Site iconSite icon Janayugom Online

നീതി തേടി വിഎച്ച്എസ്ഇ അഗ്രിക്കള്‍ച്ചര്‍ ഉദ്യോഗാര്‍ത്ഥികള്‍ 

 

സംസ്ഥാനത്ത് അഗ്രിക്കൾച്ചർ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനത്തിനുള്ള പിഎസ്‌സി പരീക്ഷ വിഎച്ച്എസ്ഇ അഗ്രിക്കൾച്ചർ യോഗ്യതയുള്ളവർക്കും അഗ്രിക്കൾച്ചർ ഡിപ്ലോമയുള്ളവർക്കും ഒന്നാണെന്നിരിക്കെ നിയമനത്തിൽ കടുത്ത വിവേചനമാണെന്ന പരാതിയുമായി വിഎച്ച്എസ്ഇ ഉദ്യോഗാര്‍ത്ഥികള്‍. വിഎച്ച്എസ്ഇക്ക് കട്ട് ഓഫ് മാർക്കിലൂടെ നിയമനത്തിനുള്ള യോഗ്യത കണക്കാക്കുമ്പോൾ ഡിപ്ലോമയുള്ളവർക്ക് കട്ട് ഓഫ് മാർക്കില്ലെങ്കിലും നിയമനം ഉറപ്പാണ്. ഇത്തരത്തിൽ രണ്ടുതട്ടിൽ നിർത്തുന്നത് ഒരേ പരീക്ഷ എഴുതിയവരെയാണ്. ഈ അവസ്ഥയിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.
കാര്‍ഷിക സര്‍വകലാശാല നടത്തുന്ന അഗ്രിക്കൾച്ചര്‍ ഡിപ്ലോമയാണ് കൃഷി അസിസ്റ്റന്റ് ആകാനുള്ള അടിസ്ഥാന യോഗ്യത. അതേസമയം, ഇവരുടെ അഭാവത്തിൽ വിഎച്ച്എസ്‌സി അഗ്രിക്കൾച്ചര്‍ കഴിഞ്ഞവരെയും പരിഗണിക്കും. പക്ഷേ ബിഎസ്‌സി അഗ്രിക്കൾച്ചര്‍ കഴിഞ്ഞവര്‍ക്കും കൃഷി അസിസ്റ്റന്റ് ആകാമെന്ന് വിജ്ഞാപനം വന്നതോടെ വിഎച്ച്എസ്‌സി അഗ്രിക്കൾച്ചര്‍ കഴിഞ്ഞവരുടെ ജോലിസാധ്യത മങ്ങുകയാണ്.
2012ൽ ഈ തസ്തികയിലേക്ക് വിജ്ഞാപനം വന്നപ്പോൾ ബിഎസ്‌സി അഗ്രിക്കൾച്ചര്‍ ബിരുദമുള്ളവർ ഹൈക്കോടതിയെ സമീപിച്ച് അധികയോഗ്യത അയോഗ്യതയായി കണക്കാക്കരുത് എന്ന് അനുകൂല വിധി നേടിയിരുന്നു. പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ അധിക യോഗ്യതയുണ്ടെന്ന് പറഞ്ഞ് നെഗറ്റീവ് മാര്‍ക്ക് ലഭിച്ച ബിഎസ്‌സിക്കാര്‍ക്കും ജോലി ലഭിച്ചിരുന്നു. അന്ന് ആയിരത്തിലധികം ഒഴിവുണ്ടായിരുന്നതിനാൽ വിഎച്ച്എസ്‌ഇ കഴിഞ്ഞവര്‍ക്കും ജോലി ലഭിച്ചു.
തുടര്‍ന്ന് 2016ൽ ഈ തസ്തികയിലേക്ക് പുതിയ വിജ്ഞാപനം വീണ്ടും പ്രസിദ്ധീകരിച്ചപ്പോൾ ഡിപ്ലോമക്കാര്‍ക്കൊപ്പം ബിഎസ്‌സിക്കാര്‍ അപേക്ഷിക്കുകയും വിഎച്ച്എസ്‌ഇക്കാര്‍ കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ, ആ ഉത്തരവിന് മുൻകാല പ്രാബല്യം നൽകാൻ അന്ന് സര്‍ക്കാര്‍ തയ്യാറായില്ല. ഇതിന്റെ ഫലമായി ഇപ്പോൾ പുറത്തിറങ്ങിയ സാധ്യത പട്ടികയിൽ കുറഞ്ഞ മാര്‍ക്കാണെങ്കിലും അധിക യോഗ്യതയുടെ പേരിൽ ജോലി ലഭിക്കുന്നു.
