March 28, 2023 Tuesday

ചിട്ടകൾ വേണം ചെറുപ്പത്തിലേ…

റവ: ഫാ: ഡോ. യബ്ബേസ് പീറ്റര്‍
March 2, 2020 5:27 pm

ആകാശത്തു പറന്നു നടക്കുന്ന പട്ടം പോലെയാണ് മനസ്സ്. ഒരു നൂലിന്റെ നിയന്ത്രണം മാത്രമാണ് അതിനുള്ളത്. കുട്ടികളെ സംബന്ധിച്ച് ആ നൂൽ പിന്നെയും നേർത്തുവരും. അതായത് ഏതു നിമിഷവും നൂലുപൊട്ടി പറന്നു മറയുന്ന പട്ടമാണത്. ശാരീരിക വളർച്ചയും മാനസ്സികമായ പൊരുത്തപ്പെടലും ഒരേസമയം നടക്കുന്നതും സ്കൂൾ വിദ്യാഭ്യാസകാലത്താണ്. അതുകൊണ്ടുതന്നെ വളരെ സങ്കീർണമാണ് ഈ സമയത്തു കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങൾ. മാതാപിതാക്കൾ ശ്രദ്ധിക്കുകയാണെങ്കിൽ പല പ്രശ്നങ്ങളും മുളയിലെ നുള്ളിക്കളയാം. എപ്പോഴും ഉറക്കം തൂങ്ങിയിരിക്കുക, പഠിക്കാനുള്ള വൈമുഖ്യം, ശ്രദ്ധയും ഏകാഗ്രതയും ഇല്ലാതിരിക്കുക, ദേഷ്യം, മറ്റുള്ള കാര്യങ്ങളിൽ അമിതമായ താല്പര്യം, അനുസരണക്കേട്, ഉപദ്രവിക്കുന്ന സ്വഭാവം, നശീകരണ പ്രവണത തുടങ്ങി മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്ന പെരുമാറ്റപ്രശ്നങ്ങൾ ധാരാളമുണ്ട് കുട്ടികളിൽ. ഈ പ്രശ്നങ്ങൾക്കു മുന്നിൽ പലപ്പോഴും നിസ്സഹായരാവുകയാണു മാതാപിതാക്കൾ.

കുട്ടികളുടെ അടിസ്ഥാന വ്യക്തിത്വവികാസത്തിന് എന്തു ചെയ്യാൻ കഴിയും?

കുട്ടികളുടെ മാനസികാവസ്ഥയെ ദോഷമായി ബാധിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം സമ്മർദമാണ്. കൊച്ചു കുട്ടികൾക്ക് എന്തു മാനസികസമ്മർദം എന്നു സംശയം തോന്നാം. എന്നാൽ, മുതിർന്നവരെ പോലെ മാനസിക സമ്മർദം അനുഭവിക്കുന്നുണ്ട് കുട്ടികളും. മാതാപിതാക്കളുടെ വഴക്കും അവരുടെ കുറ്റപ്പെടുത്തലും കൂട്ടുകാരുടെ കളിയാക്കലും തുടങ്ങി ഒരു കുഞ്ഞു പെൻസിൽ നഷ്ടപ്പെടുന്നതുപോലും അവരുടെ മനസ്സിനെ വേദനിപ്പിക്കും. ഈ സമയത്ത് തലച്ചോറിന്റെ പ്രവർത്തനം താറുമാറാവുകയും തത്ഫലമായി ഓർമ്മയുടെ അടരുകൾ നഷ്ടപ്പെടുകയും ചെയ്യും. പഠിച്ചതും നല്ലതുപോലെ അറിയാവുന്നതുമായ ഉത്തരങ്ങൾ പോലും പരീക്ഷയ്ക്കിടയിൽ മറന്നു പോകുന്നത് ടെൻഷൻ കൊണ്ടാണ്. പരീക്ഷയ്ക്കു മുമ്പു തന്നെ വിഷയങ്ങൾ മുഴുവൻ സ്വായത്തമാക്കിയെന്ന വിശ്വാസം തലച്ചോറിനു കൂടുതൽ ആത്മവിശ്വാസം കൊടുക്കും.

