രാജ്യത്തിന്റെ അഭിമാന വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ കൊറോണക്കാലത്ത് വിറ്റുതുലയ്ക്കാനുള്ള മോഡി സര്‍ക്കാരിന്റെ മോഹം കടവിലടുക്കില്ലെന്ന് ഉറപ്പായി. എയര്‍ ഇന്ത്യാ കച്ചവടത്തിലൂടെ കമ്മിഷനടിക്കാന്‍ കേന്ദ്രം നിയമിച്ച അമിത്ഷാ കമ്മിറ്റി കൊറോണയുടെ മറവില്‍ വില്പന നടപടികള്‍ രണ്ട് മാസത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. കൊറോണക്കാലം കഴിഞ്ഞാലും കച്ചവടം നടക്കില്ലെന്ന് തീര്‍ച്ചയായതായി ഇന്റര്‍നാഷണല്‍ എയര്‍ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (അയാട്ട)യുടെ നിഗമനങ്ങളില്‍ നിന്നു വ്യക്തം.
കൊറോണമൂലം ആഗോള വ്യാപകമായി വിമാനകമ്പനികള്‍ ഒന്നൊന്നായി അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു. 85 ശതമാനം വിമാനകമ്പനികളും ഈ വര്‍ഷം പാപ്പരായി പ്രഖ്യാപിക്കപ്പെടുമെന്നാണ് അയാട്ടയുടെ കണക്കുകൂട്ടല്‍. പാപ്പരായി പ്രഖ്യാപിക്കപ്പെടേണ്ട ആദ്യ വിമാനകമ്പനികളിലൊന്ന് എയര്‍ ഇന്ത്യയാണെന്ന വ്യോമയാന വിദഗ്ധരുടെ വിലയിരുത്തലും പുറത്തു വന്നുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം അവസാനം വരെ പത്ത് വര്‍ഷത്തിനുള്ളില്‍ എയര്‍ ഇന്ത്യ വാരിക്കൂട്ടിയ നഷ്ടം 69,575.4 കോടി രൂപയാണെന്നും കഴിഞ്ഞ വര്‍ഷം മാത്രം നഷ്ടം 8,556.35 കോടിയാണെന്നും കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ്‌സിംഗ്സൂരി ലോക്‌സഭയെ അറിയിച്ചിരുന്നു. മോഡി സര്‍ക്കാര്‍ ആദ്യമായി അധികാരമേല്‍ക്കുമ്പോള്‍ എയര്‍ ഇന്ത്യക്കുണ്ടായിരുന്ന സഞ്ചിതനഷ്ടം 30,520 കോടിയായിരുന്നതാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലേറെയായി കുമിഞ്ഞുകൂടിയത്. നഷ്ടക്കണക്കുകള്‍ നിരത്തിയായിരുന്നു ഇയര്‍ ഇന്ത്യ കച്ചവടത്തിന് ചുക്കാന്‍ പിടിക്കാന്‍ അമിത്ഷാ കമ്മിറ്റിയെ നിയോഗിച്ചത്.
ടാറ്റയും ഹിന്ദുജയുമടക്കമുള്ള ബഹുരാഷ്ട്ര ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ എയര്‍ ഇന്ത്യ വാങ്ങാന്‍ രംഗത്തിറങ്ങിയെങ്കിലും കൊറോണക്കാലത്ത് വിമാനകമ്പനികള്‍ ഒന്നൊന്നായി പൂട്ടുന്ന സാഹചര്യത്തില്‍ തങ്ങള്‍ ലേലത്തില്‍ നിന്നു പിന്മാറുന്നതായി ഈ കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞു. ദുബായുടെ എമിറേറ്റ്സ്, അബുദാബിയുടെ എത്തിഹാദ്, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയവയുമായും അമിത്ഷാ കമ്മിറ്റി ചര്‍ച്ചകള്‍ നടത്തിയെങ്കിലും അവയെല്ലാം ഈ നഷ്ടക്കച്ചവടത്തിനില്ല എന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ എയര്‍വേയ്സ് എന്ന ലോകത്തെ ഏറ്റവും വലിയ വിമാനകമ്പനിയുമായും യുഎസിലെ തന്നെ ഡെല്‍റ്റ എയര്‍വേയ്സും സൗത്ത്‌വെസ്റ്റ് എയര്‍ലെെന്‍സും എയര്‍ഫ്രാന്‍സും ലുഫ്‌താന്‍സയുമായും നടന്ന ചര്‍ച്ചകളും പരാജയപ്പെട്ടു.
ലോകത്തെ ഏറ്റവും സമ്പന്നമായ ഈ കമ്പനികള്‍ കൊറോണക്കാലത്തെ ഭീമമായ നഷ്ടം നികത്തി സാധാരണ ഗതിയിലെത്താന്‍ മൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരും. ഇത്തരമൊരവസ്ഥയില്‍ നഷ്ടത്തില്‍ കുളിച്ചുനില്ക്കുന്ന എയര്‍ ഇന്ത്യയെ വലിച്ചു തലയില്‍ വയ്ക്കാന്‍ ലോകത്തെ ഒരു വിമാനകമ്പനിയോ ബഹുരാഷ്ട്ര സ്ഥാപനങ്ങളോ തയാറാവില്ലെന്ന് വ്യോമയാന വിദഗ്ധന്‍ പ്രവചിക്കുന്നു. ഇതിനെല്ലാം പുറമേ എയര് ഇന്ത്യയടക്കം ലോകത്തെ എല്ലാ വിമാന കമ്പനികളുടേയും ഓഹരിവില ഭീമമായി ഇടിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ സ്പെെസ് ജറ്റിന്റെ ഓഹരിവില 60 ശതമാനവും ഇന്‍ഡിഗോയുടേത് 24.2 ശതമാനവും ഇടിഞ്ഞപ്പോള്‍ എയര്‍ ഇന്ത്യയുടെ ഓഹരിവിലകള്‍ 80 ശതമാനത്തിലേറെ ഇടിഞ്ഞതും കമ്പനി പാപ്പരായി പ്രഖ്യാപിക്കുന്ന നടപടിയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്നുവെന്നതിന്റെ സൂചനയായി.
ENGLISH SUMMARY: selling of air india is not possible
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.