ബാങ്കുകളുടെ സെര്‍വര്‍ ചോര്‍ത്തി ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ വില്പനയ്ക്ക്; സ്ഥിരീകരിച്ച്‌ എഡിജിപി

Web Desk
Posted on September 17, 2019, 2:43 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളുടെ സെര്‍വര്‍ ചോര്‍ത്തി ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ സാമ്പത്തിക തട്ടിപ്പു സംഘങ്ങള്‍ തട്ടിയെടുക്കുന്നത് സ്ഥിരീകരിച്ച് പൊലീസ്. ഇവ വന്‍തോതില്‍ ഇന്റര്‍നെറ്റില്‍ വില്‍പനക്ക് വയ്ക്കുന്നത് കണ്ടെത്തിയിട്ടുണ്ടെന്ന് എഡിജിപി മനോജ് എബ്രഹാം വെളിപ്പെടുത്തി. പൊലീസ് ഒരുക്കുന്ന കൊക്കൂണ്‍ സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു എഡിജിപിയുടെ പ്രതികരണം.

അക്കൗണ്ടില്‍ കിടക്കുന്ന പണം ഉടമ അറിയാതെ ആരെങ്കിലും ചോര്‍ത്തിയെടുക്കുന്നുവെന്ന പരാതികള്‍ വ്യാപകമാണ്. പണം പോയാല്‍ പോയത് തന്നെ, വണ്‍ ടൈം പാസ്‌വേര്‍ഡ് ആര്‍ക്കെങ്കിലും പറഞ്ഞു കൊടുക്കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ ഉടമ വീഴ്ച വരുത്തി എന്നാണ് ബാങ്കിന്റെ പതിവ് ന്യായം. എന്നാല്‍ അങ്ങനെയല്ലാതെ ബാങ്കിന്റെ സുരക്ഷാവീഴ്ച കൊണ്ടു തന്നെ പണം നഷ്ടപ്പെടാന്‍ എല്ലാ സാധ്യതയും ഉണ്ടെന്നാണ് പൊലീസിലെ സൈബര്‍ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ഡാര്‍ക്ക് നെറ്റില്‍ ഇവ വന്‍തോതില്‍ വില്‍പനക്ക് വയ്ക്കുന്നുണ്ട്. ഒരൊറ്റ ബാങ്കിന്റെ തന്നെ 50,000 വരെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ കണ്ടെത്തി. ബാങ്കുകള്‍ അവകാശപ്പെടുന്നത് പോലെ മറ്റേതെങ്കിലും വഴിക്ക് ചോരുന്നതാണെങ്കില്‍ എല്ലാ ബാങ്കുകളുടേയും വിവരങ്ങള്‍ ഇടകലര്‍ന്ന് കാണുമായിരുന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ തയ്യാറാക്കാന്‍ ഏല്‍പ്പിക്കുന്ന ഏജന്‍സികള്‍ വഴി ചോരാനുള്ള സാധ്യതയും ഉണ്ട്. എന്ത് തന്നെയായാലും അക്കൗണ്ട് ഉടമയുടെ വീഴ്ച അല്ലെന്ന് വ്യക്തമായാല്‍ ബാങ്ക് നഷ്ടം നികത്തണം.

അതേസമയം, സുരക്ഷാവീഴ്ച പലപ്പോഴും വ്യക്തമായിട്ടുണ്ടെങ്കിലും ഇത്തരം സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച ഒരു പരാതിയും കേരളത്തിലെ ബാങ്കുകള്‍ സ്വന്തം നിലയ്ക്ക് ഉന്നയിച്ചിട്ടില്ലെന്ന് മനോജ് എബ്രഹാം വെളിപ്പെടുത്തി. ഈ മാസം 25 മുതല്‍ 28 വരെ കൊച്ചിയില്‍ നടക്കുന്ന കൊക്കൂണ്‍ സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ ഈ വിഷയങ്ങളിലടക്കം വിപുലമായ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് എഡിജിപി പ്രതികരിച്ചു.