മുതിർന്ന മലയാള ചലച്ചിത്ര സംവിധായകൻ എ ബി രാജ് അന്തരിച്ചു

Web Desk
Posted on August 24, 2020, 10:16 am

മുതിർന്ന മലയാള ചലച്ചിത്ര സംവിധായകൻ എ ബി രാജ് (രാജ് ആന്റണി ഭാസ്കർ) അന്തരിച്ചു. 1951 മുതൽ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്ന സംവിധായകനാണ്. നടി ശരണ്യ പൊൻവണ്ണൻ ഉൾപ്പടെ മൂന്ന് മക്കളുണ്ട്. ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും മകനായി 1929 ൽ മധുരയിലായിരുന്നു ജനനം.

തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കാതെ 1947 ൽ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. 11 വർഷക്കാലം ശ്രീലങ്കയിലായിരുന്നു. 11 സിംഹള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ ചിത്രം ‘കളിയല്ല കല്യാണം’, തുടർന്ന് കണ്ണൂർ ഡീലക്സ്, ഡെയ്ഞ്ചർ ബിസ്കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, പച്ചനോട്ടുകൾ, കഴുകൻ, ഇരുമ്പഴികൾ, സൂര്യവംശം, അഗ്നിശരം, അടിമച്ചങ്ങല, ഫുട്ബോൾ ചാമ്ബ്യൻ, ഹണിമൂൺ, രഹസ്യരാത്രി, ഉല്ലാസയാത്ര, ഹലോ ഡാർലിംഗ്, അഷ്ടമി രോഹിണി, ചീഫ് ഗസ്റ്റ്, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ്, ആക്രോശം, താളം തെറ്റിയ താരാട്ട് തുടങ്ങിയവ ഉൾപ്പടെ 65 മലയാള ചിത്രങ്ങൾ സംവിധാനം ചെയ്തു.

സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഭൂരിഭാഗവും ഹിറ്റായിരുന്നു. 1949ൽ സേലം മോഡേൺ തിയേറ്ററിൽ അപ്രന്റീസായി പ്രവേശിച്ച് രാജ് ടി ആർ സുന്ദരത്തിന്റെ കീഴിൽ പരിശീലനം നേടി. ഹരിഹരൻ, ഐ വി ശശി, പി ചന്ദ്രകുമാർ, രാജശേഖരൻ തുടങ്ങിയവർ എ ബി രാജിന്റെ ശിഷ്യരാണ്.

Eng­lish sum­ma­ry; Senior Malay­alam film direc­tor AB Raj pass­es away

You may also like this video;