9 November 2025, Sunday

Related news

November 6, 2025
November 4, 2025
November 3, 2025
November 2, 2025
November 1, 2025
October 31, 2025
October 24, 2025
October 22, 2025
October 21, 2025
October 20, 2025

17 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിന് സ്വയം പ്രഖ്യാപിത ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 28, 2025 11:50 am

ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സ്വയംപ്രഖ്യാപിത ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതി എന്ന സ്വാമി പാര്‍ഥസാരഥി ആഗ്രയിൽ വച്ച് അറസ്റ്റിലായി. ശ്രീ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് റിസര്‍ച്ചിന്റെ മുന്‍ ചെയര്‍മാനാണ് ചൈതന്യാനന്ദ. ഇവിടുത്തെ വിദ്യാര്‍ഥികളെയാണ് പീഡനത്തിന് ഇരയാക്കിയത്. ഇതിന് പുറമേ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റില്‍ 122 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണവുമുണ്ട്. ഒന്നിലധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതിനെ പിന്നാലെ ഓഗസ്റ്റ് മാസം മുതല്‍ ഒളിവിലായിരുന്നു. കോളേജിന്റെ ഉടമസ്ഥരായ ശ്രീ ശൃംഗേരി ശാരദാ പീഠത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ പി.എ. മുരളി ഓഗസ്റ്റ് 5‑ന് നല്‍കിയ പരാതിയിലാണ് കൂട്ടബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. ആറ് പേജുള്ള എഫ്ഐആറില്‍ 21 വയസ്സുള്ള ഒരു വിദ്യാര്‍ഥിനിയുടെ മൊഴിയും സന്യാസിയില്‍ നിന്ന് ആവര്‍ത്തിച്ചുള്ള പീഡനങ്ങളെക്കുറിച്ച് കോളേജ് കൗണ്‍സിലുമായി വിവരങ്ങള്‍ പങ്കുവെച്ച മറ്റ് 32 സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമുണ്ട്.

പീഡന പരാതികളുടെയും കോടികളുടെ ട്രസ്റ്റ് തട്ടിപ്പിന്റെയും പശ്ചാത്തലത്തില്‍ പ്രതിയുമായുള്ള ബന്ധം വിച്ഛേദിച്ചതായി കോളേജിന് നേതൃത്വം നല്‍കുന്ന പീഠം നേരത്തെ പ്രസ്താവനയിറക്കിയിരുന്നു.

യുഎന്‍ അടയാളങ്ങളോടുകൂടിയ കാറിന്റെ ഒമ്പത് വ്യാജ ഡിപ്ലോമാറ്റിക് നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ചതിനും പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. ഇയാളുടെ 18 ബാങ്ക് അക്കൗണ്ടുകളും പോലീസ് മരവിപ്പിച്ചിരുന്നു. 28 സ്ഥിരനിക്ഷേപങ്ങളിലായി എട്ട് കോടി രൂപയായിരുന്നു ഈ അക്കൗണ്ടുകളിൽ ഉണ്ടായിരുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിനുള്ള സ്‌കോളര്‍ഷിപ്പില്‍ പിജിഡിഎം (പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ്) കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ ചൈതന്യാനന്ദ സരസ്വതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

മുപ്പത്തിരണ്ട് വിദ്യാര്‍ഥിനികളുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. അവരില്‍ 17 പേര്‍ തങ്ങള്‍ക്ക് അശ്ലീല വാട്​സാപ്പ് സന്ദേശങ്ങള്‍ ലഭിച്ചതായും പ്രതിയില്‍ നിന്ന് അസഭ്യ ഭാഷാപ്രയോഗം ഉണ്ടായതായും അനാവശ്യമായ ശാരീരിക സ്പര്‍ശനം നേരിടേണ്ടി വന്നതായും പെണ്‍കുട്ടികള്‍ ആരോപിച്ചു.

മൊഴികളുടെ അടിസ്ഥാനത്തില്‍ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ചൈതന്യാനന്ദ തുടര്‍ച്ചയായി രൂപവും ഒളിത്താവളങ്ങളും മാറ്റിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനായി അഞ്ചിലധികം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ശനിയാഴ്ച വൈകിട്ട് ആഗ്രയില്‍ വെച്ച് ഇയാളെ പിടികൂടിയെന്നും ഡല്‍ഹിയിലേക്ക് കൊണ്ടുവരികയാണെന്നും പോലീസ് പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.