വസ്ത്രവ്യാപാര മേഖലയിലെ പ്രമുഖ ഗ്രൂപ്പായ “ശീമാട്ടി’ സ്ഥാപനങ്ങളുടെ ഉടമ വി. തിരുവെങ്കിടം (90) അന്തരിച്ചു. ശീമാട്ടി സിഇഒ ബീന കണ്ണന്റെ പിതാവാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയവെ 14നു രാവിലെയായിരുന്നു അന്ത്യം. സംസ്കാരം പച്ചാളം ശ്മശാനത്തിൽ നടന്നു. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണു പങ്കെടുത്തത്. പരേതയായ സീതാ ലക്ഷ്മിയാണ് ഭാര്യ. പരേതനായ കണ്ണൻ മരുമകനാണ്.
ശീമാട്ടി സ്ഥാപകൻ വീരയ്യ റെഡ്യാറുടെ മകനാണു തിരുവെങ്കിടം. തിരുനെല്‍വേലിയില്‍ നിന്നെത്തിയ എസ്.വീരയ്യ റെഡ്യാര്‍ 1910ലാണ് ആലപ്പുഴയില്‍ ശീമാട്ടി സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരിയുടെ പേരായിരുന്നു ശീമാട്ടി. അന്നത്തെ ഏറ്റവും വലിയ വസ്ത്രക്കട. 4000 സ്ക്വയര്‍ഫീറ്റ് കെട്ടിടം. തുടര്‍ന്നു ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, പത്തനംതിട്ട, കൊല്ലം, കായംകുളം, അടൂര്‍, തിരുവനന്തപുരം ബ്രാഞ്ചുകള്‍ സ്ഥാപിച്ചു. 1950ല്‍ കോട്ടയം ചന്തക്കവലയിൽ ബ്രാഞ്ച് തുറന്നു. ഈ കാലത്തിനിടയ്ക്കു പിതാവിനോടൊപ്പം വസ്ത്രവ്യാപാരത്തില്‍ മകന് തിരുവെങ്കിടവും ചുവടുറപ്പിക്കുകയായിരുന്നു. കോട്ടയത്തെ വ്യാപാരസ്ഥാപനം മികച്ച നിലയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് തിരുവെങ്കിടമായിരുന്നു. തുടര്‍ന്നു കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയിലും ശീമാട്ടി ബ്രാഞ്ച് സ്ഥാപിച്ചു. ഒരു നൂറ്റാണ്ടിലേറെ പിന്നിട്ട ശീമാട്ടി മലയാളികളുടെ മനസില്‍ ഇടംപിടിച്ചതിനു പിന്നില്‍ തിരുവെങ്കിടത്തിന്റെയും പിതാവിന്റെയും കഠിനാധ്വാനവും അര്‍പ്പണബോധവുമായിരുന്നു. കാഞ്ചീപുരം പട്ടു സാരികളുടെയും വിവാഹസാരികളുടെയും കാര്യത്തിൽ മലയാളികളുടെ മനസിൽ അവസാന വാക്കായിരുന്നു ശീമാട്ടി.
പ്രസിദ്ധമായ കോട്ടയം തിരുനക്കര ക്ഷേത്രത്തിന് അലങ്കാരഗോപുരം നിര്‍മിച്ചു നല്കിയതു തിരുവെങ്കിടമായിരുന്നു. എന്നാൽ പ്രശസ്തിയുടെ ലോകത്തു നിന്ന് അകന്നു ജീവിക്കാൻ ഇഷ്ടപ്പെട്ട അദ്ദേഹം ശീമാട്ടിയുടെ ചുക്കാന്‍ മകള്‍ ബീനയ്ക്കും മരുമകൻ കണ്ണനും കൈമാറിയ ശേഷം എറണാകുളത്തു വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.