സ്വന്തം ലേഖകൻ

കൊച്ചി

February 14, 2021, 2:10 pm

സർക്കാർ ഇടപെടൽ സഫലം; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍നിക്ഷേപവും ഗ്രാന്‍റും പ്രഖ്യാപിച്ച് സീഡിംഗ് കേരളയ്ക്ക് സമാപനം

Janayugom Online

നൂതനാശയങ്ങളുടേയും സാങ്കേതികവിദ്യകളുടേയും കരുത്തില്‍ സ്റ്റാര്‍ട്ടപ്പ് സംസ്കാരം വളര്‍ത്തി സമ്പദ്ഘടനയില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) 4.32 കോടി രൂപയുടെ ഗ്രാന്‍റ് പ്രഖ്യാപിച്ചു. എയ്ഞ്ജല്‍ നിക്ഷേപങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്യുഎം സംഘടിപ്പിച്ച ആറാമത് സീഡിംഗ് കേരള ഉച്ചകോടിയുടെ സമാപന സമ്മേനത്തിലായിരുന്നു ഈ പ്രഖ്യാപനം.
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ വിവിധ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും 750 കോടിരൂപയുടെ നിക്ഷേപം ഉറപ്പുവരുത്തുന്നതിനായി ഫണ്ട് ഓഫ് ഫണ്ട് സ്കീമിന്‍റെ ഭാഗമായി നാല് ഫണ്ടുകളുമായി സഹകരിക്കുന്നുണ്ടെന്നും സമാപന സമ്മേളനത്തില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് വൈസഫീറുള്ള അറിയിച്ചു. 

ഇതുവരെ സര്‍ക്കാര്‍ 15 കോടി രൂപ അനുവദിക്കുകയും 298 നൂതനാശയകര്‍ത്താക്കള്‍ക്കായി 12 കോടി രൂപ വിതരണം നടത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സ്റ്റാര്‍ട്ടപ്പ് മിഷന്‍ 61 നൂതനാശയകര്‍ത്താക്കള്‍ക്ക് 1.54 കോടി രൂപ നല്‍കിയിരുന്നു. 18 കോടിരൂപയുടെ സീഡ് ലോണ്‍ നൂറ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നല്‍കി. 2020 ലെ കൊവിഡ് കാലഘട്ടത്തില്‍ 21 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2.3 കോടി രൂപ നല്‍കി. ഇനിയും 97 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 4.5 കോടി രൂപയുടെ ഫണ്ട് ഗ്രാന്‍റായി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 52 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്പ്പന്നവത്ക്കരണത്തിന് 3.5 കോടിരൂപയും 41 നൂതനാശയങ്ങള്‍ക്ക് 82 ലക്ഷം രൂപയുമാണ് ഗ്രാന്‍റായി നല്‍കുന്നത്. സീഡിംഗ് കേരളയുടെ പിച്ചിംഗ് സെഷനിലൂടെ നാല് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിന് അഞ്ച് പ്രമുഖ നിക്ഷേപകര്‍ മുന്നോട്ടുവന്നു.

ട്രാവല്‍ സ്റ്റാര്‍ട്ടപ്പായ വെര്‍റ്റൈല്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡില്‍ വീ-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എമിറെറ്റസ് ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നിക്ഷേപം നടത്തും. നിര്‍മ്മിതബുദ്ധി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫെഡോ സ്റ്റാര്‍ട്ടപ്പില്‍ യൂണീകോണ്‍ ഇന്ത്യ വെഞ്ച്വേഴ്സും സീഫണ്ടും നിക്ഷേപിക്കും. വന്‍കിട ചെറുകിട സംരംഭങ്ങള്‍ക്ക് ഏകജാലക സംവിധാനമൊരുക്കുന്ന സാറ്റാര്‍ട്ടപ്പായ റാപ്പിഡോറില്‍ ഡേവിഡ്സണ്‍സ് ഗ്രൂപ്പാണ് നിക്ഷേപിക്കുന്നത്. പാസഞ്ചര്‍— ചരക്ക് ഗതാഗതത്തിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഇലക്ട്രിക് വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന സ്റ്റാര്‍ട്ടപ്പായ യൂബീഫ്ളൈയില്‍ ഡീപ് ടെക് വെഞ്ച്വേഴ്സ് കാപ്പിറ്റലിസ്റ്റ് സ്പെഷ്യല്‍ ഇന്‍വെസ്റ്റ് നിക്ഷേപം നടത്തും. സീഡിംഗ് കേരളയില്‍ നടന്ന ഫിന്‍ടെക് ചലഞ്ചില്‍ സ്റ്റാര്‍ട്ടപ്പുകളായ ഹെര്‍ മണി ടാക്സും ഇ വയേഴ്സും സമ്മാനത്തുകയായ ഒരു ലക്ഷം രൂപ പങ്കിട്ടു. ഡീപ്ടെക് ചലഞ്ചില്‍ അഗ്രിമ സ്റ്റാര്‍ട്ടപ്പ് ഒരു ലക്ഷം രൂപ നേടി.

