സീതകളി- ദേശിംഗനാടിന്റെ ദളിത് രാമായണം

Web Desk
Posted on June 02, 2019, 9:34 am

വിസ്മൃതിയിലാണ്ടുപോയ ഒരു നാടന്‍ കലാരൂപത്തിന്റെ വീണ്ടെടുപ്പിന്റെ കഥയാണ് ‘സീതകളി ദേശിംഗനാടിന്റെ ദളിത് രാമായണം’ എന്ന ഡോക്യുമെന്ററി പറയുന്നത്. പന്ത്രണ്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മലയാളം നോണ്‍ കോംപറ്റീഷന്‍ സെക്ഷനില്‍ ഒഫിഷ്യല്‍ സെലക്ഷന്‍ നേടിയ നാല്‍പ്പത് മിനിട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഡോക്യുമെന്ററിയാണ് സീതകളി.

രണ്ടു വര്‍ഷം നീണ്ട തീവ്രപ്രയത്‌നമാര്‍ന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് തിരക്കഥാകൃത്തും നാടകകൃത്തുമായ ടി എന്‍ ഷാജിമോന്‍ തന്റെ ആദ്യ സംവിധാനത്തില്‍ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. 2016ലെ മികച്ച തിരക്കഥാകൃത്തിനുളള സംസ്ഥാന ടെലിവിഷന്‍ പുരസ്‌ക്കാര ജേതാവാണ് സംവിധായകന്‍.

നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും മൂന്നര പതിറ്റാണ്ടു മുന്‍പ് പൂര്‍ണ്ണമായി അന്യംനിന്നുപോയതുമായ സീതകളിയുടെ ചരിത്രത്തെയും പൂര്‍ണ്ണരൂപത്തെയും തേടി സംവിധായകന്‍ ഇറങ്ങിത്തിരിക്കുന്നത് 2017ന്റെ തുടക്കത്തോടെയാണ്.
കൊല്ലം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെയും സഹകരണത്തോടെ തുടക്കമിട്ട ‘പ്രതിഭാ പിന്തുണ പദ്ധതി’ യുടെ സഹായത്തോടെയാണ് ഡോക്യുമെന്ററി പൂര്‍ത്തീകരിച്ചിരിക്കുന്നത്.


പെസീസത്തിന്റെ ബാനറില്‍ നിര്‍മ്മാണവും വിവരശേഖരണവും സ്‌ക്രിപ്റ്റും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ടി എന്‍ ഷാജിമോനോണ്. സീതകളിയില്‍ പണ്ട് വേഷമിട്ടിരുന്നവരും പാട്ടുകാരുമുള്‍പ്പെടെയുള്ള ഇന്ന് ശേഷിക്കുന്ന ചില പഴമക്കാരുടെ ചരിത്രപ്രാധാന്യമുള്ള വെളിപ്പെടുത്തലുകളിലൂടെ സീതകളിയുടെ പൂര്‍ണ്ണരൂപം തേടുകയും കളി അന്യം നിന്നുപോയതിന്റെ കാരണങ്ങള്‍ തേടുകയുമാണ് ഡോക്യുമെന്ററി.
ദേശിംഗനാടിന്റെ ജനവാസ മേഖലകളിലൊക്കെ നിലനിന്നിരുന്ന അധഃസ്ഥിത ജനതയുടെ ഓണക്കളിയായിരുന്നു സീതകളി. വേടര്‍, പുലയര്‍ വിഭാഗങ്ങളില്‍പ്പെട്ടവരാണ് കളി, തലമുറകളിലൂടെ കൈമാറി വന്നത്. കമ്പരാമായണം, അദ്ധ്യാത്മ രാമായണം എന്നീ കൃതികളെ ആധാരമാക്കി ലളിത സുന്ദരമായ പദങ്ങളില്‍ എഴുതി ചിട്ടപ്പെടുത്തി വേഷപ്പകര്‍ച്ചയോടെ ചുവട് വച്ച് കളിച്ചു വന്ന സീതകളി അത്തം മുതല്‍ ഇരുപത്തിയെട്ടാം ഓണം വരെയുള്ള രാത്രികളില്‍ ഒരോ വീട്ടുമുറ്റങ്ങളിലുമെത്തി പഴമക്കാര്‍ അവതരിപ്പിച്ചിരുന്നു.
വനയാത്ര മുതല്‍ സീതയുടെ സ്വര്‍ഗാരോഹണം വരെയുള്ള കഥാഭാഗങ്ങളാണ് സീതകളിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വായ്‌മൊഴിയായി പകര്‍ന്നാടിവന്ന ഈ നാട്ടടവ് കലയില്‍ സീതയാണ് പ്രധാന കഥാപാത്രം. ദ്രാവിഡ ഭംഗിയില്‍ നിറഞ്ഞ, രാമായണത്തിലെ ഓരോ കഥാപാത്രങ്ങളുടെയും ചടുലമായ ചുവടുവെയ്പ്പുകള്‍ കളിയുടെ പ്രത്യേക ആകര്‍ഷണമാണ്. അധ:സ്ഥിത ജനതയുടെ അദ്ധ്വാനത്തിന്റെ ശൈലിയില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരൊറ്റ ചുവട് വെയ്പ്പിലൂടെയാണ് കളി വിന്യസിക്കപ്പെടുന്നത്. ആദ്യകാലങ്ങളില്‍ പുരുഷന്മാരാണ് സ്ത്രീ വേഷങ്ങള്‍ കെട്ടിയിരുന്നത്. പില്‍ക്കാലത്ത് ബാല്യകാലം മുതല്‍ സ്ത്രീകള്‍ വേഷം കെട്ടിത്തുടങ്ങി.
പെട്രോമാക്‌സിന്റെയും തീപ്പന്തങ്ങളുടെയും വെളിച്ചത്തിലാണ് സംഘങ്ങള്‍ കളി അവതരിപ്പിച്ചിരുന്നത്. കേരളത്തിന്റെ അന്നത്തെ സാമൂഹിക ജീവിത ചുറ്റുപാടുകളില്‍ സീതകളിക്ക് വേണ്ടത്ര പ്രസക്തി കിട്ടാതെ കാലഹരണപ്പെടുകയാണുണ്ടായത്. മണ്‍മറഞ്ഞു പോയ സീതകളി ആശാന്മാരുടെ സ്മരണകള്‍ക്ക് മുന്നിലാണ് സംവിധായകന്‍ ചിത്രം സമര്‍പ്പിക്കുന്നത്. 21 മുതല്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്ന 12മത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.