18 April 2024, Thursday

സെമി കേഡര്‍ കോണ്‍ഗ്രസില്‍ ഇലപൊഴിയും കാലം

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
September 17, 2021 4:00 am

സെമിഫൈനല്‍ എന്നു കേ ട്ടിട്ടുണ്ട്. കേഡര്‍ സംവിധാനം എന്നും കേട്ടിട്ടുണ്ട്. പക്ഷേ, സെമി കേഡര്‍ എന്ന പുതുസമ്പ്രദായം കണ്ടുപിടിച്ച് ചരിത്രത്തില്‍ സ്ഥാനം നേടിയവരാണ് സുധാകര സതീശാദികള്‍. സെമി കേഡര്‍ എന്താണെന്ന് അറിയില്ലെന്ന് കെപിസിസിയുടെ മുന്‍ താല്ക്കാലികാധ്യക്ഷനും നിലവില്‍ യുഡിഎഫ് കണ്‍വീനറുമായ എം എം ഹസ്സന്‍പോലും വെളിപ്പെടുത്തുന്നു. ഹസ്സനുപോലും ഈ പുതു മനോജ്ഞ തന്ത്രം അറിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ മാറ്റാര്‍ക്ക് അറിയാന്‍ കഴിയും. ഹസ്സനെ സെമി കേഡര്‍ എന്താണെന്ന് പഠിപ്പിക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. സുധാകരന്‍ പഠനക്ലാസുകള്‍ നടത്തുന്ന സമയമായതുകൊണ്ട് ഹസ്സന് ക്ലാസില്‍ അഡ്മിഷന്‍ എടുത്ത് നല്ല പഠിതാവായി സെമി കേഡറാവാം.

സെമികേഡര്‍ സംവിധാനം നടപ്പാക്കുന്നതിന്റെ ഗുണഫലം കേരളത്തിലെ കോണ്‍ഗ്രസില്‍ പൊടുന്നനെ തന്നെ അനുഭവവേദ്യമായി തുടങ്ങി. സംഘടനാ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറും ജനറല്‍ സെക്രട്ടറി ജി രതികുമാറും കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ ജനാധിപത്യം നഷ്ടപ്പെട്ടെന്നും പെട്ടിതൂക്കികള്‍ക്കും സ്തുതിപാഠകര്‍ക്കും ഇതര കലകളില്‍ സമര്‍ത്ഥരായവര്‍ക്കും മാത്രമാണ് സ്ഥാനലബ്ധിയെന്നും അവര്‍ തുറന്നടിച്ചു. പിന്നാലെ കണ്ടത് രാജിവച്ച് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നവരെ മണിക്കൂറുകള്‍ കഴിഞ്ഞ് പുറത്താക്കുന്ന സുധാകരന്റെ മാജിക്കാണ്. കോണ്‍ഗ്രസ് വിട്ടവര്‍ പെട്ടെന്ന് കെ സുധാകരനും വി ഡി സതീശനും കെ മുരളീധരനും മാലിന്യങ്ങളായി. കോണ്‍ഗ്രസില്‍ നിന്നപ്പോള്‍ കുസുമ പുഷ്പങ്ങള്‍. കോണ്‍ഗ്രസ് വിട്ടാല്‍ മാലിന്യങ്ങള്‍. അച്ചടക്കം ലംഘിച്ചു എന്നാണ് ഈ നേതാക്കള്‍ക്കെതിരെ സുധാകരാദികള്‍ ഉന്നയിക്കുന്ന ആക്ഷേപം. രമേശ് ചെന്നിത്തലയുടെ കോട്ടയത്തെ പ്രസംഗത്തിലെ ചോദ്യം ഈ നേതാക്കളുടെ മസ്തകത്തില്‍ പതിക്കുന്നതാണ്. അച്ചടക്ക ലംഘനത്തിന് മുന്‍കാല പ്രാബല്യം നല്കിയാല്‍ ഇന്ന് അച്ചടക്കത്തെക്കുറിച്ച് വാചാലരാവുന്ന എത്രപേര്‍ കോണ്‍ഗ്രസിലുണ്ടാവുമെന്ന കുടുത്ത പരിഹാസമാണ് രമേശ് ചെന്നിത്തല പ്രകടിപ്പിച്ചത്. ആ കൂട്ടത്തില്‍ സുധാകരനും സതീശനും മുരളീധരനുമെല്ലാം ഉള്‍പ്പെടും.


