Web Desk

തിരുവനന്തപുരം

February 18, 2020, 8:41 am

മുതിർന്ന മാധ്യമപ്രവർത്തകൻ എം എസ് മണി അന്തരിച്ചു

Janayugom Online

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം എസ്‌ മണി (79)  അന്തരിച്ചു. ഇന്നു പുലർച്ചെ തിരുവനന്തപുരം കുമാരപുരത്തെ കലാകൗമുദി ഗാർഡൻസിൽ വെച്ചായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് കുമാരപുരത്തെ വസതിയിൽ. കലാകൗമുദി ചീഫ് എഡിറ്ററും കേരള കൗമുദി മുൻ ചീഫ് എഡിറ്ററുമായിരുന്നു.

പത്രാധിപർ പത്മഭൂഷൺ കെ. സുകുമാരന്റെയും മാധവി സുകുമാരന്റെയും മകനായി 1941 നവംബർ 4ന് കൊല്ലം മയ്യനാടായിരുന്നു ജനനം. മലയാള സാഹിത്യത്തിലെയും പത്രപ്രവർത്തനത്തിലെയും കുലപതിയായ സി വി കുഞ്ഞുരാമന്റെ ചെറുമകനാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം വിദ്യാഭ്യാസകാലത്ത് സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സജീവ പ്രവർത്തകനായിരുന്നു. വിദ്യാഭ്യാസ കാലത്ത് രാജ്യത്തെ പ്രമുഖ സംസ്ഥാനങ്ങളെല്ലാം സന്ദർശിച്ചിട്ടുണ്ട്.

1961ൽ കേരളകൗമുദിയിൽ സ്റ്റാഫ് റിപ്പോർട്ടറായി ചേർന്നു. 1962 ൽ ഡൽഹിയിൽ കേരളകൗമുദിയുടെ പാർലമെന്റ് റിപ്പോർട്ടറായി നിയമിതനായി. അറുപതുകളുടെ തുടക്കം മുതൽ അദ്ദേഹം ലോക്‌സഭയിലെയും രാജ്യസഭയിലെയും വാർത്തകൾ റിപ്പോർട്ട് ചെയ്തു. നിരവധി എക്സ്ക്ലൂസീവ് വാർത്തകൾ അദ്ദേഹം റിപ്പോർട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പും ഇന്ത്യൻ യൂണിയനോട് ചേർക്കാൻ ഗോവയിൽ ഇന്ത്യൻ സൈന്യം പ്രവേശിച്ചതുമൊക്കെ അദ്ദേഹത്തിന്റെ എക്സ്ക്ളൂസീവ് വാർത്തകളായിരുന്നു. അക്കാലത്ത് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ കെ ഗോപാലനോടൊപ്പം വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ നിരവധി യോഗങ്ങളിൽ പങ്കെടുത്തു. 1962ൽ ചൈനീസ് സൈന്യം അസമിലും മേഘാലയയിലും കടന്നു കയറിയ വാർത്തയും അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റ സൈനികരെ ഏറ്റുവാങ്ങാൻ ബോംധിലയിലെത്തിയ ഇന്ത്യൻ റെഡ്ക്രോസ് സംഘത്തോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു.

അക്കാലത്ത് ബോംധിലയിലെ ആദിവാസികളെക്കുറിച്ച് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. 1965ല്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹം പിതാവായ പത്രാധിപര്‍ കെ. സുകുമാരന്റെ കീഴില്‍ കേരളകൗമുദിയുടെ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തു. ഇക്കാലത്തെ അദ്ദേഹത്തിന്റെ എകസ്‌ക്ലൂസീവ് റിപ്പോര്‍ട്ടുകള്‍ കേരളകൗമുദി ദിനപത്രത്തിന്റെ വിശ്വാസ്യതയും പ്രചാരവും വര്‍ദ്ധിപ്പിച്ചു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരുകളെ വീഴ്ത്തുകയും പുതിയ സര്‍ക്കാരുകളെ വാഴിക്കുകയും ചെയ്തിട്ടുണ്ട്.

1965ൽ അദ്ദേഹം മുരുക്കുംപുഴ ദാമോദരൻ മുതലാളിയുടെ മകൾ ഡോ. കസ്തൂരിബായിയെ വിവാഹം ചെയ്തു. കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും എതിര്‍പ്പ് മറികടന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വി കെ കൃഷ്ണമേനോനെ ജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുടെ ക്ഷണം അനുസരിച്ച് അദ്ദേഹം ആ രാജ്യം സന്ദര്‍ശിച്ചു. പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റുമാരുടെയും സംഘത്തോടൊപ്പം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെ. ആര്‍ നാരായണനെ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയും ആക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച കേരളകൗമുദിയിലെ മുഖപ്രസംഗം അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.

1975ൽ അദ്ദേഹം കലാകൗമുദി വാരികയ്ക്ക് തുടക്കമിട്ടു. ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി അംഗമായും നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് അംഗമായിരുന്നു. പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേസരി അവാർഡും അംബേദ്കർ അവാർഡും നേടിയിട്ടുണ്ട്. മക്കൾ: വത്സ മണി (കേരളകൗമുദി പത്രാധിപസമിതിയംഗം), സുകുമാരൻ മണി (മാനജിംഗ് എഡിറ്റർ, കലാകൗമുദി).

Eng­lish Sum­ma­ry; Senior jour­nal­ist MS Mani passed away