കത്തെഴുതിയതിന്റെ പേരിലുള്ള രാജ്യദ്രോഹക്കേസ് പിൻവലിച്ചു

Web Desk
Posted on October 09, 2019, 10:52 pm

മുസാഫർപൂർ: രാജ്യത്ത് വർധിക്കുന്ന ആൾക്കൂട്ട ആക്രമണത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തെഴുതിയ 49 പ്രശസ്ത കലാകാരന്മാർക്കും ബുദ്ധിജീവികൾക്കുമെതിരെ ചുമത്തിയ രാജ്യദ്രോഹ കേസ് അവസാനിപ്പിക്കാൻ മുസാഫർപൂരിലെ പൊലീസ് ഉത്തരവിട്ടു.
ആൾക്കുട്ടം നിയമം കയ്യിലെടുക്കുന്ന സംഭവങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഈ വർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 49 പ്രമുഖർ കത്തെഴുതിയത്. കേസ് അവസാനിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചതായി മുസാഫർപൂർ എസ്എസ്‌പി മനോജ് കുമാർ സിൻഹ പറഞ്ഞു. അഭിഭാഷകൻ സുധീർ കുമാർ ഓജ സമർപ്പിച്ച ഹർജി തുടർന്നാണ് 49 പ്രതികൾക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്.

ഹർജിയെ തുടർന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം കഴിഞ്ഞയാഴ്ച സർദാർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, അരുന്ധതി റോയി, അപർണ സെൻ, മണിരത്നം, ചരിത്രകാരൻ രാമചന്ദ്ര ഗുഹ തുടങ്ങിയവർ കത്തെഴുതിയവരിൽ ഉൾപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരിൽ കേസെടുത്ത നടപടി ഏറെ വിവാദമാവുകയും ചെയ്തിരുന്നു. ഓജയുടെ ഹർജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായതിനാലാണ് എഫ്ഐആർ റദ്ദാക്കാൻ നിർദ്ദേശം നൽകിയതെന്ന് പൊലീസ് അറിയിച്ചു.