ഇതുകൂടി വായിക്കുക: സെമി കേഡര്‍ സുധാകരന്റെ ഗുണ്ടാസംവിധാനം, ലീഗില്‍ നാലാം ഖലീഫ; വമ്പന്‍ വിവാദങ്ങള്‍ യുഡിഎഫിന്റെ അടിത്തറയിളക്കും


അച്ചടക്ക ലംഘനം അനുവദിക്കില്ല, പുകുഞ്ഞകൊള്ളി പുറത്ത്, വേസ്റ്റുകള്‍ പോകും, ടാങ്ക് നിറഞ്ഞാല്‍ കുറച്ച് വെള്ളം പുറത്തുപോകും എന്നെല്ലാം ആലങ്കാരികതയോടെ പറയുന്ന കെ മുരളീധരന്‍ അച്ചടക്കം പാലിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത വിരുതനാണ്. അച്ചടക്കത്തിന്റെ ഉരുക്കു ചട്ടക്കൂട് എന്നും നിലനിര്‍ത്തിപ്പോന്ന ഉരുക്കു കോണ്‍ഗ്രസുകാരനാണ് കെ മുരളീധരന്‍ എന്ന് ഭൂതകാല ചരിത്രം നോക്കിയാല്‍ വ്യക്തമാവും. 1992 ല്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ കരുണാകരന്‍ ആന്റണിഗ്രൂപ്പില്‍ നിന്നടര്‍ത്തിയെടുത്ത വയലാര്‍ രവിയും ഏ കെ ആന്റണിയും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ആന്റണിയെ മുക്കാലിയില്‍ കെട്ടിയിട്ട് ചാണകത്തില്‍ മുക്കിയ ചാട്ടവാര്‍ കൊണ്ടടിക്കണമെന്ന് നാടുനീളെ നടന്ന് പ്രസംഗിച്ച അച്ചടക്ക ഭക്തനാണ് കെ മുരളീധരന്‍ എന്നത് ചരിത്രത്തിലെ ഫലിതങ്ങളില്‍ ഒന്നുമാത്രം. 1989 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അച്ഛന്‍ കരുണാകരന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ കോഴിക്കോട് പാര്‍ലമെന്റ് സീറ്റ് തളികയില്‍ വെച്ചുനല്കിയ കെപിസിസി അധ്യക്ഷനായിരുന്നു ഏ കെ ആന്റണി എന്ന കാര്യം പോലും മുരളീധരന്‍ വിസ്മരിച്ചു. എഐസിസി നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും വെല്ലുവിളിച്ച് ജില്ലകള്‍ തോറും സമാന്തര റാലി നടത്തുകയും എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയെ മദാമ്മ ഗാന്ധിയെന്നും രാഷ്ട്രീയകാര്യ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്ന് വിശേഷിപ്പിക്കുകയും ഹൈക്കമാന്‍ഡ് അല്ല ലോകമാന്‍ഡാണെന്ന് പരിഹസിക്കുകയും ചെയ്ത അച്ചടക്കക്കാരനാണ് കെ മുരളീധരന്‍. കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിക്കുകയും ഡിഐസിയെ എന്‍സിപിയില്‍ ലയിപ്പിച്ച് സംസ്ഥാന പ്രസിഡന്റാവുകയും ഒടുവില്‍ ഗതിയും പരഗതിയുമില്ലാതെ കോണ്‍ഗ്രസ് നേതാക്കളുടെ കാലുപിടിച്ച് കോണ്‍ഗ്രസില്‍ മടങ്ങിയെത്തുകയും ചെയ്ത, അച്ഛന്‍ കോണ്‍ഗ്രസിലേക്ക് മുന്നേ മടങ്ങിപ്പോയപ്പോള്‍ പിതാവ് മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയെന്നും ഇനി ആ വീട്ടിലേക്ക് കയറില്ലെന്നും പറഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമാക്കാതിരുന്നപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച് പരസ്യ പത്രസമ്മേളനം നടത്തുകയും ചെയ്ത കെ മുരളീധരനാണ് അച്ചടക്കത്തിന്റെ പടവാള്‍ ഉയര്‍ത്തുന്നത് എന്നത് സമകാലിക രാഷ്ട്രീയത്തിലെ അപഹാസ്യത. സ്വന്തം അനുയായിയും സ്തുതിപാഠകനുമായ കെ പ്രവീണ്‍ കുമാറിനെ കോഴിക്കോട് ഡിസിസി പ്രസിഡന്റാക്കിയപ്പോള്‍ സുധാകര-സതീശ ഭക്തനായി മുരളീധരന്‍. നേമം തെരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷം നേമത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ ആരെയും കിട്ടില്ല, തന്നെ മാത്രമേ കിട്ടുകയുള്ളൂവെന്നും അതേസമയം കെപിസിസി പ്രസിഡന്റാവാന്‍ പലരുമുണ്ടാവുമെന്നും കെ സുധാകരനെ അപഹസിച്ചു പറഞ്ഞയാളാണ് മുരളീധരന്‍ എന്നതും കൗതുകം പകരുന്നു.


