Saturday
16 Feb 2019

തെരഞ്ഞെടുപ്പ് അട്ടിമറി അനുവദിക്കില്ല: സുരക്ഷ ശക്തമാക്കി ഫേസ്ബുക്ക്‌

By: Web Desk | Wednesday 24 October 2018 8:41 AM IST

ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പ് അട്ടിമറികള്‍ തടയുന്നതിനായി കര്‍ശന നടപടികളുമായി ഫേസ്ബുക്ക് രംഗത്ത് . ഫേസ്ബുക്കിലൂടെയുള്ള വ്യാജപ്രചാരണവും, വിവരം ചോര്‍ത്തലും നിരീക്ഷിക്കാന്‍ പ്രത്യേക സമിതിക്ക് കമ്പനി രൂപം നല്‍കി. ഡേറ്റാ സയന്റിസ്റ്റുകള്‍, നിയമവിദഗ്ധര്‍, സോഫ്റ്റ് വെയര്‍ എഞ്ചീനീയര്‍മാര്‍ എന്നിങ്ങനെ വിവിധ മേഖലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് സംഘാംഗങ്ങള്‍.
വിവിധ രാജ്യങ്ങള്‍ ഫേസ്ബുക്കിന്റെ സഹായത്താന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തി എന്ന് പേരുദോഷം അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ നീക്കം. വരാനിരിക്കുന്ന ബ്രസീല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി അതി ശക്തമായ സുരക്ഷയാണ് ഫേസ്ബുക്ക് ഉപയോഗത്തില്‍ ഒരുക്കിയിരിക്കുന്നത്. വാര്‍ റൂം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദഗ്ധരെ കൂടാതെ 20,000 സുരക്ഷാ ജീവനക്കാര്‍ ഫേസ്ബുക്കില്‍ വേറെയും ഉണ്ട്. ഇവര്‍ക്കൊപ്പം കൃത്രിമ ബുദ്ധിയുടെ സാധ്യതകള്‍ കൂടി ചേരുന്നതോടെ കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മറികടക്കാമെന്നാണ് ഫേസ്ബുക്ക് കരുതുന്നത്.
ഫേസ്ബുക്ക് ഉപയോഗിച്ചുള്ള അട്ടിമറി ആരോപണം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലുള്‍പ്പെടെ ശക്തമായി ഉയര്‍ന്നിരുന്നു. കാംബ്രിഡ്ജ് അനലിറ്റിക്ക വിവാദം കൂടി വന്നപ്പോള്‍ കമ്പനി കടുത്ത പ്രതിരോധത്തിലുമായി. അന്നെല്ലാം ആരോപങ്ങള്‍ നിഷേധിച്ച ഫേസ്ബുക്ക് വാര്‍ റൂമിലൂടെ നിലപാട് മയപ്പെടുത്തുകയാണ്.
അമേരിക്കയിലും ബ്രസീലിലും അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടുന്നില്ലാന്ന് ഉറപ്പാക്കുകയാണ് വാര്‍ റൂമിന്റെ ആദ്യ കടമ്പ. വ്യാജ വിവരങ്ങള്‍ തടയുക, വിവരങ്ങള്‍ ചോരാതെ നോക്കുക എന്നതാണ് വാര്‍ റൂമിലെ പടയാളികള്‍ക്ക് മുന്നിലെ വെല്ലുവിളി. ഇനിയുമൊരു പിഴവുണ്ടായാല്‍ വിശ്വാസ്യത തകരുമെന്ന ഭീതി ഫേസ്ബുക്കിനുണ്ട്. അതുകൊണ്ടു തന്നെ പ്രതിരോധത്തിന്റെ മാത്രമല്ല, പിടിച്ചു നില്‍പ്പിന്റെ കൂടി മുറിയാവുകയാണ് വാര്‍ റൂം.

Related News