സുരക്ഷാ സംവിധാനമില്ല; അപകടകെണിയൊരുക്കി സീതമ്മകുണ്ട്

Web Desk
Posted on July 19, 2019, 7:44 pm

മേപ്പാടി: അധികൃതര്‍ സുരക്ഷാ സംവിധാനമൊരുക്കാത്തതിനാല്‍ സീതമ്മകുണ്ട് അപകട മേഖലയാവുന്നു.  മുന്‍പരിചയമില്ലാത്തവര്‍ അപകടപ്പെടാന്‍ സാദ്ധ്യതയേറെയായതിനാല്‍ ഐതിഹ്യത്താലും പ്രകൃതി സൗന്ദര്യത്താലും സമ്പന്നമായ മേപ്പാടി സീതമ്മകുണ്ടില്‍ അപകടങ്ങള്‍ ഇപ്പോള്‍ തുടര്‍കഥയാവുകയാണ്.
വനവാസകാലത്ത് സീത കുളിച്ച സ്ഥലം എന്ന നിലയിലാണ് സീതമ്മകുണ്ട് എന്ന് അറിയപ്പെടുന്നത്. എന്നാല്‍ ഇവിടെ വിനോദ സഞ്ചാരികളെ നിയന്ത്രിക്കാനോ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. സുരക്ഷാ സംവിധാനങ്ങളും, മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിരിക്കയാണ്.

പാറകൂട്ടങ്ങള്‍ക്ക് നടുവില്‍ പ്രത്യേക തരത്തില്‍ രൂപപ്പെട്ട വെള്ളം കെട്ടി നില്‍ക്കുന്ന വന്‍കുഴിയും പരന്നൊഴുകന്ന നീര്‍ചാലുകളുമടങ്ങുന്നതാണ് സീതമ്മകുണ്ട് എന്ന സ്ഥലം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 16ന് മേപ്പാടി സ്വദേശിയായ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസം ബത്തേരി വാകേരി സ്വദേശി നിധിന്‍ (23) മുങ്ങി മരണപ്പെടുകയുണ്ടായി. അവസാനമായി സംഭവിച്ച അപകടങ്ങളാണിവ.

 

ഈ അടുത്ത കാലത്താണ് സീതമ്മ കുണ്ട് വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതായത്.
സാഹസികതയും വിനോദവും ഇഷ്ടപ്പെടുന്ന യുവാക്കളാണ് കൂടുതലും ഇവിടെ എത്തുന്നത്.
അപകടങ്ങളില്‍പെടാതെയും ജീവന്‍ പൊലിയാതെയും ശ്രദ്ധിക്കാന്‍ അധികൃതര്‍ തയ്യാറായാല്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയാല്‍ വിനോദ സഞ്ചാര മേഖലയ്ക്ക് സീതമ്മക്കുണ്ട് ഒരു മുതല്‍കൂട്ടാവുമെന്നതില്‍ സംശയമില്ല.