പച്ചക്കറി ഉത്പാദനത്തിലെ സ്വയംപര്യാപ്തത ലക്ഷ്യം: മന്ത്രി വി എസ് സുനിൽ കുമാർ

Web Desk
Posted on November 22, 2019, 9:58 pm

കോട്ടയം: അടുത്ത വർഷത്തോടെ പച്ചക്കറി ഉത്പാദനത്തിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് കൃഷി വകുപ്പ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. കുമരകം ആറ്റാമംഗലം സെന്റ് ജോൺസ് പള്ളി ഹാളിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പ്രീവൈഗ 2010 ജില്ലാതല ശിൽപ്പശാലയും പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും സമ്പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കി ജൈവകൃഷി വ്യാപകമാക്കും. ഒരോ വീടിനും ആവശ്യമുള്ള പച്ചക്കറിയിനങ്ങളുടെ പട്ടിക തയ്യാറാക്കി അവ വീട്ടുവളപ്പിൽതന്നെ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് പരിഗണനയിൽ. നിലവിൽ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം ഏകദേശം 12 ലക്ഷം മെട്രിക് ടണ്ണിലേക്ക് എത്തുകയാണ്. ഇത് 16 ലക്ഷം മെട്രിക് ടൺ ആയി ഉയർത്താനായാൽ നമുക്ക് വേണ്ടത്ര ജൈവ പച്ചക്കറികൾ ലഭ്യമാകും. പ്രളയക്കെടുതികൾ രണ്ടു വട്ടം നേരിട്ടിട്ടും നെൽവയലുകൾ നികത്തുന്ന പ്രവണത സംസ്ഥാനത്ത് തുടരുകയാണ്. ഇനിയെങ്കിലും ഇത് നിർത്താൻ ജനങ്ങൾ തയ്യാറാകണം. പ്രാദേശിക ജല സ്രോതസുകൾ സംരക്ഷിക്കാൻ ജനപ്രതിനിധികളും ജനങ്ങളും കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആദ്യമായി കർഷക ക്ഷേമബോർഡ് രൂപീകരിക്കുന്നതിനുള്ള ബിൽ നിയമസഭ അംഗീകാരം നൽകിക്കഴിഞ്ഞു. രാജ്യത്തിനു തന്നെ മാതൃകയായ ബില്ലാണിത്. ഇതോടെ കർഷകർക്കുവേണ്ടി ക്ഷേമനിധി ബോർഡും യാഥാർഥ്യമാവുകയാണ്. കർഷകരും കർഷക സംഘടനകളുടെയും ആഗ്രഹങ്ങൾ സഫലീകരിക്കുന്ന നടപടിയാണിതെന്നും മന്ത്രി പറഞ്ഞു. കർഷകർക്കും ഉദ്യോഗസ്ഥർക്കും സ്കൂൾ വിദ്യാർത്ഥികൾക്കുമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്കും ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ പി സലിമോൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ. എം. ബാബു, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബോസ് ജോസഫ്, ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ ഡോ. എൻ എസ് ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.