നല്ലൊരു പ്രവൃത്തി ചെയ്യുമ്പോൾ കിട്ടുന്ന അഭിനന്ദനം ഡോപമിൻ പോലെ തലച്ചോറിനു ഗുണകരമായ ചില രാസ വസ്തുക്കളുടെ ഉത്പാദനത്തിന് കാരണമാകുന്നു. ഇത് ആ പ്രവൃത്തി ആവർത്തിക്കുന്നതിന് കാരണമാകുന്നു. ഒരു കുട്ടി നല്ലൊരു പ്രവൃത്തി ചെയ്യുമ്പോൾ അവനെ അഭിനന്ദിക്കുന്നത് വീണ്ടും വീണ്ടും ആ പ്രവൃത്തി ചെയ്യാൻ പ്രേരണയാകുന്നു. മറ്റുള്ളവർ അഭിനന്ദിച്ചില്ലെങ്കിലും സ്വയം അഭിമാനിക്കാൻ കുട്ടിയെ ശീലിപ്പിക്കുകയും. ഒരു നല്ല കാര്യം ചെയ്തു കഴിയുമ്പോൾ, ഇതൊരു നല്ല കാര്യമാണ്, എന്റെ അച്ഛനും അമ്മയ്ക്കും ഇത് ഇഷ്ടപ്പെടും, ഇനിയും ഇതു പോലെയുള്ള പ്രവർത്തികൾ ചെയ്യാൻ എനിക്ക് അവസരം ലഭിക്കും… എന്നൊക്കെ സ്വയം പറയുന്നത് നല്ലതാണ്.

കുട്ടികളുടെ അടിസ്ഥാനവ്യക്തിത്വം രൂപം കൊള്ളുന്നത് വീടുകളിൽ നിന്നാണ്. പിന്നീടത് സ്കൂളിലേക്കും ചുറ്റുപാടുകളിലേക്കും തിരിയുന്നു. മാതാപിതാക്കളാണ് കുട്ടികളുടെ ആദ്യത്തെ മാതൃക. അതുകൊണ്ട് മാതാപിതാക്കളിൽ നിന്ന് തുടങ്ങുന്നു കുട്ടികളുടെ അടിസ്ഥാന വ്യക്തിത്വം. വ്യക്തിത്വം എങ്ങനെ രൂപപ്പെടുത്താം അമിതമായി ലാളിച്ചോ കഠിനമായി ശിക്ഷിച്ചോ രൂപപ്പെടുത്തി എടുക്കാവുന്നതല്ല കുട്ടികളുടെ അടിസ്ഥാനവ്യക്തിത്വം.

ശരി ചെയ്യാൻ പ്രേരിപ്പിക്കുകയും തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുമ്പോഴാണ് വ്യക്തിത്വം മെച്ചപ്പെടുന്നത്. ചുറ്റുപാടുകളിൽ നിന്നാണ് കുട്ടികൾ ആദ്യത്തെ പാഠം പഠിക്കുന്നത് അതുകൊണ്ട് നല്ല ചുറ്റുപാടുകൾ കുട്ടികളുടെ വ്യക്തിത്വത്തിന് ആവശ്യമാണ്. അടിപിടികൾ കണ്ടുവളരുന്ന കുട്ടിയിൽ സ്വാഭാവികമായും അക്രമവാസനയുണ്ടാവും. കുട്ടികൾ അടിസ്ഥാനവ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നത് അനുകരണങ്ങളിൽ നിന്നാണ്. തനിക്കു ചുറ്റും ജീവിക്കുന്നവരെ അവർ അനുകരിക്കാൻ ശ്രമിക്കും. അച്ഛനും അമ്മയും വീട്ടിലുള്ള മറ്റുള്ളവരുമാണ് അവരുടെ ആദ്യ മാതൃകകൾ, പിന്നീട് ചുറ്റുപാടിൽ നിന്നും സിനിമ പോലുള്ള മാധ്യമങ്ങളിൽ നിന്നും അവർ അനുകരിക്കും. ഇത് പലപ്പോഴും ഗുണത്തേക്കാളേറേ ദോഷമാണു ചെയ്യുന്നത്. അതുകൊണ്ട് കുട്ടികൾ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന സിനിമകൾ ഏതു രീതിയിൽ ഉള്ളതാണെന്നു പോലും മാതാപിതാക്കൾ മനസിലാക്കിയിരിക്കണം. വായനയാണ് കുട്ടികളുടെ അടിസ്ഥാനവ്യക്തിത്വം രൂപപ്പെടുത്തുന്ന മറ്റൊരു ഘടകം.

