June 6, 2023 Tuesday

സെമി ഹൈസ്‌പീഡ്‌ റയിൽവേ കോറിഡോർ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങുന്നു

Janayugom Webdesk
തിരുവനന്തപുരം
January 23, 2020 9:17 pm

കേരളത്തിന്റെ അഭിമാന ഗതാഗത പദ്ധതിയായ സെമി ഹൈസ്‌പീഡ്‌ റെയില്‍ ലൈനിന്‌ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉടൻ ആരംഭിക്കും. കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് റയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയ സാഹചര്യത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സാധ്യതാ പഠന റിപ്പോര്‍ട്ട്‌ പ്രകാരം 1,226 ഹെക്‌ടര്‍ ഭൂമിയാണ്‌ ഏറ്റെടുക്കേണ്ടത്‌. എന്നാല്‍, നിലവിലുള്ള റെയില്‍വേ ലൈനിന്‌ സമാന്തരമായി പുതിയ പാത പോകുന്ന ഭാഗത്ത്‌ റയില്‍വേക്കുള്ള അധിക ഭൂമി ഈ പദ്ധതിക്ക്‌ ഉപയോഗിക്കാമെന്ന്‌ റെയില്‍വേ മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്‌. ഉദ്ദേശം 200 ഹെക്‌ടര്‍ ഭൂമി ഈ നിലയില്‍ ലഭിക്കും. ബാക്കി ഏറ്റെടുത്താല്‍ മതി. സ്ഥലമെടുപ്പ്‌ വേഗത്തിലാക്കുന്നതിന്‌ ആവശ്യമായ ലാന്റ്‌ അക്വിസിഷന്‍ സെല്ലുകള്‍ ഉടൻ ആരംഭിക്കും.

യോഗത്തില്‍ പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരന്‍, ചീഫ്‌സെക്രട്ടറി ടോം ജോസ്‌, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, കേരള റെയില്‍ ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ എംഡി വി അജിത്‌ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിര്‍ദ്ദിഷ്‌ട സെമി ഹൈസ്‌പീഡ്‌ റയിലിലൂടെ ഓടുന്ന വണ്ടികളുടെ വേഗം 200 കിലോ മീറ്റര്‍ എന്നത്‌ റയില്‍വേ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്‌. അതനുസരിച്ച്‌ തിരുവനന്തപുരത്തു നിന്ന്‌ ഒന്നര മണിക്കൂര്‍ കൊണ്ട്‌ കൊച്ചിയിലും നാലു മണിക്കൂര്‍കൊണ്ട്‌ കാസര്‍കോട്ടും എത്താന്‍ കഴിയും. 532 കിലോ മീറ്ററാണ്‌ പാതയുടെ മൊത്തം നീളം. പാതയുടെ ആകാശ സര്‍വെയും ട്രാഫിക്‌ സര്‍വെയും പൂര്‍ത്തിയായി. 2020 മാര്‍ച്ചില്‍ അലൈന്‍മെന്റിന്‌ അവസാന രൂപമാകും.

ഈ വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കാനും 2024 ല്‍ പൂര്‍ത്തിയാക്കാനുമാണ്‌ ലക്ഷ്യം. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോട്‌ എന്നീ പത്ത്‌ സ്റ്റേഷനുകളാണുണ്ടാവുക. ട്രെയിന്‍ കോച്ചുകള്‍ക്ക്‌ ആഗോള നിലവാര മുണ്ടാകും. സ്റ്റേഷനുകളിലെ സൗകര്യങ്ങളും മികച്ചതായിരിക്കും. സെമി ഹൈസ്‌പീഡ്‌ റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ റോഡുകളിലെ തിരക്ക്‌ കുറയ്‌ക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ റയില്‍വേക്കും സംസ്ഥാന സര്‍ക്കാരിനും തുല്യ ഓഹരിയുള്ള കമ്പനിയാണ്‌ 66,000 കോടി രൂപ ചെലവു വരുന്ന പദ്ധതി ഏറ്റെടുക്കുന്നത്‌. അന്താരാഷ്‌ട്ര ധനകാര്യ ഏജന്‍സികളില്‍ നിന്ന്‌ വായ്‌പയെടുത്താണ്‌ പദ്ധതി നടപ്പാക്കുക. ജര്‍മ്മന്‍ ബാങ്ക്‌, ഏഷ്യന്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ബാങ്ക്‌, ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സി (ജൈക്ക) എന്നിവയുമായി വായ്‌പ സംബന്ധിച്ച്‌ ചര്‍ച്ച നടക്കുകയാണ്‌.

ദിവസം 7,500 കാറുകളെങ്കിലും റോഡില്‍ ഇറങ്ങില്ല. അഞ്ഞൂറോളം ചരക്കു ലോറികള്‍ റയില്‍ മാര്‍ഗ്ഗമുള്ള ചരക്കുനീക്കത്തിലേക്ക്‌ മാറും. ദേശീയ പാതകളിലെ അപകടം കുറയ്‌ക്കാന്‍ ഇതുകൊണ്ടു കഴിയും. സൗരോര്‍ജം പോലുള്ള ഹരിതോര്‍ജം ഉപയോഗിച്ച്‌ ട്രെയിന്‍ ഓടിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. പുതിയ പാതയുടെ നിര്‍മാണഘട്ടത്തില്‍ വര്‍ഷം അരലക്ഷം പ്രദേശവാസികള്‍ക്ക്‌ തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്‌. പദ്ധതി പൂര്‍ത്തിയായാല്‍ ഉദ്ദേശം പരോക്ഷ തൊഴില്‍ ഉള്‍പ്പെടെ 11,000 പേര്‍ക്ക്‌ ജോലി ലഭിക്കുമെന്നും കണക്കുകൂട്ടുന്നു.

Eng­lish Sum­ma­ry: Semi High Speed ​​Rail­way cor­ri­dor land acqui­si­tion process begins starts

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.