ഇതുകൂടി വായിക്കുക:കെ സുധാകരന്റെ സെമികേഡര്‍ നിര്‍ദ്ദേശം; കേരളത്തില്‍ പ്രായോഗികമാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


1992ല്‍ കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അട്ടിമറി പ്രവര്‍ത്തനങ്ങളിലൂടെ പിടിച്ചെടുത്ത കെ സുധാകരന്‍ അന്നും തന്റെ മസില്‍രാഷ്ട്രീയം പുറത്തെടുത്തിരുന്നു. മുതിര്‍ന്ന നേതാവും ഡിസിസി പ്രസിഡന്റും തൊഴില്‍മന്ത്രിയുമായിരുന്ന എന്‍ രാമകൃഷ്ണന് ഡിസിസി ഓഫീസിലേക്കുള്ള പ്രവേശനം നിരോധിക്കുകയും കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. സുധാകരനുശേഷം ഡിസിസി പ്രസിഡന്റായി പി രാമകൃഷ്ണനും അനുഭവം അതായിരുന്നു. ഒടുവില്‍ ഡിസിസി ഓഫീസിന്റെ ഉമ്മറത്ത് കൊടിമരച്ചുവട്ടില്‍ പി രാമകൃഷ്ണന് നട്ടുച്ച വെയിലത്ത് കുത്തിയിരിക്കേണ്ടിവന്നു. പല പാര്‍ട്ടികള്‍ കയറിയിറങ്ങി ഒടുവില്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ സുധാകരന്‍ കെപിസിസി പ്രസിഡന്റാക്കിയില്ലെങ്കില്‍ സംഘപരിവാരശാലയിലേക്ക് പോകുമെന്ന ഭീഷണി പുറത്തെടുത്തപ്പോള്‍ എഐസിസി നേതൃത്വം കീടഴങ്ങി. സംഘപരിവാര മാനസമുള്ള കെപിസിസി അധ്യക്ഷന്‍ എന്ന ആക്ഷേപം കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ ഉയരുന്നു. വി ഡി സതീശനും എന്‍എസ്‌യു ദേശീയ സെക്രട്ടറിയായിരിക്കുമ്പോള്‍, തിരുത്തല്‍വാദ കോണ്‍ഗ്രസ് മുതല്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ വക്താവും പ്രയോക്താവുമാണ്. അന്ന് തിരുത്തല്‍വാദികളുടെ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ അട്ടിമറിച്ച് പ്രതിപക്ഷ നേതൃസ്ഥാനം സംഘടിപ്പിച്ചപ്പോള്‍ അച്ചടക്കത്തിന്റെ പടവാള്‍ എടുത്തു. സ്ഥാനമാനങ്ങള്‍ കിട്ടിയാല്‍ അപ്പോള്‍ അച്ചടക്കം വരുന്ന പാര്‍ട്ട‍ിയാണ് കോണ്‍ഗ്രസ്. മറ്റൊരു അച്ചടക്ക വിദഗ്ധന്‍ രാജ്മോഹന്‍ ഉണ്ണിത്താനാണ്. കൊല്ലം പാര്‍ലമെന്റില്‍ സ്ഥാനാര്‍ത്ഥിത്വം കിട്ടാതെ വന്നപ്പോള്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശൂരനാട് രാജശേഖരന്‍ സ്യൂട്ട്കെയ്സില്‍ പണവുമായി വന്ന് കെ മുരളീധരന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ച് സീറ്റ് ത‍ട്ടിയെടുത്തെന്നും കെപിസിസി ഓഫീസിലെ കുളിമുറിയെയും ബക്കറ്റിനെയുംകുറിച്ച് അശ്ലീല പരാമര്‍ശം നടത്തുകയും ചെയ്ത വ്യക്തിയാണ്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഉടുമുണ്ടഴിക്കല്‍ നാടകം അരങ്ങേറിയതിലും സുപ്രധാനിയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ബെന്നിബഹ്‌നാനും ടി സിദ്ധിഖും പി ടി തോമസും എം എം ഹസനുമെല്ലാം ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ പ്രതിഷേധിക്കുകയും പരസ്യപത്രസമ്മേളനം നടത്തുകയും ചെയ്തു. മുതിര്‍ന്ന നേതാക്കള്‍ എന്നു പറഞ്ഞുനടക്കുന്ന ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും വേണമെങ്കില്‍ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാമെന്നു വരെ ഉണ്ണിത്താന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഏഴ്-ഏഴ് ഡിസിസി പ്രസിഡന്റുമാരെ വീതംവയ്ക്കാമെന്ന് മോഹിച്ചിട്ടുണ്ടാവുമെന്നും അവരുടെ കാലത്ത് അതായിരുന്നു രീതിയെന്നും അതിനി സെമികേഡര്‍ പാര്‍ട്ടിയില്‍ നടക്കില്ലെന്നും വി ഡി സതീശന്‍ ധാര്‍ഷ്ട്യത്തോടെ പറഞ്ഞു. തങ്ങള്‍ അധികാരം കിട്ടിയപ്പോള്‍ ധാര്‍ഷ്ട്യത്തോടെയും അഹന്തയോടെയും പെരുമാറിയിട്ടില്ലെന്ന ചെന്നിത്തലയുടെ വാക്കുകള്‍ വി ഡി സതീശന്റെയും കെ സുധാകരന്റെയും പ്രസ്താവനകളെക്കുറിച്ചാണ്. ചര്‍ച്ച നടത്തി എന്ന് തെറ്റിദ്ധരിപ്പിച്ച് ഹെെക്കമാന്‍ഡിനെക്കൊണ്ട് ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന് ഉമ്മന്‍ചാണ്ടി പറയുമ്പോള്‍ കോണ്‍ഗ്രസിന്റെ ദുരവസ്ഥ വ്യക്തമാവും.