ബുദ്ധിവികാസത്തിനും വായന അത്യന്താപേക്ഷിതമാണ്. കുട്ടിക്കാലത്ത് എന്തു വായിക്കുന്നു എന്നതും പ്രധാനമാണ്. മഹാന്മാരുടെ ആത്മകഥകളും മറ്റും കുട്ടികളുടെ ലക്ഷ്യബോധത്തെ സ്വാധീനിക്കും. അതു നല്ലതാണ്. ഇതിഹാസങ്ങൾ, പുരാണങ്ങൾ, പഞ്ചതന്ത്രം, ഈസോപ്പ് കഥകൾ, കുട്ടികൾക്കുള്ള ലോകക്ലാസ്സിക്കുകൾ ഒക്കെ ആദ്യം വായിച്ചു കൊടുക്കുകയും പിന്നീട് അവരെക്കൊണ്ട് വായിപ്പിക്കുകയും വേണം. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തണം. കുട്ടികൾ നിർബന്ധമായും മൈതാനത്ത് ഓടിക്കളിക്കണം. രുചി നോക്കാതെ പോഷകാംശമുള്ള ആഹാരം കഴിക്കാൻ പ്രേരിപ്പിക്കണം. വീടിനു ചുറ്റുപാടുകളിൽ നിന്നു കിട്ടുന്ന പ്രകൃതിദത്തആഹാരങ്ങളിലാണ് നല്ല പോഷകങ്ങൾ ഉള്ളത്. കുട്ടികളെ ചിട്ടയോടെ ജീവിക്കാൻ പഠിപ്പിക്കണം. ഏതു കാര്യം ചെയ്യുമ്പോഴും അതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ നടത്താൻ കുട്ടികളെ പഠിപ്പിക്കണം. പഠിക്കുമ്പോഴും സ്കൂളിൽപ്പോകാൻ തയാറെടുക്കുമ്പോഴും കൃത്യമായ ആസൂത്രണം ആവശ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തണം. അന്നന്നു ചെയ്തു തീർക്കേണ്ട ജോലികൾ അന്നന്നുതന്നെ ചെയ്യാനുള്ള പരിശീലനം കൊടുക്കണം.

വ്യക്തിശുചിത്വം ഒരു പരിധിവരെ രോഗങ്ങൾ അകറ്റി നിർത്തുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും. വൃത്തിയുള്ള ശരീരം വൃത്തിയുള്ള മനസിന്റെ ലക്ഷണമാണ്. മൂല്യങ്ങളെക്കുറിച്ചു കുട്ടികളെ ബോധ്യപ്പെടുത്തുക. മൂല്യങ്ങൾക്കനുസരണമായി ജീവിക്കേണ്ടതിന്റെ ആവശ്യകതയും പറഞ്ഞുകൊടുക്കുക. വർത്തമാനപത്രങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുകയും പ്രധാന സംഭവങ്ങൾ എഴുതി സൂക്ഷിക്കാനുള്ള സഹായം ചെയ്തു കൊടുക്കുകയും ചെയ്യുക. വീട്ടിൽ ഉണ്ടാകുന്ന എല്ലാകാര്യങ്ങളിലും കുട്ടികളെക്കൂടി ഉൾപ്പെടുത്തുകയും എല്ലാ പ്രശ്നങ്ങളിലും അവരുടെ അഭിപ്രായം ആരായുകയും ചെയ്യുക.

കുട്ടികൾക്ക് അവരുടെ ഏതു പ്രശ്നവും തുറന്നു പറയാവുന്നതായിരിക്കണം മാതാപിതാക്കൾ. ഇത്തരം ഒരു ആശയവിനിമയം വളരെ ചെറുപ്പത്തിലേ തുടങ്ങേണ്ടതാണ്. എങ്കിൽ മാത്രമേ മുതിർന്നാലും ഈ ആശയ വിനിമയം നിലനിൽക്കൂ. ചില പ്രശ്നങ്ങൾ ചെറിയൊരു കൗൺസലിങ് കൊണ്ട് പരിഹരിക്കപ്പെടും. അങ്ങനെ ചെയ്യാതെ അതു വഷളാക്കുകയാണ് പല മാതാപിതാക്കളും ചെയ്യുന്നത്. ശിക്ഷയാണു പല തെറ്റുകൾക്കുമുള്ള പരിഹാരമെന്ന് കരുതുന്ന മാതാപിതാക്കളാണ് കൂടുതലും. എന്നാൽ ശരീരം വേദനിക്കുന്നതുകൊണ്ട് മനോഭാവം മാറില്ലെന്ന് മനസിലാക്കണം. മാനസികമായി കുട്ടികളെ വേദനിപ്പിക്കുന്നതുകൊണ്ടും സ്വഭാവം മാറുന്നില്ല. അതു മാനസികമായ തളർച്ച, അനാരോഗ്യം തുടങ്ങിയവയ്ക്കു മാത്രം കാരണമാകും. സ്നേഹിക്കുകയും മാറാനുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാക്കുകയുമാണ് ഇതിനുള്ള പ്രതിവിധി.

Eng­lish sum­ma­ry: self dis­ci­pline in childhood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.