Janayugom Online
K raju

ക്ഷീരമേഖലയില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കും: മന്ത്രി കെ രാജു

Web Desk
Posted on June 07, 2018, 9:45 pm

തിരുവനന്തപുരം: അധികം താമസിയാതെ തന്നെ ക്ഷീര മേഖലയില്‍ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. കര്‍ഷകര്‍ക്കുള്ള ദുരന്ത നിവാരണ ധനസഹായവും സാങ്കേതിക ജീവനക്കാര്‍ക്ക് കമ്പ്യൂട്ടര്‍ ടാബ്‌ലെറ്റ് വിതരണവും കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ മില്‍മയുടെ മലബാര്‍ മേഖല പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചുകഴിഞ്ഞു. തിരുവനന്തപുരം, എറണാകുളം മേഖലകളും ഈ വര്‍ഷം തന്നെ ആ നേട്ടത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിനോടൊപ്പം തന്നെ പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി തീവ്രയത്‌ന പരിപാടി ആരംഭിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാനത്ത് രണ്ട് പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മൂന്നാമത്തെ പരിശോധനാ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.തിരുവനന്തപുരത്ത് മള്‍ട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.
സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സിനായി അഞ്ചുകോടി രൂപ വകയിരുത്തി. കന്നുകാലികളെ മാത്രമല്ല, കര്‍ഷകരെയും കുടുംബാംഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. മൃഗസംരക്ഷണ വകുപ്പ് കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിയുടെ 1000 യൂണിറ്റുകള്‍ കൂടി ഈ വര്‍ഷം ആരംഭിക്കും. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 5000 പുതിയ യൂണിറ്റുകള്‍ കൂടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ 44 കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക മന്ത്രി വിതരണം ചെയ്തു. സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കുളള ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍ വിതരണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 3,500 ടാബ്‌ലെറ്റുകളാണ് സംസ്ഥാനത്ത് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുത്.
കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ജില്ലാ മൃഗസംരക്ഷണഓഫീസര്‍ ഡോ.വി സുനില്‍കുമാര്‍ , മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. എന്‍ എന്‍ ശശി, അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. ബി ബാഹുലേയന്‍, ഡോ.ഏലിയാമ്മ, ആത്മ പ്രോജക്റ്റ് ഡയറക്ടര്‍ സിസിലിയ മാര്‍ഗരറ്റ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ തിയഡോര്‍ ജോണ്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.