന്നു. രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും പരിശോധിച്ചാല്‍ മതാധിഷ്ഠിതമായല്ല രാജ്യം പിറവിയെടുത്തതെന്ന് വ്യക്തമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായതുമുതലും സ്വാതന്ത്ര്യം നേടിയതിനുശേഷവും മതത്തെ സംബന്ധിച്ചും മതേതരത്വത്തെ സംബന്ധിച്ചുമുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാട് ഒന്നുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ പുരോഗമനത്തിന് തടസ്സം നില്‍ക്കുന്നത് മതഭ്രാന്താണെന്ന് സ്വാമി സന്ദീപാനന്ദഗിരി അഭിപ്രായപ്പെട്ടു. വിഭാഗീയതയുടെയും മൂഢമായ കടുംപിടുത്തത്തിന്റെയും സന്തതിയാണ് മതഭ്രാന്ത്. ഇത് ജനതയെ നൈരാശ്യത്തിലേയ്ക്ക് തള്ളിവിടുന്നു. ചിക്കാഗോയില്‍ നടന്ന ലോകമത സമ്മേളനത്തില്‍ മതവും മതേതരത്വവും മതത്തിന്റെ പേരിലുള്ള വൃത്തികേടുമാണ് സ്വാമി വിവേകാനന്ദന്‍ പൊളിച്ചുകാട്ടിയത്. എന്നാല്‍ ഇതൊന്നും വിവേകാനന്ദന്റെ ചിത്രം പ്രൊഫൈല്‍പിക്ചറാക്കി നടക്കുന്നവര്‍ വായിച്ചിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
മനുഷ്യനെയും പ്രകൃതിയെയും കീഴടക്കാനും, അധിനിവേശത്തിനുവേണ്ടി മതചിഹ്നങ്ങളെ ഉപയോഗിക്കുമ്പോഴും യഥാര്‍ത്ഥ ദൈവം നഷ്ടപ്പെടുകയാണെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ആ മതത്തെയാണ് കാറല്‍ മാര്‍ക്‌സ് വിമര്‍ശിച്ചത്. പാപ്പാത്തിചോലയില്‍ കുരിശ് പിഴുതെറിഞ്ഞതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് യേശുക്രിസ്തുതന്നെയായിരിക്കും. യഥാര്‍ത്ഥ മതം മനുഷ്യനെ സ്‌നേഹിക്കലും പങ്കിടലുമാണ്, അല്ലാതെ വസ്തു കയ്യേറ്റവും സ്വത്ത് സമ്പാദനവുമല്ല.
വിദേശ ആശയത്തെ കടംകൊണ്ടാണ് ആര്‍എസ്എസിന്റെ ഉത്ഭവമെന്ന് മുന്‍മന്ത്രി എം കെ മുനീര്‍ അഭിപ്രായപ്പെട്ടു. ഫാസിസത്തില്‍ നിന്നാണ് ആര്‍എസ്എസ് രൂപംകൊണ്ടത്. ഹിറ്റ്‌ലറും മുസോളിനിയും കടംകൊണ്ട ഫാസിസത്തിന്റെ ആശയങ്ങള്‍ ഗോള്‍വര്‍ക്കറുടെ കൃതികളില്‍ കാണാം. ഹിറ്റ്‌ലറുടെ മുഖപത്രത്തില്‍ ഗോള്‍വര്‍ക്കറെക്കുറിച്ചും പരാമര്‍ശമുണ്ട്. നമ്മുടെ ചിന്താശക്തിയെയും ഭക്ഷണരീതിയെയും എഴുത്തിനെയും ആശയത്തെയും മുഴുവന്‍ നിയന്ത്രിക്കുന്ന രീതിയില്‍ ഭരണകൂടം മാറുകയാണ്. ഫാസിസത്തെ തിരിച്ചറിഞ്ഞ പ്രസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ മോഡറേറ്ററായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍, സെമിനാര്‍ സബ്കമ്മിറ്റി കണ്‍വീനര്‍ പി എസ് സുപാല്‍, ജെ ചിഞ്ചുറാണി, അഡ്വ. ജി ലാലു തുടങ്ങിയവര്‍ സംബന്ധിച്ചു. ആര്‍ വിജയകുമാര്‍ സ്വാഗതവും എ ബിജു നന്ദിയും പറഞ്ഞു.