റവന്യു, ആദായ നികുതി വകുപ്പിന്റെ വഴിവിട്ട സേവനങ്ങള്‍ക്കായി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുതിര്‍ന്ന റവന്യു സര്‍വീസ് ഉദ്യോഗസ്ഥനെ സിബിഐ പിടികൂടി. നികുതിദായക സേവന ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അമിത് കുമാര്‍ സിന്‍ഗലാണ് പിടിയിലായത്. 2007 ബാച്ച് റവന്യു ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ സഹായി ഹാര്‍ഷ് കൊട്ടക് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പരാതിക്കാരനില്‍ നിന്നും കൈക്കൂലിയായി 25 ലക്ഷം രൂപ കൈപ്പറ്റാന്‍ ശ്രമിക്കുന്നതിനിടെ പഞ്ചാബ് മൊഹാലിയിലുള്ള സിന്‍ഗലിന്റെ വീട്ടില്‍ വച്ചാണ് ഹാര്‍ഷ് കൊട്ടകിനെ അന്വേഷണ സംഘം പിടികൂടിയത്. തുടര്‍ന്ന് ഡല്‍ഹിയിലെ വസന്ത് കുഞ്ചിലെ വസതിയിലെത്തി അമിത് കുമാര്‍ സിന്‍ഗലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പണം നല്‍കിയില്ലെങ്കില്‍ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി 45 ലക്ഷം രൂപയായിരുന്നു കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്.
ആദ്യ ഗഡുവായി 25 ലക്ഷം സ്വീകരിക്കുന്നതിനിടെയാണ് ഇരുവരും സിബിഐയുടെ കെണിയിലായത്. കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെ തുടര്‍ന്ന് സിന്‍ഗല്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി, പഞ്ചാബ്, മുംബൈ എന്നീ സ്ഥലങ്ങളില്‍ പരിശോധന നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.