സുരക്ഷാ വീഴ്ച; ഗൂഗിള്‍ പ്ലസ് അക്കൗണ്ടുകള്‍ പൂട്ടുന്നു

Web Desk
Posted on October 09, 2018, 9:47 am

ന്യൂയോര്‍ക്ക്: സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കായ ഗൂഗിള്‍ പ്ലസിന്റെ അക്കൗണ്ടുകള്‍ പൂട്ടുന്നു. അഞ്ച് ലക്ഷം ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ക്കാണ് ഇതോടെ താഴ് വീഴുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സോഫ്‌റ്റ്വെയര്‍ ‘ബഗ്’ കടന്നുകൂടിയത് മാര്‍ച്ചില്‍ തന്നെ കമ്പനി മനസിലാക്കിയിരുന്നു. എന്നാല്‍ പ്രശ്‌നം ഗുരുതരമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു പുറത്തുവിട്ടിരുന്നില്ല.
2011ലാണ് ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കായ ഗൂഗിള്‍ പ്ലസ് പുറത്തിറക്കിയത്.
മെയില്‍ ഐഡി, ചിത്രങ്ങള്‍ തുടങ്ങിയ വ്യക്തി വിവരങ്ങളെല്ലാം ഉപഭോക്താവിന്റെ അനുവാദംകൂടാതെ പുറത്തുനിന്നുള്ളവര്‍ക്ക് എടുക്കാമെന്നത് ഗൂഗിള്‍ പ്ലസിന്റെ വീഴ്ചകളിലൊന്നാണ്.
അതേസമയം ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രൈവസി ആന്‍ഡ് ഡേറ്റ പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരിശോധനയില്‍ തെളിഞ്ഞിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.