ശബരിമല പ്രക്ഷോഭത്തില്‍ കൊടി പിടിക്കാതെ സമരത്തിനു പോകാന്‍, സംഘപരിവാറുമായി കെെകോര്‍ത്തവര്‍ ഇന്ന് സംഘപരിവാരശാലയിലാണ്. ദേവസ്വംബോര്‍ഡ് പ്രസിഡന്റും എഐസിസി അംഗവുമായിരുന്ന രാമന്‍പിള്ളയും വനിതാക്കമ്മിഷന്‍ അംഗമായിരുന്ന സരളാദേവിയും ത്രിവര്‍ണ കൊടി ഉപേക്ഷിച്ച് കാവിക്കൊടി പുതച്ചു. കോണ്‍ഗ്രസ് ഹെെക്കമാന്‍ഡിന്റെ ഭാഗമായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ച പി സി ചാക്കോ കോണ്‍ഗ്രസ് ഉപേക്ഷിച്ചു. മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ലതികാ സുഭാഷ് തല മുണ്ഡനം ചെയ്ത് കോണ്‍ഗ്രസ് വിട്ടു. ദേശീയതലത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള കൂട്ടപലായനമാണ്. കേരളത്തിലാകട്ടെ എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമെ നാലും അഞ്ചും ആറും ഗ്രൂപ്പുകള്‍ ഉടലെടുത്തു കഴിഞ്ഞു. സെമി കേഡര്‍ പാര്‍ട്ടി എന്നാല്‍ ഗ്രൂപ്പ് വസന്ത പാര്‍ട്ടിയെന്നാണ് സാരം. ഇല പൊഴിയും ശിശിരകാലത്താണ് കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പല്‍. വാളെടുത്തവന്‍ വാളാല്‍ തന്നെ എന്നത് അന്വര്‍ത്ഥമാവുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.