സ്തനാര്‍ബുദം നിര്‍ണയിക്കാന്‍ ബ്രാ രൂപകല്‍പ്പന ചെയ്ത സീമയ്ക്ക് നാരീശക്തി പുരസ്‌കാരം

Web Desk
Posted on March 06, 2019, 12:03 pm

തൃശൂര്‍: സ്തനാര്‍ബുദം നിര്‍ണയിക്കാന്‍ ബ്രാ രൂപകല്‍പ്പന ചെയ്ത മലയാളി വനിതയ്ക്ക് നാരീശക്തി പുരസ്‌കാരം. അത്താണി സീമെറ്റിലെ ശാസ്ത്രജ്ഞയായ ഡോ. എ സീമയെ തേടിയെത്തിയത് രണ്ട് ദേശീയ അവാര്‍ഡുകളാണ്. നാഷണല്‍ അവാര്‍ഡ് ഫോര്‍ വിമെന്‍സ് ഡെവലപ്‌മെന്റ് ത്രൂ ആപ്ലിക്കേഷന്‍ ഓഫ് സയന്‍സും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നാരീശക്തി പുരസ്‌കാരവുമാണ് സീമയ്ക്ക് ലഭിച്ചത്. സ്തനാര്‍ബുദം പരിശോധിക്കാന്‍ ഇവരും സംഘവും ചേര്‍ന്ന് നിര്‍മിച്ച സെന്‍സറുകള്‍ ഘടിപ്പിച്ച ബ്രാ ശാസ്ത്രലോകം ശ്രദ്ധിച്ച കണ്ടുപിടിത്തമാണ്.

ശാസ്ത്രത്തിന്റെ ഫലപ്രദമായ വിനിയോഗത്തിലൂടെ സ്ത്രീകളുടെ ഉന്നമനത്തിന് ചെയ്ത സംഭാവനകളാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചത്. ഇക്കൊല്ലം രാജ്യത്ത് ഈ അവാര്‍ഡ് കിട്ടിയ ഏക വ്യക്തിയും സീമ തന്നെ. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും മെഡലുമാണ് പുരസ്‌കാരം.

അത്താണിയിലെ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്‌ട്രോണിക് ടെക്‌നോളജി (സിമെറ്റ്) യിലെ ശാസ്ത്രജ്ഞയാണ് സീമ. വനിതാദിനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നാരീശക്തി പുരസ്‌കാരത്തിനും (ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും) ഇത്തവണ ഈ ശാസ്ത്രപ്രതിഭ അര്‍ഹയായി. വനിതാദിനമായ മാര്‍ച്ച് എട്ടിന് രാഷ്ട്രപതിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങും.