August 9, 2022 Tuesday

ക്ഷമിക്കാം, സ്നേഹം പകരാം

ഡോ. ചന്ദന ഡി കറത്തുള്ളി
February 12, 2020 6:24 am

ജീവിതത്തില്‍ തെറ്റുകുറ്റങ്ങള്‍ സംഭവിക്കാത്തവര്‍ ഉണ്ടാവില്ലതന്നെ. അതുപോലെതന്നെ സ്വഭാവത്തിലും പ്രവര്‍ത്തനശൈലികളിലും നിലപാടുകളിലും പെരുമാറ്റത്തിലും സംസാര രീതിയിലുമെല്ലാം പിഴവുകള്‍ ഇല്ലാത്തവരും വിരളമായിരിക്കും. ഇതൊക്കെ നമുക്ക് അറിയാമെന്നിരിക്കിലും ആ അറിവ് പെരുമാറ്റത്തില്‍ കൊണ്ടുവരാന്‍ സാധിക്കുന്നവരും വിരളംതന്നെ.

അതായത് പെര്‍ഫെക്ടായ മനുഷ്യര്‍ ഇല്ലായെന്നും നമുക്ക് ഇഷ്ടപ്പെടാത്ത പെരുമാറ്റശൈലി പ്രകടിപ്പിക്കുന്നവരെല്ലാം മോശക്കാരാണെന്ന ചിന്താശൈലി പാടില്ലായെന്നുമെല്ലാം നമുക്കറിയാം. വേണമെങ്കില്‍ അതേക്കുറിച്ച് ഒരു പ്രസംഗം അവതരിപ്പിക്കാനോ ലേഖനം എഴുതാനോ ഒക്കെ നമുക്ക് സാധിക്കുമായിരിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മോടു തെറ്റുചെയ്യുന്നവരോട് സഹിഷ്ണുതയോടെ പെരുമാറാനും നമുക്കിഷ്ടമില്ലാത്ത പ്രവൃത്തികള്‍ നമ്മുടെ വേണ്ടപ്പെട്ടവര്‍തന്നെ ചെയ്യുമ്പോള്‍ അവരോട് സ്നേഹപൂര്‍വം തന്നെ ഇടപെടാനോ, അവരുടെ കുറവുകള്‍ കണ്ടില്ലെന്നു നടിച്ച് മുന്നോട്ടുപോകാനോ നമുക്ക് സാധ്യമാകാറില്ല. പലപ്പോഴും നമ്മുടെ കുടുംബത്തിലോ സുഹൃദ്‌വലയത്തിലോ നമുക്കിഷ്ടപ്പെടാത്ത സ്വഭാവരീതികള്‍ ഉള്ളവര്‍ കാണും. കിട്ടുന്ന അവസരങ്ങളിലെല്ലാം അവരെ ഉപദേശിക്കാനോ, അവരുടെ തെറ്റുകുറ്റങ്ങള്‍ തിരുത്തേണ്ട രീതികളെക്കുറിച്ച് ബോധവല്‍ക്കരിക്കാനോ ആയിരിക്കും നമുക്ക് താല്പര്യം.

അത് കേള്‍ക്കുന്നവര്‍ക്കാകട്ടെ സ്വന്തം സ്വഭാവരീതികള്‍ മാറ്റാന്‍ താല്പര്യമുണ്ടാവില്ല. എന്നുമാത്രമല്ല, ഇത് കേള്‍ക്കുമ്പോള്‍, തന്നെ കുറ്റപ്പെടുത്തുകയാണ്, തന്നെ ഈ വ്യക്തിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്ന തോന്നല്‍ ഉള്ളിലുണ്ടാവുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ അവര്‍ സ്വയം ന്യായീകരിക്കുകയും എന്തുകൊണ്ട് തന്നെ മനസിലാക്കുന്നില്ല എന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തേക്കാം. ഇത് കേള്‍ക്കുമ്പോള്‍ നമുക്ക് പിന്നെയും ദേഷ്യം വരികയും അത് പ്രശ്നങ്ങള്‍ രൂക്ഷമാക്കാനിടയാവുകയും ചെയ്യുന്നു. ഈ പറയുന്ന നമ്മളെതന്നെ ആരും കുറ്റപ്പെടുത്തുന്നതോ നമ്മുടെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുന്നതോ നമുക്കിഷ്ടമില്ലായെന്നിരിക്കെ, നാം മറ്റുള്ളവരുടെ അപാകതകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അവര്‍ അംഗീകരിക്കണം എന്ന് വാശിപിടിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.

നമ്മുടെ കുറവുകള്‍ എല്ലാവരും ക്ഷമിക്കണമെന്നും സഹിക്കണമെന്നും വാശിപിടിക്കുകയും എന്നാല്‍ നമുക്കാരുടേയും കുറവുകള്‍ അംഗീകരിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നത് ശരിയാണോ? പലപ്പോഴും കുടുംബബന്ധങ്ങള്‍ അകലുന്നതില്‍ ഈയൊരു ഘടകം ഏറെ പങ്കുവഹിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. ശരിയാണ്, ആളുകളുടെ അപാകതകളില്‍ തൂങ്ങിക്കളിക്കുന്ന നമ്മുടെ ആവശ്യങ്ങളും ന്യായമായിരിക്കാം. അവര്‍ വ്യത്യസ്തമായി പെരുമാറിയെങ്കില്‍ എന്ന് നാം ആശിക്കുന്നുണ്ടാകാം. ഭര്‍ത്താവ് എന്നോട് അല്പംകൂടെ സ്നേഹമായി പെരുമാറിയെങ്കില്‍ എന്നും, എന്റെ ഭാര്യ അല്‍പംകൂടെ പക്വതയോടെ ഇടപെട്ടെങ്കിലെന്നും, മക്കള്‍ അല്‍പംകൂടെ ഉത്തരവാദിത്വത്തോടെ പെരുമാറിയെങ്കിലെന്നുമെല്ലാം നാം ആശിക്കുന്നതില്‍ അതിശയമില്ല.

എന്നാല്‍ പ്രശ്നങ്ങള്‍ ഉദിക്കുന്നത് ഇങ്ങനെ ആശിക്കുന്നതിലല്ല. ‘ഇങ്ങനെതന്നെ പെരുമാറണം’ എന്നു നാം ശഠിക്കുമ്പോഴും അങ്ങനെ വരാത്തപ്പോള്‍ ദേഷ്യം പ്രകടിപ്പിക്കുമ്പോഴും കുറ്റങ്ങള്‍ കണ്ടെത്തുമ്പോഴും അവ എണ്ണിപ്പറഞ്ഞ് കുടുംബത്തിലെ സമാധാനം കളയുമ്പോഴുമെല്ലാമാണ് നാം സ്നേഹിക്കുന്നവരുടെ സ്വഭാവരീതികള്‍ എണ്ണിപ്പറഞ്ഞ്, അത് അവര്‍ മാറുകയില്ല എന്നു ഉറപ്പുണ്ടെങ്കില്‍ കൂടി കുടുംബത്തിലെ സമാധാനം കളയുന്നത് എന്തിനാണ്? എങ്ങനെ നമുക്കാ പ്രവണത മാറ്റിയെടുക്കാം? എന്തുകൊണ്ട് നാമവരുടെ കുറ്റങ്ങള്‍ പിന്നെയും പിന്നെയും വിളിച്ചുപറയുന്നുവെന്നതിന് രണ്ടാണ് കാര്യം. ഒന്ന്, നാം പറഞ്ഞാലെങ്കിലും അവര്‍ മനസിലാക്കട്ടെ എന്നുകരുതി. രണ്ട്, അവര്‍ പ്രകടിപ്പിക്കുന്ന സ്വഭാവരീതിയില്‍ നിന്നും അവര്‍ മാറിയാലേ നമുക്കവരെ അംഗീകരിക്കാന്‍ സാധിക്കൂ എന്ന ചിന്തകൊണ്ട്. ആദ്യത്തെ കാര്യത്തില്‍ നാം എത്ര ശ്രമിച്ചാലും അവര്‍ മാറുകയില്ല എന്ന തിരിച്ചറിവ് എത്രയുണ്ടെങ്കിലും നാമത് അംഗീകരിക്കാന്‍ തയ്യാറല്ല എന്നതാണ് സത്യം. എന്നെങ്കിലും നാം സ്നേഹിക്കുന്നവര്‍ അവരുടെ ‘കുറവുകള്‍’ തിരിച്ചറിഞ്ഞ് നമ്മുടെ ഇഷ്ടത്തിന് അനുസൃതമായി പ്രവര്‍ത്തിക്കും എന്ന മൂഢസ്വര്‍ഗത്തിലായിരിക്കും നാം ജീവിക്കുന്നത്. അല്ലെങ്കില്‍ അവര്‍ മാറില്ല എന്ന തിരിച്ചറിവ് നല്‍കുന്ന വെറുപ്പും വിദ്വേഷവും നിരാശയും ദേഷ്യവുമെല്ലാം ഇടയ്ക്കിടെ പുറത്തേക്ക് തികട്ടിവരുന്നതുമാകാം. എന്നാല്‍ നമ്മുടെ ഈ ദേഷ്യവും സങ്കടവുമെല്ലാം നമ്മുടേയും അവരുടെയും സ്വസ്ഥത കെടുത്തുന്നുണ്ട്. ഇല്ലേ! നമ്മുടെ പ്രതീക്ഷകള്‍ തന്നെ നമുക്ക് അമിതമായ ഒരു ഭാരമാകുന്ന അവസ്ഥയാണ് അത്. എന്താണ് ഇതിനൊരു പരിഹാരം? ആളുകളെ അവരുടെ കുറവുകളോടെതന്നെ അംഗീകരിക്കുക എന്നതുതന്നെ. പറയാനേറെ എളുപ്പമാണെങ്കിലും യഥാര്‍ത്ഥത്തില്‍ അതത്ര എളുപ്പമല്ല. അവരെ അംഗീകരിക്കുക എന്നതിനര്‍ത്ഥം അവരുടെ മോശം വശങ്ങള്‍ നാം മറക്കണമെന്നോ, അവരുടെ ഈ പ്രവൃത്തികള്‍ നമ്മെ ബാധിക്കുന്നില്ല എന്നോ അല്ല.

നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമുക്ക് സ്വീകാര്യമായാലും അല്ലെങ്കിലും നമുക്ക് സഹിക്കാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും — ഒരാള്‍ അങ്ങനെയാണ്, അതില്‍ മാറ്റമില്ല. ഈ സത്യത്തോട് കൂടെ പൊരുത്തപ്പെടുക എന്നതാണ്. ആ സത്യത്തോടുകൂടി സമരസപ്പെടുക എന്നതാണ്. ആ വ്യക്തിയില്‍ നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കാതിരിക്കുക എന്നതാണ്. ആ വ്യക്തിയില്‍ നിന്നും മറിച്ചൊന്നും ലഭിച്ചില്ലെങ്കിലും നമ്മുടെ ജീവിതത്തെ ബാധിക്കാത്ത രീതിയില്‍ നമ്മുടെ പ്രതീക്ഷകളെയും മനസിനേയും പാകപ്പെടുത്തിയെടുക്കുക എന്നതാണ്. ചില അവസരങ്ങളില്‍ അതില്‍ നിന്നും ഒരു പടികൂടെ കടന്ന്, അവരെ അംഗീകരിക്കുന്നതിനൊപ്പം വ്യവസ്ഥകള്‍ ബാധകമാക്കാത്ത സ്നേഹം കൂടെ പങ്കുവയ്ക്കേണ്ടതായി വരും. ‘എന്നോട് ഈ രീതിയില്‍ പെരുമാറിയാലേ സ്നേഹിക്കാന്‍ എനിക്ക് സാധിക്കൂ’ എന്ന ചിന്താഗതി കടുംപിടുത്തമാണ്. അങ്ങനെയല്ലാത്ത ഒരാളെ അംഗീകരിക്കാന്‍ വേണ്ട ഹൃദയവിശാലത പലപ്പോഴും നമ്മുടെ കുടുംബങ്ങളില്‍ നാം കാണിക്കേണ്ടതായി വരും. ളില്‍ ആ വ്യക്തിയുടെ പെരുമാറ്റ ശൈലികളെക്കുറിച്ച് നിരന്തരം കുറ്റപ്പെടുത്താതിരിക്കുക, കഴിയുന്നതും സന്തോഷകരമായ കാര്യങ്ങള്‍ മാത്രം കൂടുതലായി പങ്കുവയ്ക്കുക. സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് കൂടുതലായി ഇടപെടുക, അവര്‍ തെറ്റുകള്‍ ചെയ്താല്‍ പോലും അവ നാം ക്ഷമിക്കുന്നു, അവ നാം കാര്യമാക്കുന്നില്ല എന്ന സന്ദേശങ്ങള്‍ നല്‍കുക എന്നീ പെരുമാറ്റശൈലികള്‍ ഗുണം ചെയ്യാറുണ്ട്. അവരെ കുറ്റപ്പെടുത്താതെ തന്നെ അവരോട് ഇടപെടുമ്പോള്‍ അവര്‍ക്ക് നമ്മോടു തോന്നുന്ന അകല്‍ച്ചയുമെല്ലാം മാറിക്കിട്ടും. ആളുകള്‍ വ്യത്യസ്തരാണല്ലോ. അതുപോലെതന്നെ അവരുടെ സ്വഭാവരീതികളും കൂടുതല്‍ തുറന്ന മനസോടെ ഏവരെയും അംഗീകരിച്ചാല്‍ മാത്രമേ സ്നേഹത്തോടെയും സമാധാനത്തോടെയും നമുക്ക് മുന്നോട്ടു പോകാന്‍ സാധിക്കൂ. അങ്ങനെ ചെയ്യുമ്പോഴാകട്ടെ മാനസികാരോഗ്യത്തിന്റെ വലിയ വ്യതിയാനം തന്നെ നമുക്ക് മുന്നില്‍ തുറക്കുകയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.