മഹാമാരി കാലഘട്ടത്തിലും ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ 10 ശതമാനം വരെ നിരന്തര വളര്‍ച്ച വിപുലപ്പെടുത്തുകയാണെന്ന് മുഖ്യപ്രഭാഷണത്തില്‍ ക്വാട്രോ ഗ്ലോബല്‍ സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രമണ്‍ റോയ് പറഞ്ഞു. ഫിന്‍ടെക്, എഡ്യുടെക്, അഗ്രിടെക് എന്നിവ ദൈനംദിന യാഥാര്‍ത്ഥ്യങ്ങളായി മാറി. മുപ്പത്തിയഞ്ചുശതമാനത്തോളം റീട്ടെയ്ല്‍ നിക്ഷേപകര്‍ ഓഹരിവിപണിയില്‍ ഫിന്‍ടെക് ഉപയോഗിക്കുന്നുണ്ട്. പ്രതിസന്ധികളെ അവസരങ്ങളാക്കിമാറ്റി നേട്ടം കൊയ്യാന്‍ ഇന്ത്യന്‍ സംരംഭകര്‍ക്ക് കഴിഞ്ഞു. വിദൂര പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് അവരുടെ കണ്ടെത്തല്‍. മുപ്പത് മുതല്‍ മുപ്പത്തിയഞ്ച് ശതമാനത്തോളം സ്റ്റാര്‍ട്ടപ്പുകളും വിദൂര പ്രദേശങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

അത്യാധുനിക സാങ്കേതികവിദ്യകളുടെ അംഗീകാരം വര്‍ദ്ധിച്ചുവരികയാണ്. ഇത് വീണ്ടും കരുത്താര്‍ജ്ജിക്കും. 2020 ലെ സ്റ്റാര്‍ട്ടപ്പുകളില്‍ 19 ശതമാനവും ഈ മേഖലയിലുള്ളതാണ്. ആകെ നിക്ഷേപത്തിലെ പതിനാല് ശതമാനത്തോളം ഇത്തരം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുമാണ്. നിര്‍മ്മിത ബുദ്ധിയിലും മെഷീന്‍ ലേണിംഗിലുമാണ് ഈ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് എണ്‍പത്തിയേഴ് ശതമാനം നിക്ഷേപവും ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ഐടി പാര്‍ക്ക്സ് സിഇഒ ശശി പീലാച്ചേരി മീത്തല്‍ സ്വാഗതം പറഞ്ഞു. വെര്‍ച്വലായി നടന്ന ദ്വിദിന ഉച്ചകോടി രാജ്യത്തെ മേല്‍ത്തട്ട് നഗരങ്ങള്‍ക്കപ്പുറമുള്ള സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിലൂടെ മധ്യവര്‍ഗ‑ചെറുകിട നഗരങ്ങളിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് മികച്ച നിക്ഷേപ അവസരം തേടുന്നതിനാണ് ഊന്നല്‍ നല്‍കിയത്.

ENGLISH SUMMARY:Seed Ker­ala con­cludes by announc­ing huge invest­ment and grant for suc­cess­ful startups
You may also like this video