പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി എത്രയും വേഗം പിന്‍വലിക്കണം; എ കെ ബാലന്‍

Web Desk
Posted on October 04, 2019, 6:31 pm

തിരുവനന്തപരം: വര്‍ഗീയ ശക്തികള്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജനാധിപത്യവും മനുഷ്യാവകാശങ്ങളും ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി എത്രയും വേഗം പിന്‍വലിക്കണമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ ആവശ്യപ്പെട്ടു. ഭരണഘടനാ മൂല്യങ്ങളും ജനങ്ങളുടെ സ്വൈരജീവിതവും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടതിനാണ്, രാജ്യം ആദരിക്കുന്ന പ്രതിഭാശാലികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നതിനു പകരം അത് ചൂണ്ടിക്കാട്ടുന്നവരെക്കൂടി ക്രൂശിക്കാനുള്ള നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ഈ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ സാംസ്‌കാരികലോകം ഒറ്റക്കെട്ടായി പ്രതിഷേധം ഉയര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.