December 3, 2022 Saturday

Related news

December 2, 2022
November 18, 2022
November 15, 2022
November 15, 2022
November 15, 2022
November 15, 2022
November 10, 2022
November 10, 2022
November 10, 2022
November 9, 2022

ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ ആശ്രയിക്കുന്നത് ഇടതുപക്ഷത്തെ

കെ കെ ജയേഷ്
കോഴിക്കോട്:
March 27, 2021 10:12 pm

കോൺഗ്രസ് തകർന്നാൽ പ്രവർത്തകർ ബിജെപിയിലേക്ക് പോകുമെന്നും ബിജെപി ശക്തിപ്പെട്ടാൽ ന്യൂനപക്ഷങ്ങൾ പ്രതിസന്ധിയിലാകുമെന്നുമുള്ള കോൺഗ്രസിന്റെ പ്രചാരണം വാസ്തവവിരുദ്ധമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സ്വന്തം കഴിവുകേടുകൊണ്ടും ദുർബലതകൊണ്ടും പാർട്ടി തകരുമ്പോൾ ബിജെപി വളരുമെന്ന വാദമുയർത്തുന്ന നിസ്സഹായമായ അവസ്ഥയിലാണ് കോൺഗ്രസിപ്പോൾ. എന്നാൽ കോൺഗ്രസ് വിടുന്നവർ ഭൂരിഭാഗവും ഇടതുപക്ഷത്തേക്കാണ് പോകുന്നതെന്നത് കോൺഗ്രസ് വാദത്തിന്റെ മുനയൊടിക്കുന്നു.

സമീപകാലത്ത് മുതിർന്ന കോൺഗ്രസ് നേതാക്കളായ പി സി ചാക്കോയും റോസക്കുട്ടിയും പി എം സുരേഷ് ബാബുവും ഉൾപ്പെടെയുള്ളവർ കോൺഗ്രസ് വിട്ടെങ്കിലും ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിക്കാനാണ് തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രവർത്തകരാണ് ഓരോ ദിവസവും കോൺഗ്രസ് വിടുന്നത്. ഇവരാരും കൂട്ടത്തോടെ ബിജെപിയിലേക്കല്ല പോകുന്നത്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് റോസക്കുട്ടി രാജിവച്ച് ബിജെപിയെ അല്ല ആശ്രയിച്ചത്. അവര്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നു. മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്ത് പാർട്ടി വിട്ടെങ്കിലും ബിജെപിയിലേക്ക് പോയില്ല. കഴിഞ്ഞ ദിവസമാണ് തൃശൂർ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. പി കെ ജോൺ പാർട്ടി വിട്ട് സിപിഐയിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്. എലത്തൂരിൽ പ്രവർത്തകരെ മുന്നിൽ നിർത്തി ഒരു വിഭാഗം നേതാക്കൾ നടത്തിയ രാഷ്ട്രീയ നാടകങ്ങളിൽ മനംമടുത്താണ് മണ്ഡലം യുഡിഎഫ് ചെയർമാനും ഡിസിസി അംഗവുമായ എം പി ഹമീദ് രാജിവച്ചത്. എലത്തൂർ സീറ്റ് മാണി സി കാപ്പന്റെ നേതൃത്വത്തിലുള്ള എൻസികെയ്ക്ക് നൽകിയതിനെതിരെ എം കെ രാഘവൻ എംപിയുടെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധം നടന്നിരുന്നു. ഇത് ശരിയായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹമീദിന്റെ രാജി. രാജിക്കത്ത് സംസ്ഥാന യുഡിഎഫ് ചെയർമാനും കൺവീനർക്കും അയച്ചിട്ടുണ്ട്. ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് ഇദ്ദേഹത്തിന്റെയും തീരുമാനം.
വയനാട്ടിൽ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗവുമായ സുജയ വേണുഗോപാൽ പാർട്ടി വിട്ട് സിപിഐ(എം)ലും ഡിസിസി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി കെ അനിൽ കുമാർ എൽജെഡിയിലുമാണ് ചേർന്നത്.

ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റായ മുസ്‌ലിം ലീഗ് നേതാവ് എ ദേവകി പാർട്ടി വിട്ട് എൽജെഡിയിലാണ് അണിചേർന്നത്. കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവും തവിഞ്ഞാൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ കെ എസ് സഹദേവൻ കോൺഗ്രസിൽ നിന്ന് രാജിവച്ച് സിപിഐ(എം)നൊപ്പം സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനിച്ചത്. പി സി ജോർജിന്റെ വർഗീയ നിലപാടിൽ പ്രതിഷേധിച്ച് കേരള ജനപക്ഷം വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് നേതാക്കളും പ്രവർത്തകരും സിപിഐക്കൊപ്പം നിലയുറപ്പിക്കാന്‍ തീരുമാനിച്ചു. പി സി ജോർജ് നടത്തുന്ന വർഗീയ പരാമർശങ്ങളിലും ന്യൂനപക്ഷ വിരുദ്ധമായ നിലപാടുകളിലും പ്രതിഷേധിച്ചാണ് പാർട്ടി ഒന്നടങ്കം സിപിഐയിലേക്ക് ചേർന്നത്.

അടുത്തിടെയാണ് കോഴിക്കോട്ട് ആയിരത്തിൽ പരം കോൺഗ്രസ് പ്രവർത്തകർ പാർട്ടി വിട്ടത്. കെഎസ്‌യു സംസ്ഥാന നിർവാഹക സമിതി അംഗമായിരുന്ന ആലംകോട് സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ പാർട്ടി വിട്ട പ്രവർത്തകരും ഇടതുപക്ഷത്തിനൊപ്പമാണ് നിലയുറപ്പിച്ചത്. മുസ്‌ലിം ലീഗിന്റെ അവസരവാദ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് വടകര അഴിത്തലയിൽ പന്ത്രണ്ട് കുടുംബങ്ങൾ രാജിവച്ച് ഐഎൻഎല്ലിലാണ് ചേർന്നത്. വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ നൂറോളം പേര്‍ മുസ്‌ലിം ലീഗിൽ നിന്ന് രാജിവച്ച് കേരള കോൺഗ്രസ് (എം)ൽ ചേർന്നു.

മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കൂട്ടത്തോടെ ബിജെപിയിൽ ചേരുമ്പോൾ ഇടതുപക്ഷ മതേതര മനസ് കാത്തുസൂക്ഷിക്കുന്ന കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ പാർട്ടി വിടുന്നവർ വർഗീയതയെ നേരിടാൻ കോൺഗ്രസിന് സാധിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇടതുപക്ഷത്തിനോടൊപ്പം ചേർന്ന് വർഗീയവിരുദ്ധ പോരാട്ടം ശക്തമാക്കുകയാണ് ചെയ്യുന്നത്.

ENGLISH SUMMARY: Self-respect­ing Con­gress­men rely on the Left

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.