ബാര്‍ കോഡിനുപകരം ക്യുആര്‍ കോഡ്; വ്യാജലോട്ടറി തട്ടിപ്പുകള്‍ കുറയ്ക്കാന്‍ സംവിധാനങ്ങള്‍

Web Desk
Posted on June 29, 2019, 12:55 pm

കണ്ണൂര്‍: സംസ്ഥാനത്ത് വ്യാജലോട്ടറി തട്ടിപ്പുകേസുകള്‍ കുറക്കാന്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്. നിലവില്‍ നടപ്പിലാക്കിയ സുരക്ഷാക്രമീകരണങ്ങള്‍ക്ക് പുറമെപുതിയ ടിക്കറ്റില്‍ സീരിയല്‍ നമ്പര്‍, സെക്യൂരിറ്റി നമ്പര്‍, നറുക്കെടുപ്പ് തീയതി, നറുക്കെടുപ്പ് നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി ബാര്‍കോഡുകള്‍ക്ക് പകരം ക്യൂ ആര്‍ കോഡ് സംവിധാനം കൊണ്ടുവരും. പൊതുജനങ്ങള്‍ക്കും ഏജന്റുമാര്‍ക്കും വ്യാജ ടിക്കറ്റുകള്‍ മനസ്സിലാക്കാനുതകുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ കൊണ്ടുവരാനും സംസ്ഥാന ഭാഗ്യക്കുറി ക്ഷേമ ബോര്‍ഡിന്റെ പരിഗണയിലുണ്ട്.

നിലവില്‍ ടിക്കറ്റ് സുരക്ഷാ ഭാഗമായ കൗണ്ടര്‍ഫോയില്‍ മുറിച്ചെടുത്ത് പ്രസ്സില്‍ സൂക്ഷിച്ച ശേഷമാണ് ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കായി നല്‍കുന്നത്. അയ്യായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ ടിക്കറ്റുകളിലും ഇത്തരം കൗണ്ടര്‍ ഫോയില്‍ ഉണ്ടാകും. സമ്മാനര്‍ഹമായ ടിക്കറ്റും കൗണ്ടര്‍ ഫോയിലും ഒത്ത് നോക്കിയാണ് വ്യാജ ടിക്കറ്റുകളെ മനസ്സിലാക്കുന്നത്. യഥാര്‍ഥ ടിക്കറ്റില്‍ നഗ്‌ന നേത്രങ്ങള്‍ക്ക് വ്യക്തമാകാത്ത സുരക്ഷാ സംവിധാനം മാഗ്‌നിഫെയിംഗ് ലെന്‍സ് ഉപയോഗിച്ച് നോക്കിയാല്‍ തെളിഞ്ഞു കാണാം. എന്നാല്‍ ടിക്കറ്റ് കളര്‍ഫോട്ടോ സ്റ്റാറ്റ് എടുത്തത് ആണെങ്കില്‍ ഒരു വരപോലെയാണ് സുരക്ഷാ സംവിധാനം തെളിയും.

ഭാഗ്യക്കുറി ടിക്കറ്റിന്റെ മുന്‍വശത്ത് ഒരു പ്രത്യേക ഭാഗത്ത് ടിക്കറ്റിന്റെ ഡ്രോ നമ്പര്‍ നഗ്‌ന നേത്രങ്ങള്‍ക്ക് ദൃശ്യമാവാത്ത വിധം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു പ്രത്യേക ഫിലിം ഉപയോഗിച്ചാണ് മനസ്സിലാക്കുന്നത്. വ്യാജ ടിക്കറ്റില്‍ ഈ ഭാഗത്തെ നമ്പര്‍ ഫിലിമിലൂടെ നോക്കിയാല്‍ മനസ്സിലാക്കാന്‍ സാധിക്കില്ല. ഭാഗ്യക്കുറി ടിക്കറ്റില്‍ കേരള സ്‌റ്റേറ്റ് ലോട്ടറി ഡയറക്ടര്‍ ഒപ്പിട്ടിരിക്കുന്ന ഭാഗത്ത് കെ എസ് എല്‍ എന്ന് തെളിഞ്ഞു കണ്ടാല്‍ അത് വ്യാജ ടിക്കറ്റ് ആണെന്ന് ഉറപ്പിക്കാന്‍ സാധിക്കും. യഥാര്‍ഥ ടിക്കറ്റില്‍ ഈ അക്ഷരങ്ങള്‍ കാണാന്‍ സാധിക്കില്ല.
ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഭാഗ്യക്കുറി ടിക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് പരിശീലന ക്ലാസ് നടത്തി.

ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അശോകന്‍ പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ടിക്കറ്റുകളില്‍ പുതുതായി ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും വ്യാജ ടിക്കറ്റുകള്‍ തിരിച്ചറിയേണ്ട വിധത്തെക്കുറിച്ചും ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ ഡി സുനില്‍കുമാര്‍ ക്ലാസെടുത്തു. അടിസ്ഥാന സുരക്ഷാ സംവിധാനം, അച്ചടി സുരക്ഷാ സംവിധാനം, ക്യു ആര്‍ കോഡ് എന്നിവയെക്കുറിച്ച് വിശദമായ ക്ലാസാണ് പരിശീലനപരിപാടിയില്‍ നടന്നത്. ജില്ലാ ഭാഗ്യക്കുറി ജൂനിയര്‍ സൂപ്രണ്ട് മനോജ് സൈമണ്‍, വിവിധ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

YOU MAY LIKE THIS VIDEO ALSO