പിഎസ്‌സിയില്‍ രണ്ട് ലിസ്റ്റുകളായാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത് അതില്‍ ലിസ്റ്റ് ഒന്നില്‍ ഡിപ്ലോമയും, ബിഎസ്‌സി കാരും, ലിസ്റ്റ് രണ്ടില്‍ വിഎച്ച്എസ്ഇക്കാരുമാണ്. 2020 ഡിസംബർ 23 ന് പ്രസിദ്ധീകരിച്ച അഗ്രിക്കൾച്ചർ അസിസ്റ്റന്റ് തസ്തികയ്ക്കുള്ള റാങ്ക് പട്ടികയിൽ ഒന്നാം ലിസ്റ്റില്‍ 729 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒഴിവാകട്ടെ 300 ഉം, ലിസ്റ്റ് ഒന്നിലുള്ളവര്‍ക്ക് മിനിമം മാര്‍ക്ക് അഞ്ചായതു കൊണ്ട് പരീക്ഷ എഴുതിയ എല്ലാവരും ഉള്‍പ്പെടുകയാണ്. ലിസ്റ്റ് രണ്ടിലെ വിഎച്ച്എസ്സി ഉദ്യോഗര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കൂടുതല്‍ ഉണ്ടെങ്കിലുംഅവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ഒന്നാം ലിസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് 71 ഉം, വിഎച്ച്എസ്ഇക്കാരുടെ രണ്ടാം ലിസ്റ്റില്‍ ഏറ്റുവം ഉയര്‍ന്ന മാര്‍ക്ക് 74 മാണ്. യോഗ്യതയെക്കാള്‍ പ്രവേശന പരീക്ഷയില്‍ ഏറ്റുവും കൂടുതല്‍ മാര്‍ക്ക് വങ്ങുന്നത് വിഎച്എസ്സിക്കാരാണ്. അതുകൊണ്ട് തന്നെ പ്രവേശന പരീക്ഷ ഫലത്തിന്റെ നിലവാരം കൂടി കണക്കാക്കേണ്ടത് പ്രധാനമാണ്.
രാജ്യത്തെ മികച്ച അഗ്രിക്കൾച്ചർ കോഴ്സുകളോട് കിടപിടിക്കുന്ന വിഎച്ച്എസ്ഇ അഗ്രിക്കൾച്ചർ കോഴ്‌സ് ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചറിന് തത്തുല്യമാക്കണമെന്ന് കേരള വിഎച്ച്എസ്ഇ അഗ്രിക്കൾച്ചർ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള നടപടികള്‍ വിഎച്ച്എസ്ഇ ഉദ്യോഗര്‍ത്ഥികള്‍ക്കുള്ള അവസരം നഷ്ടപ്പെടുത്തുകയും ഭവിയില്‍ വിദ്യാര്‍ത്ഥികള്‍ ഈ കോഴ്സ് എടുക്കാനുള്ള തല്‍പര്യം നഷ്ടപ്പെടുകയും ചെയ്യുന്നു.
അഗ്രിക്കൾച്ചർ അസിസ്റ്റന്റ് തസ്തികയുമായി ബന്ധപ്പെട്ട് ഡിപ്ലോമാക്കാർക്കും വിഎച്ച്എസ്ഇക്കാർക്കും തുല്യപരിഗണന നൽകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചുവെങ്കിലും ഇതുവരെ ഉദ്യോഗസ്ഥ തലത്തിൽ നടപടി ഉണ്ടായിട്ടില്ല. വിവേചനം നിലനിൽക്കെ തന്നെ ഇതര സംസ്ഥാനത്തില്‍ കൂടി പരീക്ഷ എഴുതാനുള്ള സൗകര്യം ഉണ്ടാക്കുകയാണ് ചെയ്തത്. നിലവിൽ 48 ആണ് പിഎസ്‌സി പറയുന്ന കട്ട് ഓഫ് മാർക്ക്. ഇത് എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും തുല്യമാക്കുകയോ എടുത്തു കളയുകയോ ചെയ്ത് നീതി നടപ്പിലാക്കണമെന്നാണ് വിഎച്ച്എസ്ഇ ഉദ്യോഗാർത്ഥികളുടെ ആവശ്യം. വിവിധ വകുപ്പുകളിലെ നിയമനം സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളുംവിഎച്ച്എസ്ഇക്കാർക്ക് കൂടി അവസരം ലഭിക്കത്തക്കവിധം പരിഷ്കരിക്കണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു.

Exit mobile version